ആയിരത്തി തൊള്ളായിരത്തി നാല്പത്തിയാറ് ഡിസംബര്‍ മാസം ഇരുപതാം തിയതി, പൊന്നാനി താലൂക്ക് വടക്കെക്കാടംശം തെക്കെക്കാട് ദേശത്ത് പിതാവ് കാരക്കാട്ടയില്‍ മുഹമ്മദിന്, മാതാവ് പന്തലയനിതറയില്‍ പാത്തമ്മയില്‍ അഞ്ചാമത്തെ സന്താനമായി ഞാന്‍ ജനിച്ചു.
        
            ഇങ്ങിനെ തുടങ്ങിയതില്‍ മുഷിവ് തോന്നരുത്. പിതാവ്  അദ്ധ്യാപകനായിരുന്നു. അതില്‍ കൂടുതലായി അദ്ദേഹം ആ പ്രദേശത്തെ മുഴുവന്‍ ഭാഗപത്രങ്ങള്‍, വസ്തു തര്‍ക്കങ്ങള്‍, ആധാരമെഴുത്ത് എന്നിവ കൈകാര്യം ചെയ്തിരുന്ന വ്യക്തി ആയിരുന്നു. (അതാണ് അദ്ദേഹത്തെ ഓര്‍മ്മിച്ചുകൊണ്ട് ആധാരമെഴുത്തിന്‍റെ അന്നത്തെ ശൈലിയില്‍ തുടങ്ങിയത്) ഇത്തരം ആവശ്യങ്ങള്‍ക്ക് ധാരാളം പേര്‍ അന്നൊക്കെ 'കയ്യാല' യില്‍ ഉപ്പയെ കാണാന്‍  വരുമായിരുന്നു. മലബാറിന്‍റെ ഭാഗമായിരുന്ന ആ പ്രദേശത്ത് എഴുത്തും വായനയും അറിയുന്നവര്‍ നന്നെ കുറവായിരുന്നു.  അവകാശികൾ തമ്മിലുണ്ടായ ഒരു സ്വത്തു തർക്കത്തിൽ പൊന്നാനി മുൻസീഫ് കോടതിയിൽ അദ്ദേഹമെഴുതിയ ഒരാധാരം തെളിവ് രേഖയായി സമർപ്പിച്ചിരുന്നത് പൊക്കി  "ഈ ആധാരമെഴുതിയത് ഒരഡ്വക്കേറ്റാണോ?" എന്ന മുൻസീഫിൻെറ ചോദ്യം അദ്ദേഹത്തിൻെറ പ്രവർത്തന മണ്ഡലത്തിലെ ഒരു പൊൻ തൂവലാണ്.
പിതാവ്

            കൂട്ടു കുടുംബമായിരുന്നു ഞങ്ങളുടേത്. തെങ്ങിന്‍ തോപ്പുകളും പുഞ്ച കൃഷിസ്ഥലവും, നെല്‍പാടങ്ങളുമെല്ലാം സ്വന്തമായി ഉണ്ടായിരുന്നു. ഉപ്പയുടെ അനുജന്‍ എളാപ്പയും, ഭാര്യയും (എളേമ) അദ്ധ്യാപകരായിരുന്നു. എനിക്ക് ഓര്‍മ്മ വച്ചതു മുതല്‍ അവർ കൊച്ചന്നൂർ സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു.  ഉപ്പയുടെ മൂന്ന് പെങ്ങമ്മാരില്‍, മൂത്തപെങ്ങളെ കല്യാണം കഴിച്ചു കൊടുത്തത് ഉമ്മയുടെ തറവാട്ടിലേക്കാണ്. ഇളയ രണ്ടുപേരെ  കല്യാണം കഴിച്ചത് തലശ്ശേരിക്കാരായ വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗമുള്ള ജ്യേഷ്ഠാനുജന്മാരായിരുന്നു. ഉപ്പയുമായുണ്ടായ പരിചയമാണ് അതിന് കാരണം. മതപരമായ കാര്യങ്ങളില്‍ അത്ര നിഷ്കര്‍ഷ ഒന്നും ഉണ്ടായിരുന്ന ആളല്ല ഉപ്പ. വിദ്യാഭ്യാസത്തിലായിരുന്നു ഊന്നല്‍. ഉപ്പയുടെ പിതാവും (വല്ലിപ്പ) അദ്ധ്യാപകനായിരുന്നു.

            അക്കാലത്തൊന്നും പേർഷ്യയിൽ പോക്കില്ല. അന്ന് ആ നാട്ടില്‍ നിന്നെല്ലാം ധാരാളം പേര്‍ മലായ, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ പോകാനായി പാസ്പോര്‍ട്ട് തയ്യാറാക്കാന്‍ എളാപ്പയുടെ അടുത്ത് വരും. രണ്ട് ടൈപ്പ് റൈറ്റിംഗ് മെഷീനുകൾ അന്ന് അവിടെ ഉണ്ടായിരുന്നു. ഒറ്റ വിരല്‍ കൊണ്ടുള്ള  ടൈപ്പിങ് രീതിയാണ് ചെയ്തിരുന്നത്.  അദ്ദേഹം 1971 ല്‍ ഹ്യദയസ്തംഭനം മൂലം പെട്ടന്ന് മരിച്ചു. എന്‍റെ ഉപ്പയേക്കാൾ വളരെ പ്രായം കുറവായിരുന്നു, 50 ല്‍ താഴെയായിരുന്നു മരിക്കുമ്പോൾ പ്രായം..നല്ല പുകവലി ഉണ്ടായിരുന്നു.

           ഉപ്പയുടെ അമ്മായിയുടെ മകളാണ് ഉമ്മ (കസിൻ). ഉമ്മയുടെ ആങ്ങള ഉപ്പയുടെ മൂത്ത പെങ്ങളെ കല്യാണം കഴിച്ചു. അവര്‍ പത്തു മക്കളായിരുന്നു. അഞ്ച് അണ്, അഞ്ച് പെണ്ണ്. അന്നൊക്കെ രക്തബന്ധങ്ങളില്‍ നിന്നു തന്നെയാണ്  കല്യാണങ്ങള്‍ അധികവും നടന്നിരുന്നത്. ആ പ്രദേശത്തുകാര്‍ തമ്മില്‍ എന്തെങ്കിലുമൊക്കെ ബന്ധങ്ങള്‍ കാണും. അതിപ്പോഴും അങ്ങനെയാണ്.


മാതാവ്

           ഉപ്പയുടെ ആദ്യത്തെ ഭാര്യ മരിച്ചു പോയി. പിന്നീട് കഴിച്ച ഭാര്യയില്‍ ഒരു കുഞ്ഞുണ്ടായ ശേഷം, അവരെ എന്തോ കാരണത്താല്‍ വിവാഹ മോചനം നടത്തി. ഉപ്പ ചെറുപ്രായത്തില്‍ നല്ല വാശിക്കാരനായിരുന്നു. അതിനാല്‍ വല്ലിപ്പ ഉപ്പയുടെ അടുത്ത കല്യാണം സ്വന്തം പെങ്ങളുടെ മോളെക്കൊണ്ട് നടത്തി. അതാണ് എന്‍റെ ഉമ്മ. അവര്‍ തമ്മില്‍ പതിനഞ്ച് വയസ്സോളം പ്രായ വ്യത്യാസമുണ്ട്. അന്ന് അതൊന്നും പ്രശ്നമല്ല. വെല്ലിമ്മ ഉപ്പയെ പ്രസവിച്ചത്  പതിമൂന്ന് വയസിലാണത്രെ. പിന്നെ പത്തോ പന്ത്രണ്ടോ കൊല്ലം കഴിഞ്ഞാണ്  മൂത്ത  പെങ്ങളെ (എന്‍റെ മൂത്ത അമ്മായിയെ) പ്രസവിച്ചത്.

       ഉപ്പാക്ക് ആദ്യം ജനിച്ച കുട്ടിയാണ് ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട ഹമീദ്ക്ക (2016 ല്‍ മരിച്ചു). നന്നെ ചെറുപ്പത്തില്‍ കൊണ്ടുവന്ന കുട്ടിയെ എന്‍റെ ഉമ്മയും വല്ലിമ്മയും (ഉപ്പയുടെ ഉമ്മ) കൂടിയാണ് വളര്‍ത്തിയത്. പ്രസവിച്ചത് എന്‍റെ ഉമ്മയല്ല എന്നു ഞാന്‍ മനസ്സിലാക്കിത് വളരെ മുതിര്‍ന്നതിന് ശേഷമാണ്.                അതിനുണ്ടായ കാരണം എന്തെന്നാല്‍ ഹമീദ്ക്കയെ ഒന്നു കാണാന്‍ പ്രസവിച്ച ഉമ്മ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴേക്കും അവരെ ഒരു ഹാജിയാര്‍ കല്യാണം കഴിച്ച് നാലഞ്ചു മക്കളായിക്കഴിഞ്ഞിരുന്നു. സങ്കോചം കൊണ്ടാണോ അതോ വേറെ ഒരു ഉമ്മ വേണ്ട എന്നുതോന്നീട്ടോ ഹമീദ്ക്ക പോകാന്‍ കൂട്ടാക്കിയിരുന്നില്ല. (വളര്‍ത്തുമ്മയോട് അത്രക്ക് സ്നേഹമായിരുന്നു ) വളരെ പേരുടെ നിര്‍ബന്ധം കൊണ്ടും പ്രേരണക്കും ശേഷവുമാണ്, അവസാനം പോയി കണ്ടത്. പിന്നീട് ആ സഹോദരീ സഹോദരന്മാരെല്ലാം ഹമീദ്ക്കയെ മൂത്ത  ജ്യേഷ്ഠനായി അംഗീകരിക്കുകയും അവരുമായി നല്ല അടുപ്പത്തിലാവുകയും ചെയ്തു . അതില്‍ പലരും വിദേശത്ത് പോയി സമ്പാദ്യമുള്ളവരുമായി.    

      കേരളത്തിൻ്റെതീരദേശത്തിൽ പെട്ട, വടക്കെകാട് തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു. വെള്ളക്കെട്ടുകൾ ഇല്ലാത്ത സ്ഥലം. പറമ്പുകൾ മിക്കതും വലുതായതു കൊണ്ട് വീടുകൾ എല്ലാം അകന്നകന്നാണ്, വേലികളില്ല. തെങ്ങുകളും നാലഞ്ച് മാവുകളും മാത്രമേ മരങ്ങളായി ഉണ്ടായിരുന്നുള്ളു.  അധികവും മൂവാണ്ടൻ മാവ്. അതിർത്തികൾ കാണില്ല. പറമ്പുകൾ വിശാലമായി അങ്ങിനെ കിടക്കും. ഏതിലെ വേണമെങ്കിലും വഴിനടക്കാം, വീടുകളുടെ മുറ്റത്തു കൂടെ പോകുമ്പോൾ അവർ കുശലം ചോദിക്കും. എവിടെയും സൗഹൃദംമാത്രം.

              ഞങ്ങളുടെത് സാമാന്യം വലിയ പറമ്പായിരുന്നു. രണ്ട് അമ്മായിമാർക്ക് സ്ത്രീധനമായി തിരിച്ചിട്ട വേറെ രണ്ട് പറമ്പുകളും ഉമ്മാക്ക് സ്ത്രീധനമായി കിട്ടിയ ഒരു ചെറിയ പറമ്പും അടുത്ത് കുറച്ച് മാറി ഉണ്ടായിരുന്നു. താമസിച്ചിരുന്ന പറമ്പിൻ്റെ മൂന്ന് ഭാഗവും നെൽപാടങ്ങൾ. വടക്ക്ഭാഗത്ത് അതി വിശാലമായ നെൽപാടങ്ങളായിരുന്നു. പറമ്പിൽ സൂര്യപ്രകാശം എപ്പോഴും കാണും. പൂഴിമണൽ ആയതുകൊണ്ട് പുല്ലധികം കാണില്ല. ഞങ്ങൾ പല പ്രായത്തിലുള്ള കുട്ടികൾ അഞ്ചാറെണ്ണം.. തെങ്ങുകളുടെ ഇടയിൽ കളിക്കാൻ ഇഷ്ടംപോലെ സ്ഥലം. കളി കഴിഞ്ഞ് പറമ്പിൻ്റെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള കുളത്തിലേക്ക് ജാഥയായി ഒരു പോക്കുണ്ട്. "കയ്യും കാലും കഴുകാൻ ആരുണ്ട്?"   "ഞാനുണ്ട്"  അതാണ് മുദ്രാവാക്യം.

                    കളി  പ്രായമെല്ലാം കഴിഞ്ഞ് കുട്ടികളെ സ്കൂളിൽ ചേർക്കേണ്ട പ്രായമായപ്പോൾ രക്ഷിതാക്കൾ ചിന്ത തുടങ്ങിക്കാണും. സ്കൂളുകൾ അടുത്തില്ല. എൽ പി സ്കൂളിലേക്ക് രണ്ടു കിലോ മീറ്റർ, ഹൈസ്കൂളിലേക്ക് അഞ്ചു കിലോമീറ്റർ. അത്രയും ദൂരം നടന്നു തന്നെ പോകണം. മുതിർന്ന കുട്ടികൾക്ക് പ്രയാസമായിത്തുടങ്ങി. വിദ്യാഭ്യാസ വകുപ്പിൽ ജോലിക്കാരായ സഹോദരന്മാർ കല്യാണം കഴിച്ച അമ്മായിമാരിൽ മൂത്തയാൾ കോഴിക്കോട്ടും , ചെറിയ അമ്മായി മഞ്ചേരിയിലും കുറെനാൾ താമസിച്ചിരുന്നു.  രണ്ടിടത്തും ഞാൻ പോയിട്ടുണ്ട് . മഞ്ചേരിയിലെ റോഡിൽ നിന്ന് ഉയരത്തിലുള്ള വാടകവീടും. അവിടത്തെ ചെണ്ടുമല്ലിപ്പൂക്കളും, പറമ്പിലെ ആഴത്തിലുള്ള കക്കൂസ് കുഴിയും. അതിൽ അയൽപക്കത്തെ ഒരു ആട് വീണതും, ഇപ്പോഴും ഓർക്കുന്നു. അവിടെയാണ് ചെണ്ടുമല്ലി ആദ്യമായി കാണുന്നത്. ഇപ്പോഴും ചെണ്ടുമല്ലിയില ഞെരടി മണപ്പിച്ചാൽ ആ വീടും പരിസരവും ഉടനെ ഓർമ്മയിൽ ഓടിയെത്തും.  പിന്നീട് ചെറിയ അമ്മായി വടക്കേക്കാട് കുറച്ചു കാലം ഉണ്ടായിരുന്നു. 

                  കോഴിക്കോട്ടെ അമ്മായിയുടെ ഭർത്താവ് ജോലിയിൽ നിന്ന് വിരമിച്ച ശേഷം കുറച്ചു നാൾ ചന്ദ്രിക പ്രസ്സിൻ്റെ (ദിനപത്രത്തിൻ്റെ) മേനേജരായിരുന്നു. പ്രസ്സ് കാണാൻ പോയി. ഒരു മൂലയിൽ ആരും ഇല്ലാതെ തന്നെത്താൻ അടിച്ചു കൊണ്ടിരിക്കുന്ന ഉയരത്തിലുള്ള ഒരു ടൈപ്പ് റൈറ്റർ കണ്ട് അതിശയമായി. അതിന് മുൻപ്  ടൈപ്പ് റൈറ്റർ  കണ്ടിട്ടുള്ളത് കൊണ്ടാണ് ഞാൻ അതിശയിച്ചത്. അല്ലെങ്കിൽ ഏതൊ ഒരു മെഷീൻ എന്നേ കരുതൂ. അതാണ് ടെലിപ്രിൻ്റർ എന്ന് പിന്നീട് മനസിലായി. ടാറിട്ട വീതിയുള്ള  റോഡും, കുതിര വണ്ടിയും, ആദ്യമായി കണ്ടു. ആദ്യമായി സിനിമ കാണുന്നതും അവിടെ വെച്ച്, ജീവിത നൗക. കസിൻ ജലീൽ ഭായി എനിക്ക്  ഫ്യൂസായ ഒരു ബൾബ് തന്നു. ഞാൻ ആദ്യമായി കാണുന്ന സാധനം. അത് ഒരു നിധി പോലെ സൂക്ഷിച്ചു. തറവാട്ടിൽ മടങ്ങിയെത്തി കുറെനാൾ ടോർച്ചായി സങ്കൽപിച്ച് അതുകൊണ്ട് കളിച്ചു. ഒരു ദിവസം അതുമായി ഒടിക്കളിക്കവേ തെങ്ങുമായി കൂട്ടിയിടിച്ച് തകർന്ന് തരിപ്പണമായി. ബൾബിലേക്ക് നോക്കി ആസ്വദിച്ചു കൊണ്ടായിരുന്നല്ലോ ഓട്ടം. ലോകം കീഴ്മേൽ മറിഞ്ഞ പ്രതീതി.

     ഏറ്റവും അടുത്തുള്ളത് കല്ല്ങ്ങൽ സ്കൂളായിരുന്നു. അവിടെ അഞ്ചാം ക്ലാസ്സ് വരെ മാത്രമെയുള്ളു .അവിടുത്തെ പ്രധാനാധ്യാപകനായിരുന്നു എൻ്റെ ഉപ്പ. (ഉപ്പ പിന്നീട് സ്കൂൾ ജോലി രാജി വച്ചു).   എന്നാൽ എന്നെ ഒന്നാംക്ലാസ്സിൽ ചേർത്തത് അവിടെയല്ല. രണ്ട് കിലോമീറ്ററോളം ദൂരമുള്ള കൗക്കാനപ്പെട്ടി സ്കൂളിലാണ് . എൻ്റെ ചെറിയ താത്തയും ചെറിയ അമ്മായിയുടെ മൂത്ത മകളും പഠിച്ചിരുന്നത് അവിടെയാണ്. അവർ മൂന്നാം ക്ലാസ്സിൽ ആയിരുന്നിരിക്കണം. കൗക്കാനപ്പെട്ടി സ്കൂളിൽ ഓത്തും പഠിപ്പിക്കുന്നുണ്ട്. അതിനായിരിക്കണം അവരുടെ കൂടെ എന്നെ വിട്ടത് എന്നു തോന്നുന്നു.  തെങ്ങും പറമ്പുകളും പാടവും ഒക്കെ താണ്ടിവേണം സ്കൂളിൽ എത്താൻ. അതുകൊണ്ട് ദൂരം നിശ്ചയിക്കാൻ എളുപ്പമല്ല. പോകുന്ന വഴിയിൽ ഒരു തോടുണ്ട്. ആ തോട്ടിൽ ഇറങ്ങിക്കയറണം. ആ തോട്ടിലൂടെയാണ് ഞമനേങ്ങാട് മെയിൻ പൊസ്റ്റാഫീസിൽ നിന്ന് കല്ല്ങ്ങൽ പോസ്റ്റിഫീസിലേക്ക് അഞ്ചലോട്ടക്കാരൻ തപാൽ കൊണ്ടുപോവുക. അയാൾ ഒരു കാക്കി സഞ്ചിയും തോളിലിട്ട് കയ്യിൽ ഒരു ചെറിയ കുന്തവും നീട്ടിപ്പിടിച്ച് ഓട്ടമാണ്. ഒരു മണികിലുക്കവും ഉണ്ടാവും. അവിടെ എത്തിയാൽ മണികിലുക്കം കേൾക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കും. ഒച്ച കേട്ടാൽ തോട്ടിലിറങ്ങില്ല. ചേച്ചിമാർ കൈപിടിച്ചു വലിച്ചാലും പോവില്ല. തെങ്ങിൻ്റെ മറവിലൊളിക്കും.  കാരണം അഞ്ചലോട്ടക്കാരൻ്റെ മുന്നിൽ പെട്ടാൽ അയാൾ കുന്തത്തിൽ കോർക്കും. അയാൾക്ക് വഴിയിൽ തടസ്സങ്ങളൊന്നും പാടില്ല. അങ്ങനെയാണ് പറഞ്ഞു തന്നിട്ടുള്ളത്. ചെറുപ്പത്തിൽ കളിയാക്കാനായി മുതിർന്നവർ പറയുന്നതെല്ലാം അങ്ങിനെയങ്ങ് വിശ്വസിക്കാറാണല്ലോ പതിവ്. 

         ഓത്തു പഠിക്കാൻ, ഒരു പലകയിൽ ചെവിടിമണ്ണ് പൂശി ഉണക്കികൊണ്ടു ചെന്നാൽ മുസ്ലിയാർ (ഉസ്താദ്) പാഠം അതിൽ എഴുതിത്തരും അതു പഠിച്ചു കഴിഞ്ഞാൽ (അതിന്  മൂന്നാലുദിവസമെടുക്കും). മറ്റൊരു കുട്ടിയുമൊരുമിച്ച് അടുത്തുള്ള കുളത്തിലേക്ക് വിടും . അവിടെപോയി ചെവിടിമണ്ണ് വാരി പലകയിൽ പൂശി ഉണക്കണം. പത്തു മണിക്ക് സ്കൂൾ  ബെല്ലടിക്കുന്നതിന് മുൻപ് പലകയുണങ്ങില്ല. അന്നത്തെ ഓത്തു പഠനം തീർന്നു. പലകയിൽ കളിമൺ പൂശുന്ന പരിപാടി ഇഷ്ടമാണ്. കുളത്തിലേക്ക് പോയാൽ മീനുകൾ ഓടിപ്പായുന്നത് കാണാം. തവളകളെ കല്ലെറിയാം. കൂടെയുള്ള ആൾ സഹകരിച്ചാലെ ഇതെല്ലാം നടക്കൂ.  മുസലിയാരുടെ 'ചംച' യാണെങ്കിൽ പറഞ്ഞു കൊടുക്കും. ഇതൊക്കെയേ ഓർമ്മയുള്ളു. പഠിച്ചതൊന്നും ഒർമ്മയില്ല. ഒന്നാം ക്ലാസ്സിൽ ആദ്യവർഷം  എനിക്ക് ക്ലാസ്സ് കയറ്റം കിട്ടീട്ടില്ല. അന്നൊക്കെ ഒന്നാംക്ലാസ്സിൽ എപ്പോൾ വേണമെങ്കിലും ചേർക്കാം. ആദ്യ കൊല്ലം സ്കൂൾ തുറന്നു കുറെ കഴിഞ്ഞാണെന്നു തോന്നുന്നു  എന്നെ ചേർത്തത്. വീട്ടിൽ എൻ്റെ ഒന്ന് രണ്ടു വയസ്സ് താഴെ എളാപ്പയുടെ മോനും അമ്മായിയുടെ മകളുമുണ്ട്. ഒരുപക്ഷെ അവരുമായുള്ള മൽപിടുത്തം കുറക്കാനായിരിക്കാം എന്നെ നേരത്തെ സ്കൂളിൽ ചേർത്തത്. ഇതെല്ലാം ഊഹം മാത്രമാണ്. ഇങ്ങനെ എഴുതാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാം നേരത്തെ ചോദിച്ചറിഞ്ഞ് വക്കാമായിരുന്നു 😀.

             ഒന്നാം ക്ലാസ്സിൽ രണ്ടാം കൊല്ലം ഞാൻ ക്ലാസ്സിൽ 'ഷൈൻ' ചെയ്യാൻ തുടങ്ങി. മനക്കണക്കെല്ലാം എനിക്കെളുപ്പമായിരുന്നു. ഒരു മാസത്തിൽ എത്ര ആഴ്ചയാണ് എന്ന് ടീച്ചർ ഒരിക്കൽ ചോദിച്ചതിന് കുട്ടികൾ ഉത്തരം പറയാതെ ചോദ്യം എൻ്റെ അടുത്ത് എത്തും എന്നായപ്പോൾ റെഡിമെയ്ഡ് ഉത്തരമറിയാത്ത ഞാൻ മനസ്സിൽ കണക്കു കൂട്ടി. നാലാഴ്ച 28 ദിവസമേ ആകുന്നുള്ളു,  ബാക്കി രണ്ടു ദിവസത്തിനെന്തു ചെയ്യും. അപ്പോൾ ഉത്തരം തെറ്റുമല്ലോ . പറയാൻ ഞാൻ മടിച്ചു. അടുത്ത കുട്ടി നാലാഴ്ച എന്ന് പറഞ്ഞപ്പോൾ ഞാൻ വിഷമിച്ചു. നാലാഴ്ചയും രണ്ട് ദിവസവും എന്നെനിക്ക് പറയാമായിരുന്നു. അറിവുണ്ടായിരുന്നിട്ടും ഉത്തരം അന്ന് പറയാതിരുന്നതിൻറ വിഷമം ഇപ്പോഴും തീർന്നിട്ടില്ല എന്നതിന്  തെളിവായിട്ടാണ് ഇതിവിടെ കുറിച്ചത്.

          ആ പ്രദേശത്തെ ജീവിതം അതിമധുരമുള്ളതായിരുന്നു. ഉമ്മാക്ക്  നാലു സഹോദരിമാരും അഞ്ചു സഹോദരന്മാരുമുണ്ടായിരുന്നു എന്നു പറഞ്ഞുവല്ലോ. പിന്നെ ഉമ്മയുടെ മറ്റു കുടുംബക്കാരും,  വെല്ലിമ്മയുടെ കുടുംബക്കാരും എല്ലാം മൂന്നു കിലോമീറ്ററിനുള്ളിൽ. കല്യാണങ്ങൾ വീടുക ളിൽ തന്നെ. പന്തലിടും. അലങ്കരിക്കാൻ ഈന്തപ്പട്ട കുരുത്തോല. ചുറ്റുവട്ടത്തെ വീടുകളിലെ  കട്ടിലുകളിൽ മെത്തപ്പായ വിരിച്ച് പന്തലുകളിൽ ഇട്ടിരിക്കും. അതാണ് ഇരിപ്പിടം. പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ടാവും ആണുങ്ങൾക്ക് ചിലപ്പോൾ കസാലകൾ (അടുത്ത വീടുകളിൽ ഉണ്ടെങ്കിൽ) ഇട്ടിരിക്കും. ഭക്ഷണം ഉമ്മറങ്ങളിൽ പായ വിരിച്ച് വലിയ തളികയിൽ നെയ്ചോറ്, കറിയായി  പോത്തിറച്ചി, പരിപ്പ് കറി, കച്ചംമ്പർ (സബോള + വിനീഗർ + പച്ചമുളക്) പപ്പടം. ഇത്രയേ കാണൂ. അന്ന് ബിരിയാണിയൊന്നുമില്ല. 1951ൽ ഉപ്പയാണ് ഒരു 'ചെയ്ഞ്ചി'ന്  വേണ്ടി മൂത്ത താത്ത യുടെ നിക്കാഹിന് (അന്നൊക്കെ കല്യാണം പിന്നീട് ) ആദ്യമായി ആ നാട്ടിൽ ബിരിയാണി കൊണ്ടു വന്നത്. അതിൻ്റെ രസം പിന്നീട് പറയാം. 

       അന്നത്തെ  കല്യാണങ്ങളെല്ലാം. കുടുംബക്കാരുടേയും നാട്ടുകാരുടേയും സജീവ സഹകരണത്തോടെയും ഉത്സാഹത്തോടേയുമാണ് നടന്നിരുന്നത്. സാധനസാമഗ്രികൾ വാടകക്ക് കിട്ടുന്ന കടകളൊന്നും അന്നില്ല. അതെല്ലാം ചുറ്റു വട്ടത്തുള്ള മലായക്കാരുടെ വീടുകളിൽ നിന്ന് സംഘടിപ്പിക്കും.

           അന്ന്  പേർഷ്യയിൽ പോക്കില്ല എന്ന് പറഞ്ഞുവല്ലോ, അതെല്ലാം അറുപതുകളിലേ തുടങ്ങീട്ടുള്ളു. ഞാനെഴുതുന്നത് അമ്പതുകളിലെ കാര്യങ്ങളാണ്. സിങ്കപ്പൂർ, കോലാലംപൂർ. എന്നിവിടങ്ങളിലേക്കാണ് പോക്ക്. അവിടെ ചില്ലറ കച്ചവടം, അവിടെയുള്ള ബ്രിട്ടീഷുകാരുടെ സഹായികൾ ആവാൻ ഭാഗ്യം കിട്ടിയവർ. അവർ അവിടം വിട്ടുപോവുമ്പോൾ  ഇട്ടേച്ചുപോയ സ്വത്ത് കിട്ടിയവർ. (അങ്ങനെയുള്ള കുറച്ചു പേർ ഉണ്ട് നാട്ടിൽ). അവരെല്ലാം ഒന്നു രണ്ട് കൊല്ലം കൂടുമ്പോൾ നാട്ടിൽ വരും. അവരധികവും കൊണ്ടുവരുന്നത് മെത്തപ്പായകൾ, പിഞ്ഞാണങ്ങൾ, പൂക്കളുടെ ചിത്രമുള്ള ഗ്ലാസ്സുകൾ, തളികകൾ, പെട്രോമാക്സുകൾ എന്നിവയൊക്കെയാണ്. ഇതെല്ലാം ഉപകാരപ്പെടുന്നത് നാട്ടുകാർക്കാണ്. അവരുടെ മക്കളുടെ കല്യാണങ്ങൾക്കും, മറ്റാവശ്യങ്ങൾക്കുമായി. ഇതിൽ ഓരോ ഉടമസ്ഥരും സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു. പെട്രോമാക്സ് കത്തിക്കുന്ന ആളെ ആരാധനയോടെ നോക്കി നിൽക്കുന്നതും, അതിൻ്റെ തിളങ്ങുന്ന മണ്ണെണ്ണ ടാങ്കിൽ മുഖംനോക്കി  രസിക്കുന്നതും കുട്ടികൾക്ക് ഹരമായിരുന്നു.. എനിക്കും.

             എൻ്റെ ഉപ്പ നാട്ടിൽ വ്യത്യസ്തനായിരുന്നു. അന്നെല്ലാം ഇസ്ലാമിൽ ആണുങ്ങൾക്ക് മുടി വളർത്തൽ വ്യാപകമല്ല. ഉപ്പ അത് തെറ്റിച്ച ആളാണ്. ഞങ്ങൾ കുട്ടികളുടെ തല മൊട്ടയാക്കാൻ ഉപ്പ ഒരിക്കലും അനുവദിച്ചിട്ടില്ല. കുടുബങ്ങളിൽ ഉണ്ടാവുന്ന വസ്തു തർക്കങ്ങൾ തീർക്കാൻ ഉപ്പ വേണം. കാരണം നിയമങ്ങൾ ഉപ്പാക്കറിയാം. മാത്രമല്ല ആജ്ഞാശക്തിയും ഉണ്ടായിരുന്നു. വലിയ കുടുംബങ്ങളിലെ ഭാഗ പത്രങ്ങൾ തയ്യാറാക്കൽ കുറെ പ്രയാസമുള്ള കാര്യമാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തി നീതിപൂർവ്വം അത് ചെയ്യുന്നതു കൊണ്ട്  സർവ്വസമ്മതനായിരുന്നു.

             പ്രതിഫലമായി നല്ല തുക കിട്ടും (അദ്ധ്യാപകനാണെങ്കിലും അതായിരുന്നില്ല മൂപ്പർക്ക് പ്രധാന വരുമാനം ) എന്നാൽ സമ്പാദിക്കുന്നതിലോ, സ്ഥലം വാങ്ങിക്കൂട്ടുന്നതിലോ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. ടൂർ പോകാൻ ഇഷ്ടമായിരുന്നു. ഇന്ത്യയിൽ കുറെ സ്ഥലത്ത് കറങ്ങീട്ടുണ്ട്. കയ്യിൽ പണം വന്നാൽ അതാണ് പരിപാടി. പണം തീരുമ്പോൾ കുറെ സാധനങ്ങളുമായി തിരിച്ചെത്തും. വീട്ടിൽ നെല്ലുണ്ട്. മറ്റാവശ്യങ്ങൾക്ക് തെങ്ങിൽ നിന്നുള്ള വരുമാനമുണ്ട്. അതെല്ലാം വല്ലിമ്മ നോക്കിക്കോളും. അതുകൊണ്ട് മൂപ്പർക്ക് വലിയ ഉത്തരവാദിത്വമോ വേവലാതിയോ ഒന്നുമില്ല. പക്ഷെ ഈ കഥയെല്ലാം ഞങ്ങൾ 1952 ൽ അക്കിക്കാവിലേക്ക് വന്നതോടെ മാറി. അതിലേക്ക് വഴിയെ വരാം.

         അതിന് മുൻപ് ബിരിയാണിയുടെ കഥ പറയണമല്ലോ. ഇതുപോലെ  ഒരു യാത്ര അദ്ദേഹം നടത്തിയത് മൂത്ത താത്തയുടെ നിക്കാഹ് ദിവസത്തിന് കുറച്ചു മുൻപാണ്. ദിവസം അടുത്തു വരുന്നു. ആളെത്തിയില്ല. എല്ലാവരും ബേജാറിലായി . നേരം വെളുത്താൽ കൂടെ കൂടെ ദൂരെ പാടത്തിൻ്റെ അറ്റത്തേക്ക് നോക്കി നിൽക്കലായി എല്ലാവരുടേയും പണി. ഞങ്ങൾ  കുട്ടികൾ ഇതൊന്നും അറിയുന്നില്ല. പിന്നീട് പറഞ്ഞു കേട്ടതാണ്. തലേ ദിവസം രാവിലെ അതാ ദൂരെ, ഒരാൾ മുൻപിലും മറ്റൊരാൾ കാവിൽ (മുളപൊളിച്ച് അല്പം മേലോട്ട് വളച്ച് ഇരു ഭാഗത്തും ഭാരം തൂക്കി നടക്കാനുള്ള അഞ്ച്-ആറടി നീളമുള്ള ഒരു മുള കഷ്ണം. ഒരുപാട് ഭാരം അതിൽ തൂക്കി നടക്കുന്നവരുണ്ട്. പ്രത്യേകിച്ച് തേങ്ങ, ചകിരി, ചിരട്ട തുടങ്ങിയവ. അങ്ങാടിയിൽ നിന്ന് സാധനങ്ങൾ കൊണ്ടു വരാനും അതേ വഴിയുള്ളൂ.) വലിയ കെട്ടുകളുമായി  പിമ്പിലുമായി നടന്നു വരുന്നു. എല്ലാവരുടേയും ആകാംക്ഷ മാറി മുഖം തെളിഞ്ഞു.

        പിറ്റെ ദിവസമാണ് നിക്കാഹ്. കല്യാണത്തിൻ്റെ പ്രധാന ചടങ്ങ് അതാണെങ്കിലും അന്നതിന് എൻഗേജ്മെൻ്റിൻ്റെ പ്രാധാന്യമാണുള്ളത്. ഉപ്പ അത് ഇത്തിരി വിപുലമാക്കി. അന്നാട്ടിൽ ആദ്യമായി ബിരിയാണിയുണ്ടാക്കിയത്  അന്നാണ്. അതോർത്താൽ ആ മണം ഇപ്പോഴും  മൂക്കിലടിക്കും.                               മല്ലിയിലയുടേയും പൊതീനയുടേയും മണം. സറലിയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. (സറലി ബിരിയാണിക്ക് വേണ്ട) വലിയ വലിയ മട്ടൺ കഷ്ണങ്ങളിട്ട ബിരിയാണി ഞാനിന്നും ഓർക്കുന്നു. എന്നാൽ അതുവരെ ഈ ആഹാരപദാർത്ഥം കഴിച്ചിട്ടില്ലാത്ത നാട്ടുകാർ പലർക്കും അത് പിടിച്ചില്ല. ചിലരാകട്ടെ കൂട്ടിക്കുഴച്ച ചോറ് കൊടുത്തു എന്ന് ആക്ഷേപിച്ചു . നാട്ടിലെ ആദ്യത്തെ ബിരിയാണി അത്രമേൽ വിജയിച്ചില്ല. പാചകക്കാരനെ ഉപ്പ എവിടെ നിന്നോ സംഘടിപ്പിച്ചതായിരുന്നു.

അക്കിക്കാവിലേക്ക്..

          അതു കഴിഞ്ഞ് താമസിയാതെ ഉപ്പാക്കും ഉമ്മാക്കും അമ്മായിമാർക്കും അവിടെയുള്ള സ്ഥലങ്ങൾ എല്ലാംവിറ്റ് 1952 ൽ ഞങ്ങൾ അക്കിക്കാവിലേക്ക് പോന്നു. അഞ്ച് പത്തു കിലോമീറ്ററിൻ്റെ വ്യത്യാസമെ ഉള്ളുവെങ്കിലും  മണ്ണ് തീർത്തും വ്യത്യസ്തമാണ്. ഇവിടത്തെ കണ്ണുനീർ പോലെയുള്ള വെള്ളമാണ് പ്രധാന ആകർഷണം. സ്ഥലവില അന്ന് അവിടത്തെക്കാൾ കുറവാണിവിടെ. കാളത്തേക്ക് കൊണ്ട് നനക്കുന്ന കവുങ്ങിൻ തോട്ടങ്ങളാണധികവും. അന്ന് കറണ്ട് എവിടേയും ഇല്ല. എങ്കിലും നനക്കുന്ന കവുങ്ങിൻ തോട്ടങ്ങളായിരുന്നു.  പരിസരങ്ങളിൽ നിന്ന് വരുന്ന കാറ്റിന്  കുളിർമയുണ്ടായിരുന്നു. ഉപ്പ അക്കിക്കാവിൽ വാങ്ങിയ ഇരുനില വീട് സാമാന്യം വലുതും പുതിയതുമായിരുന്നു. വീടുണ്ടാക്കിയത് ഒരു മലായക്കാരൻ മേനോൻ. അയാളിൽ നിന്ന് ഒരു നമ്പൂതിരി വാങ്ങി. അദ്ദേഹത്തിൻറ ഭാര്യക്ക് പഴയന്നൂർ റജിസ്റ്ററാഫീസിൽ എൽ ഡി ക്ളർക്ക് ആയി ജോലി കിട്ടി. അതിനാൽ പഴയന്നൂരിൽ താമസമാക്കാനായി വീട് വിൽക്കാനിട്ടു. അങ്ങനെയാണ് ഉപ്പാക്ക് കിട്ടുന്നത്. കുട്ടികളുടെ സുഗമമായ വിദ്യാഭാസത്തിന് വേണ്ടിയാണ് ഉപ്പ വടക്കെക്കാട്ട് നിന്ന് താമസം മാറിയത് എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. ഹൈ സ്കൂൾ അര കിലോ മീറ്ററും എൽ പി സ്കൂൾ ഒരു കിലോ മീറ്ററും. കൂന്നംകുളത്തേക്ക് അഞ്ചു കിലോ മീറ്റർ. വീടിന്ന് മുന്നിൽ കൂടി ബസ് സർവ്വീസ് !  ടാറിടാത്ത റോഡിൽ കാളവണ്ടിച്ചാൽ കാണാം മെറ്റൽ വിരിക്കുന്നതു തന്നെ ആർഭാടമാണ് അന്ന്. അര മണിക്കൂർ കൂടുമ്പോഴെ ബസ് കാണു. ( ഇന്നത് അരമിനിട്ടാണ് )  ഇരിപ്പിടങ്ങൾ പുറത്ത് കാണാവുന്ന ബസ്സുകൾ ! അന്ന് വടക്കെക്കാടിനെ അപേക്ഷിച്ച് എല്ലാ സൗകര്യങ്ങളും ഉള്ള സ്ഥലം. ഉപ്പ മുതൽ മുടക്കിയത് അവിടെയാണ് . വീടു കൂടാതെ അഞ്ചു പറ കൃഷി സ്ഥലവും, ഒരേക്രയോളം ഒരുപ്പു കൃഷി സ്ഥലവും ഉപ്പ വാങ്ങി. കൂടുതൽ തുക മുടക്കിയത് വീടിനാണ്. വീട് അൽപം വ്യത്യാസപ്പെടുത്തി. ബാക്കി തുകകൊണ്ട് ഒരു പലചരക്ക്  കടയും തുടങ്ങി. അത് എങ്ങിനെ പൊട്ടിയെന്ന് പിന്നീടെഴുതാം.


അക്കിക്കാവിലെ വീട്

       1952 ലെ ഓണക്കാലത്താണ് ഞങ്ങള്‍ അക്കിക്കാവില്‍ താമസമാക്കുന്നത്. ഇവിടെ അധികവും നായര്‍,  കൃസ്ത്യന്‍ കുടുബങ്ങളാണ്. സ്വജാതിയില്‍ പെട്ടവര്‍ അന്ന് ഒരു കുടുംബക്കാര്‍ മാത്രം. വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാര്‍. ഞാനിതു പറഞ്ഞത് ഉപ്പ സ്വജാതിയില്‍ പെട്ട ആളുകളോ പള്ളിയോ നോക്കിയൊന്നുമല്ല ഈ സ്ഥലം തിരഞ്ഞെടുത്തത് എന്നു സുചിപ്പിക്കാനാണ്. ഞങ്ങളുടെ തൊട്ട അയല്‍വാസി ഒരു  നായര്‍ തറവാട്. ഉപ്പ വളരെ വേഗത്തില്‍ നാട്ടുകാരോടെല്ലാം അടുപ്പത്തിലായി. നമ്പൂതിരി വീട് മാപ്പിളക്ക് വിറ്റത് ചിലര്‍ക്കൊന്നും പിടിച്ചിരുന്നില്ല. പക്ഷെ ആളെ കണ്ട് പരിചയമായപ്പോള്‍ കഥയെല്ലാം മാറി.         

                     ഞങ്ങൾ അക്കിക്കാവിലേക്ക് താമസം മാറ്റിയെങ്കിലും  വടക്കേക്കാടുമായുള്ള ബന്ധം തുടർന്നു പോന്നു. ഒന്നാമത് ഉപ്പയുടെ പ്രവർത്തന മണ്ഡലം അവിടമാണ്. പിന്നെ ഉമ്മയുടെ ഒമ്പത് കൂടപ്പിറപ്പുകളും മറ്റ് കുടുംബക്കാരും അവിടെതന്നെ. കൂടാതെ വല്ലിമ്മയുടെ കുടുംബക്കാരും. വല്ലിപ്പയുടെ പെങ്ങളാണ് ഉമ്മയുടെ ഉമ്മ എന്നതു കൊണ്ട് . ആ വകുപ്പിൽ വേറെ ബന്ധങ്ങളില്ല. എന്നാൽ ഉമ്മയുടെ ഉപ്പയുടെ അുനുജനുണ്ടായിരുന്നു .അദ്ദേഹത്തിന് കുറെ മക്കളുണ്ട്. ഉമ്മയുടെ ഉപ്പയുടെ തറവാടുമായി വേണ്ടത്ര അടുപ്പമില്ലാതെ പോയി. അതുകൊണ്ട് ബന്ധം കല്യാണങ്ങൾക്കുള്ള ക്ഷണങ്ങളിൽ മാത്രം ഒതുങ്ങി. മറ്റ് സന്ദർശനങ്ങൾ അധികം ഉണ്ടായില്ല.

     ഉമ്മാക്ക് സഹോദരീ സഹോദരന്മാരുടെ ഒമ്പത് വീടുകളിൽ പോകാനുണ്ട്. പോയാൽ ഒരുദിവസം അവിടെ താമസിപ്പിച്ചേ മിക്കവാറും വിടൂ.
ഇന്നത്തെ സൗകര്യങ്ങളൊന്നും എങ്ങുമില്ല. ഉമ്മാക്ക് തുണ പോകുന്ന ഞങ്ങൾക്ക് ( ഞാനോ ജ്യേഷ്ഠനോ, കുറെ കഴിഞ്ഞ് അനുജനും) തറവാട്ടിലെത്താനാണ് തിടുക്കം. അക്കിക്കാവിൽ നിന്നുള്ള ഓരോ പോക്കിലും ഒന്നോ രണ്ടോ വീട് സന്ദർശിക്കാനെ സമയം കിട്ടൂ. അന്നത്തെ ആ സ്നേഹബന്ധങ്ങൾ അങ്ങനെയായിരുന്നു. 

              ഉപ്പയുടെ പ്രവർത്തന മണ്ഡലം അധികവും അവിടെയാണെന്ന് പറഞ്ഞുവല്ലോ. അവിടെ നിന്ന് ആൾക്കാർ ഒരോ ആവശ്യത്തിന് കാണാൻ ഇങ്ങോട്ട് വരും. ആധാരങ്ങൾ അധികവും അണ്ടത്തോട് റജിസ്റ്റ്രാഫീസിലേക്കുള്ളതായിരിക്കും. അതെല്ലാം എഴുതാൻ തറവാട്ടിൽ ക്യാമ്പ് ചെയ്യും. വല്ലിമ്മയും എളാപ്പയും കുടുബവും അവിടെയുണ്ടല്ലോ. ഉപ്പയെഴുതുന്ന ആധാരങ്ങളിൽ ഒരു പഴുതും കാണില്ല. പൊന്നാനിയിലെ ഒരു മുൻസീഫ്  ഉപ്പയെ പ്രശംസിച്ച കാര്യം നേരത്തേ എഴുതിയല്ലോ. ഉപ്പയുടെ കാര്യങ്ങളെഴുതുകയാണങ്കിൽ അത് വേറെ ഒരു വിഷയമാണ്. സാന്ദർഭികമായി ഇത്രയും എഴുതി എന്നേയുള്ളൂ. ആധാരം എഴുതാൻ സ്റ്റേറ്റ് ലൈസൻസ് ഉണ്ടായിരുന്നു ഉപ്പാക്ക്.

         ഞങ്ങളുടെ ആ ദേശത്തെക്കുറിച്ച് (വടക്കേക്കാട്) അറിയേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട് അതെഴുതാം. അന്ന് ഓടിട്ട വീടുകളോ ടെറസ്സ് വീടുകളൊ ഉണ്ടായിരുന്നില്ല. എല്ലാം ഓല കൊണ്ട് മേഞ്ഞവ.  വർഷത്തിൽ ഒരിക്കൽ മാറ്റണം. വേനൽ കാലത്ത് ഒരുദിവസം രാവിലെ എണീറ്റാൽ കാണുന്നത് വീട്ടിലെല്ലായിടത്തും പൂർണ്ണ വെളിച്ചമാണ്. കുറെ പേർ വന്ന് ഓല മേഞ്ഞതെല്ലാം പൊളിച്ചിടുന്നു. അതിന് രണ്ടുമാസം മുൻപെ  തെങ്ങു കയറുമ്പോൾ കൂടുതൽ പട്ട വെട്ടിയിട്ട് തയ്യാറെടുപ്പുകൾ തുടങ്ങും. അതെല്ലാം അതിനായുള്ള പെണ്ണുങ്ങൾ മെടഞ്ഞ് തെയ്യാറാക്കി വെച്ചിട്ടുണ്ടാവും. കൊതുമ്പ് വെള്ളത്തിലിട്ട് കുതിർത്ത, ഓല കഴുക്കോലിൽ വെച്ച് കെട്ടാൻ പാകത്തിൽ ചീന്തി ചീന്തി നാരുകളാക്കി വെച്ചിരിക്കും. പണിക്ക് ധാരാളം പേരുണ്ടാവും. പത്തു പതിനൊന്ന് മണിയോടെ പൊളി കഴിയും. കെട്ടാൻ പലയിടത്തായി മൂന്നാല് പേരുണ്ടാവും.ഒരു ചീന്ത് ഓല രണ്ട് വർഷം നിൽക്കും അതിനാൽ കഴിഞ്ഞ കോല്ലം വെച്ച ഓലയും വേറെ ഒരു പുതിയ ഓലയും ചേർത്താണ് കെട്ട്. അടിയിൽ പുതിയ ഓലയും മീതെ ഒരുവർഷം പഴക്കമുള്ളതും ചേർത്ത് വെക്കും. അത് താഴെ നിന്ന് എറിഞ്ഞ് കൊടുക്കും. അവരുടെ കെട്ട് തീരെ ചോരില്ല. ആറുമണിയാവും കെട്ടു കഴിയാൻ. അതുവരെ ഭക്ഷണമില്ല. ആ വീടിന് വിസ്താരമുള്ള മുറികളായിരുന്നു. നാലുകെട്ട് അല്ലാത്ത ഒരു പ്രത്യേക മാതൃകയിൽ പണിതത്. തട്ടുള്ള നടു അകം, അറ മുറി, വേറെ ഒരു വലിയ മുറി.  ഹോൾ പോലെയുള്ള ഒരു കിടപ്പുമുറി, കോലായകൾ. (ഉമ്മറം / പൂമുഖം ) കൂടാതെ കയ്യാലയും അതിനോട് ചേർന്ന് തൊഴുത്തും. ഇത്രയും കെട്ടിമേയണം. അതനുസരിച്ച് പണിക്കാർ വരും.

     അവർക്ക് ഭക്ഷണമാണ് പ്രധാനം. മോര് കുറുക്കി കാച്ചിയതും. അന്നൊക്കെ സമൃദ്ധിയായി കിട്ടുന്ന അയിലയോ മത്തിയോ വറ്റിച്ച് വെച്ചതും (തപ്പ് വെക്കുക എന്നു പറയും,മുകളിൽ ചട്ടിവെച്ച് അതിൽ കനലിട്ട് ഉണ്ടാക്കുന്നത് .രണ്ട് ദിവസം മുന്നെ വെച്ചാലും കേട് വരില്ല.) പിന്നെ കറി എന്ന് വിളിക്കുന്ന അരിപ്പൊടി കൊണ്ടുള്ള പായസം. അതാണ് പ്രധാനം. അതൊക്കെയാണ് വിഭവങ്ങൾ. വീട്ടിലുള്ളവരും അപ്പോൾ തന്നേ കഴിക്കു.

          പിന്നെ പറയാനുള്ളത് കപ്ല്യയം കാട് ഭരണിയെ കുറിച്ചാണ്. മൂന്നര ദിവസത്തെ ഉത്സവം. താലം, വേല, ഭരണി. പിറ്റെ ദിവസത്തെ കച്ചവടക്കാരുടെ 'പിരിച്ചൽ.' (പിരിച്ചിൽ)  അവർകൊണ്ടു വരുന്ന സാധനങ്ങൾ  പരമാവധി വിറ്റു തീർക്കും. ആ പദേശത്തെ മുസ്ലീം വീടുകളിലെ പെൺകുട്ടികളെ കല്യാണം കഴിച്ച ഭർത്താക്കന്മാർ  ഈ ദിവസം  അവരവരുടെ കഴിവും പ്രതാപവും അനുസരിച്ച് .അലുവ (കറുപ്പ് - വെളുപ്പ് ) ഈത്തപ്പഴം, പൊരി എന്നിവ കെട്ടു കണക്കിന് വാങ്ങി ഭാര്യ വീട്ടിൽ എത്തിക്കണം. കുറച്ചൊന്നുമല്ല. അവരുടെ കുടുബങ്ങളിലെല്ലാം എത്തിക്കാൻ പാകത്തിൽ വേണം . മൂത്ത താത്തയുടെ നിക്കാഹ് കഴിഞ്ഞ് വന്ന ആദ്യത്തെ ഭരണിക്ക് അളിയൻ കൊടുത്തുവിട്ട വലിയ കെട്ടുകളും പൊരിച്ചാക്കും മറ്റും ഓർക്കുന്നു. ഈ ഭരണി ഉത്സവത്തിലെല്ലാമുള്ള, ഇതിലൊക്കെയുള്ള നാട്ടുകാരുടെ പങ്കാളിത്തം അവർണ്ണനീയമായിരുന്നു. പതിനഞ്ചു വർഷം മുൻപ്  കൂട്ടുകാരനുമൊത്ത് ഭരണി കാണാൻ പോയി. അന്നത്തെ ഭരണി എവിടെ.. ഇപ്പോഴത്തെ എവിടെ. തീരെ ശുഷ്കിച്ചുപോയി. തിറയും പൂതനും പേരിന് മാത്രം. കൊയ്ത് കഴിഞ്ഞ പാടത്തു മുഴുവൻ കച്ചവടക്കാരെകൊണ്ട് നിറയുമായിരുന്നത്.ഇപ്പോൾ തീരെ ചുരുങ്ങിപ്പോയി. ആനയില്ലാത്ത ഉത്സവമാണത്. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് മാത്രം കേമമാകുന്നത്.

           ഞങ്ങളുടെ അക്കിക്കാവിലേക്കുള്ള  താമസം മാററല്‍ ഔപചാരികമായിരുന്നില്ല, പെട്ടന്നായിരുന്നു. എന്‍റെ ഒരു വയസുള്ള അനിയന് അസുഖമായതിനെ തുടര്‍ന്ന് കുന്നംകുളത്ത് ഒരു ഡോക്ടറുടെ ചികിത്സയിലായി. ഒരിക്കല്‍ ഡോക്ടറെ കാണിച്ച് നേരെ ഇങ്ങോട്ട് പോന്നു. കുന്നംകുളത്ത്  പോയി വരാന്‍ ഇവിടെയാണ് എളുപ്പം.  ആ കുട്ടി, ഞങ്ങള്‍ ഇവിടേക്ക് മാറി അധികം താമസിയാതെ മരിച്ചു. അതിന് മുന്‍പ് വേറെയും അത്യാഹിതം വീട്ടില്‍ നടന്നിട്ടുള്ളത് വടക്കെക്കാട്ട് വെച്ചാണ്. എന്‍റെ ഒരനുജത്തി അവിട വെച്ച് അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട്.  അതിന് മുന്‍പ് എളാപ്പാക്ക് ടൈഫോയ്ഡ് പിടിപെട്ട് കുറെ ദിവസം ആശുപത്രിയില്‍ കിടന്ന് എല്ലാം മാറി വീട്ടില്‍ വന്ന ദിവസം പാല് തിളപ്പിക്കാന്‍ പുതിയ  മണ്ണെണ്ണ സ്റ്റൗ കത്തിച്ച് അമിതമായി പമ്പ് ചെയതതിനാല്‍  സ്റ്റൗ പൊട്ടിത്തെറിക്കുകയും അടുത്ത് നിന്നിരുന്ന കൈക്കുഞ്ഞുങ്ങടക്കമുള്ള കുറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും വീണ്ടും അപ്പോള്‍ തന്നെ ആശുപത്രിയെ അഭയം പ്രാപിക്കേണ്ടി വരികയും  ചെയ്തിട്ടുണ്ട്.
          
                                      രണ്ട് പെങ്ങന്മാര്‍ക്ക് വേണ്ടിയും ഉപ്പ, ഇവിടെ മെയിന്‍ റോഡില്‍ തന്നെ 300 മീറ്റര്‍ വീതം അകലത്തില്‍ സ്ഥലം  കണ്ടെത്തി. കമുകിന്‍ പറമ്പുകള്‍ തന്നെ. ഇടക്ക് ഓരോ തെങ്ങുമുണ്ട്. അടുത്തുള്ളതില്‍  ചെറിയ  ഒരു വീടുണ്ടായിരുന്നു. മറ്റേതില്‍ വീടില്ല, ഉണ്ടാക്കണം. ചെറിയ വീട് നന്നാക്കിയെടുത്ത് ചെറിയ അമ്മായിക്കും. മറ്റേതില്‍ വീടുണ്ടാക്കി വലിയ അമ്മായിക്കും. നിശ്ചയിച്ച്,പണി ആരംഭിച്ചു. അതുവരെ എല്ലാവരും പഴയ പോലെ തന്നെ ഒരുമിച്ച് ഈ വീട്ടില്‍ താമസിക്കാനും തീരുമാനിച്ചു. തീരുമാനങ്ങളെല്ലാം ഉപ്പയുടേതാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഉപ്പ എന്നും മുന്നില്‍ തന്നെയാണ്. ഇവിടെ വന്ന് അധികം താമസിയാതെ മൂത്ത താത്തയുടെ വിവാഹം നടന്നു. കുറച്ച് ആര്‍ഭാടമായിത്തന്നെ. കല്യാണം കഴിച്ച വ്യക്തി നല്ലവനായിരുന്നെങ്കിലും വാശിക്കാരനായിരുന്നു (അതേപോലെ ഉപ്പയും) അതുകൊണ്ട് താത്താക്ക് കുറെ ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. താത്തയുടെ ആദ്യത്തെ രണ്ട് ആണ്‍ കുട്ടികളും വസൂരി പിടിപെട്ട് മരിച്ചു. അവിയൂരുള്ള ആ വീട്ടില്‍ അന്ന് അഞ്ച് കൂട്ടികള്‍ മരിച്ചു. താത്തക്കും വസൂരി പിടിപെട്ടുവെങ്കിലും രക്ഷപ്പെട്ടു. അതിനു ശേഷം താത്ത മൂന്ന് പ്രസവിച്ചു. നാലാമത്തെ പ്രസവത്തില്‍ വൈദ്യസഹായം സമയത്ത് കിട്ടാത്തതു മൂലം  ജീവന്‍ നഷ്ടപ്പെട്ടു.  ഇപ്പോള്‍ ആ മൂന്നു കുട്ടികളും അവരുടെ മക്കളും സ്വന്തം കഴിവ് കൊണ്ട്  സുഖമായി കഴിയുന്നു. അതാണ് ഒരു സമാധാനം. 


അകതിയൂർ സ്കൂൾ - സമീപ കാല ചിത്രം

           ഇനി സ്കൂള്‍ കാര്യമാവട്ടെ.. എന്നെ ഇവിടെ അകതിയൂര്‍ എൽ പി സ്കൂളില്‍ രണ്ടാം ക്ലാസ്സിലാണ് ചേര്‍ത്തത്. അവിടെ പഠിപ്പിക്കുന്ന, ഇതിനകം ഉപ്പയുമായി പരിചയത്തിലായ, ഈ നാട്ടുകാരന്‍ ശേഖരന്‍ മാഷാണ് ഉപ്പയെ അതിന് പ്രേരിപ്പിച്ചത്. അതൊരു ഉള്‍പ്രദേശമാണ്. ചാരായ വാറ്റൊക്കെ ഉണ്ടായിരുന്ന സ്ഥലം.     അപ്പാള്‍ ഇവിടെ നിന്ന്, മൊത്തം സ്കൂളില്‍ പോകേണ്ട കുട്ടികള്‍ ആറ്. ചേട്ടനും ഒരു കസിനും ആറാം ക്ലാസില്‍. ഹൈസ്കൂളിലായി അവര്‍ രക്ഷപെട്ടു. ഹൈസ്കൂളിലേക്ക് മെയിന്‍ റോഡിലൂടെ അര കിലോ മീറ്റർ നടന്നാല്‍ മതി. ഞങ്ങള്‍ നാലു പേര്‍ ആ കാട്ടുമുക്ക് സ്കൂളിലേക്ക് രണ്ടു കിലോമീറ്റർ നടക്കണം. ആഞ്ചാം ക്ലാസ്സിലായ (അന്ന്  നാലര യാണ് അത് ) ഒരു കസിൻ, ആളൊരു തീരുമാലി ആയിരുന്നു അന്ന്. ഒരു ദിവസം എന്നെ പാടത്ത് പൂട്ടിക്കൊണ്ടിരുന്ന കണ്ടത്തിലേക്ക് ഉന്തിയിട്ട് ഞാന്‍ തനിയെ വീണതായി പ്രഖ്യാപിച്ച് വീട്ടിലേക്ക് തിരിച്ചു പോയി.  ഞാന്‍ നിഷേധിക്കാനോ സത്യം വെളിപ്പെടുത്താനോ പോയില്ല. സ്കൂളില്‍ പോക്ക് ഞങ്ങള്‍ക്ക് അത്ര രസമുള്ള ഏര്‍പ്പാടായിരുന്നില്ല എന്നു സാരം. ഒരു കൊല്ലം കഴിഞ്ഞ് ആ കസിനും രണ്ട് കൊല്ലം കഴിഞ്ഞ് ചേച്ചിമാരും ആ സ്കൂളിലെ  പഠിത്തം കഴിഞ്ഞ് പോയി.ഞാന്‍ ബാക്കിയായി. എനിക്ക് കൂട്ടായി  ശേഖരന്മാസ്റ്ററുറെ മകന്‍  ചന്ദ്രശേഖരനെ കിട്ടി.

         അമ്മായി മാരുടെ വീടു പണി കഴിയുന്നത് വരെ എല്ലാവരും ഒന്നിച്ചായിരുന്നെങ്കിലും വടക്കെക്കാട് കിട്ടിയിരുന്ന രസം,  പ്രത്രേകിച്ച് എനിക്ക്,   ഇവിടെ കിട്ടിയിരുന്നില്ല. ചേട്ടന്‍മാര്‍ മൂന്നുപേര്‍ സമപ്രായക്കാരാണ്. നാലു വര്‍ഷം എന്നേക്കാള്‍ മുന്നിലുള്ളവര്‍. എന്‍റെ സമപ്രായക്കാര്‍ എന്നു പറയാവുന്നവര്‍ പെണ്‍കുട്ടികളാണ്. ഒരാള്‍ക്ക് പോളിയോ പിടി പെട്ട് അംഗ വൈകല്യം നേരിട്ടിരുന്നു. മറ്റെരാള്‍ രണ്ട് വയസ്സ്  ചെറുത്. അതിനാല്‍ കൂട്ട്കെട്ട് അധികം ഉണ്ടായില്ല. ഏതാണ്ട് ഒരു കൊല്ലത്തിന് ശേഷം അമ്മായിമാര്‍ അവരവരുടെ വീട്ടിലേക്ക് മാറി. അന്നൊക്കെ, ആശാരിമാരാണ് വീട് ഡിസൈൻ ചെയ്യുന്നത്. അളവുകളെല്ലാംഅവര്‍ നിശ്ചയിക്കും. എന്‍റെ കളിക്കൂട്ടുകാരന്‍, എളാപ്പയുടെ മകന്‍. പ്രായത്തില്‍ ഒന്നര വയസ്സ് ചെറുതായിരുന്നെങ്കിലും ഞങ്ങള്‍ സമപ്രായക്കാരെ പോലെ ആയിരുന്നു . അവനാണെങ്കില്‍ വടക്കെക്കാട്ട്.  വേനലവധിക്ക് സ്കൂൾ പൂട്ടിയാല്‍ വരും. ഞങ്ങളിരുവരും കൂടി  ഇവിടെ പടിഞ്ഞാറ് ഭാഗത്തുള്ള കുന്നില്‍ നീണ്ടുകിടക്കുന്ന പറങ്കി മാവിന്‍ തോട്ടത്തില്‍ പോയി പറങ്കിമാങ്ങ ശേഖരിക്കുകയും, അവിടവിടെയുള്ള ഞാവല്‍മരത്തില്‍ കയറി ഞാവല്‍പഴം കുലുക്കിയിടുകയും, ശേഖരിച്ച് വീട്ടില്‍ കൊണ്ടുവരികയും ചെയ്യും. മരം കയറാന്‍ മിടുക്കന്‍ അവനായിരുന്നു. വെല്ലിമ്മാക്ക് മൂത്ത മകന്‍റെ കുടെ നിൽക്കാൻ വേനലവധിയാകണം. എളാപ്പയും ഭാര്യയും (എളേമ) ടീച്ചര്‍മാരാണല്ലോ. കുറച്ചു ദിവസം മൂത്ത മകന്‍റെ കൂടെ നില്‍ക്കാന്‍ അപ്പോഴേ വെല്ലിമ്മാക്ക് സമയം കിട്ടൂ. വരുമ്പോള്‍ ചാക്ക് നിറയെ മാങ്ങ ,മുരിങ്ങക്ക എന്നിവയൊക്കെ ഉണ്ടാവും. ഒരു സഹായിയുമൊരുമിച്ച് ബസ്സില്‍ കയറിയും കുറെ നടന്നും ഒക്കെ ആണ്‌  വരവ്. രണ്ട് പെണ്‍ മക്കളും ഇവിടെയാണല്ലോ. വെല്ലിമ്മ ആരോഗ്യവതി ആയിരുന്നു. അതുപോലെ മക്കളും. എന്നാല്‍ എളാപ്പ മാത്രം അകാലത്തില്‍ ഞങ്ങളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്  1971ല്‍ ഹൃദയം സ്തംഭനം മൂലം അന്തരിച്ചു. 

          ഉപ്പ പലചരക്കു കടയിട്ട കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. കച്ചവട കാര്യത്തില്‍ ഒരു മുന്‍പരിചയവും ഉപ്പാക്കില്ല. എന്നാലും ഇവിടെ വന്ന് അധികം കഴിയുന്നതിന് മുന്‍പ്  പലചരക്കു കട ആരംഭിച്ചു. ഇവിടത്തെ നിവാസികളില്‍ അധികവും കൃഷിക്കാരും അതുമായി ബന്ധപ്പെട്ട പണിക്കാരും ഒക്കെ ആയിരുന്നു. പണം കയ്യിലുള്ളവര്‍ കുറവ് . ഉപ്പാക്കുമില്ല സ്ഥിര വരുമാനം. വടക്കെക്കാട്ട് നിന്ന് പോന്നതോടുകൂടി കാര്‍ഷിക വരുമാനം തീരെ നിലച്ചു. ഇവിടെ അരയേക്കര്‍ പറമ്പില്‍, കമുകില്‍ നിന്ന് കിട്ടുന്ന കുറച്ച് വരുമാനം മാത്രം. ഒരു ഞാലുണ്ടായിരുന്നതില്‍ ലാഭകരമായ കൃഷി ഒന്നും നടന്നിരുന്നില്ല. തെങ്ങില്‍ നിന്ന് കിട്ടുന്ന വരുമാനം ഏറെക്കുറെ സ്ഥിരമാണ്. കമുകിന് ശുശ്രൂഷ കൂടുതല്‍ വേണം. അഞ്ചാറു മാസം നനക്കണം. ഇവിടങ്ങളില്‍ നല്ല വെള്ളം അന്നൊക്കെ സമൃദ്ധമായിരുന്നതു കൊണ്ട് ആ പ്രശ്നമില്ല. വെള്ളം തിരി രസമാണെങ്കിലും അതി രാവിലെ തേവാന്‍ വരുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല.

 ഇനി വിഷയം ഉപ്പയുടെ കടയാണ്. കടയിട്ട് അഞ്ചാറുമാസം (എന്നാണ് ഓര്‍മ്മ)  കഴിയുമ്പോഴേക്കും  അവതാളത്തിലായി. നാട്ടുകര്‍ക്ക് കടം കൊടുത്ത് കൊടുത്ത് പീടിക പൊളിഞ്ഞു. പിന്നെ വീട് പണയപ്പെടുത്തി കടമെടുത്ത് പീടിക പുനരുദ്ധരിച്ചു. അതും അധിക നാള്‍ നിന്നില്ല. കൂനിന്മേൽ കുരുവെന്ന പോലെ കള്ളനും കയറി (എന്നു ഒരു ഓര്‍മ്മ).  എന്തിനേറെ പറയുന്നു, അവധി തെറ്റിയപ്പോള്‍  കേസ്സായി വിധിയായി. ഒരേക്രയോളം വരുന്ന ''ഞാല്‍' എന്ന് വിളിക്കുന്ന ഒരുപ്പൂ കൃഷിസ്ഥലം നിസ്സാര വിലക്ക് വിറ്റ് കടം വീട്ടേണ്ടി വന്നു. 1970 ല്‍ സെന്‍റിന് 50 ക ക്ക് കിട്ടുമായിരുന്നു. അപ്പോള്‍  അന്നത്തെ വില ഊഹിക്കാം. മറ്റൊന്ന് ഒരു പവനും, ഒരു ചാക്ക് അരിക്കും ഒരേ വിലയായിരുന്നു അന്ന്.

          അക്കാലത്തൊക്കെ സമ്പത്തീക ഞെരുക്കത്തിലായിരുന്നു ഞങ്ങള്‍. സ്ഥിര വരുമാനമില്ലാത്തതു തന്നെ കാരണം. കൂടാതെ ഉപ്പയുടെ മുന്‍കരുതല്‍ ഇല്ലാത്ത പ്രകൃതവും. പണം കയ്യില്‍ വന്നാല്‍ ഉടന്‍ ചിലവഴിച്ച് തീര്‍ക്കും. അതിനാല്‍ പലപ്പോഴും പ്രയാസങ്ങള്‍ ആനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അരിക്ക് ദൗര്‍ലഭ്യം ഉണ്ടായിരുന്ന അക്കാലത്ത് ഇതൊന്നും അതിശയോക്തിയല്ല.

   അമ്മായിമാരുടെ വീട് പണികള്‍ പൂര്‍ത്തിയായി. അവരെല്ലാം താമസം മാറി. ഞങ്ങളുടെ അയല്‍ക്കാരായി ഒരു നായര്‍ തറവാടായിരുന്നു എന്ന് പറഞ്ഞല്ലോ.  അവിടെ നാലു ചേച്ചിമാരും, മൂത്ത ചേട്ടനും , അവരുടെ അമ്മയും പിന്നെ അച്ഛന്‍റെ ജ്യേഷ്ഠനു (വല്യച്ഛന്‍) മായിരുന്നു താമസം .അച്ഛന്‍ വേറെ എവിടേയോ ആയിരുന്നു. വല്യച്ഛന് കവലയില്‍ ചായപ്പീടികയും. ഈ സഹോദരിമാരാണ്  കടയില്‍ സഹായിച്ചിരുന്നത്. ഉമ്മയെ സദ്യ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ചതവരാണ്. സാമ്പാര്‍, അവിയല്‍, കാളന്‍, രസം എന്നിവയെല്ലാം ഉണ്ടാക്കാന്‍ പഠിപ്പിച്ചു. പെരുന്നാളിന് അവര്‍ വന്ന് ഉമ്മയെ സഹായിക്കാറുണ്ട്. ഉപ്പാക്കും ഞങ്ങള്‍ക്കും സദ്യ വിഭവങ്ങള്‍ വളരെ ഇഷ്ടമായിരുന്നതു കൊണ്ട് പെരുന്നാള്‍ ദിവസം അതാണ് പതിവ്. നോൺ വെജ് പിറ്റേ ദിവസമേ  കാണു. അന്ന് ഉമ്മയെക്കൊണ്ട് കോഴിയിറച്ചിയും പത്തിരിയും ഉണ്ടാക്കിച്ച് നാട്ടുകാരായ ഉപ്പയുടെ സ്നേഹിതരെ സല്‍കരിക്കുന്ന പതിവും ഉണ്ടായിരുന്നു. ആ ചേച്ചിമാര്‍ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയ ചേച്ചിയുടെ സഹോദരീ സഹോദരങ്ങളായ രണ്ടുമക്കള്‍ക്ക് ഞങ്ങളിന്നും മാമൻമാരാണ്.

                      ഇതൊക്കെപറഞ്ഞത് അന്നത്തെ മത സൗഹാര്‍ദ്ദാന്തരീക്ഷം എത്ര ഊഷ്മളമായിരുന്നു എന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ്.
           
                     പീടിക പൊളിയുകയും, കാര്‍ഷിക വരുമാനങ്ങളൊന്നും കാര്യമായി ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ഉപ്പയുടെ സ്ഥിരമല്ലാത്ത വരുമാനത്തെ മാത്രം അശ്രയിക്കേണ്ടി വന്നു. സ്വാഭാവികമായി പലപ്പോഴും ഞെരുക്കവും നേരിട്ടു. എങ്കിലും കഷ്ടപ്പാടുകൾ അറിഞ്ഞിട്ടില്ല. ഇന്നത്തെ പോലെ ഗ്യാസും മറ്റ് സൗകര്യങ്ങളും പോയിട്ട്, കത്തിക്കാന്‍ ശരിക്ക് വിറക് പോലും കിട്ടാന്‍ പ്രയാസമായിരുന്ന അന്ന്, യാതോരു അല്ലലുമറിയാതെ ഞങ്ങള്‍ ഏഴെട്ടു മക്കളെ പോറ്റി വളര്‍ത്തിയ ഉമ്മയെപ്പോലെയുള്ള അമ്മമാരായിരുന്നു അന്ന് പലരും. ഇന്ന് അത്തരം അമ്മമാര്‍  വിരളമാണ്. ഇപ്പോള്‍ ആ പത്തുമക്കളില്‍ അഞ്ചേ  ബാക്കിയുള്ളു.

 1954 ല്‍ മൂത്ത ജ്യേഷ്ഠന് (ഹമീദ്ക്ക) വടക്കെക്കാട് പഞ്ചായത്തില്‍ അസിസ്റ്റന്‍റ് ആയി ജോലികിട്ടിയത് ഉപ്പാക്ക് വലിയ താങ്ങായി. ഹമീദ്ക്കാക്ക് അവിടെ തറവാട്ടില്‍ താമസമാക്കാനും പറ്റി. ഞങ്ങളുടെ പഠന കാര്യങ്ങളില്‍ ഹമീദ്ക്ക പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  ബാക്കി ഞങ്ങളെല്ലാവരും  വിദ്യാര്‍ത്ഥികളായിരുന്നല്ലോ.




     1962 മാര്‍ച്ചില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി.  ഫലം പത്രത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ടി എം എച്ച് എസ്സിലെ റിസൾട്ട്, അക്കിക്കാവ് അമ്പലത്തിനടുത്ത് തുടങ്ങിയ സ്കൂളിലെ അച്ഛന്‍ മാഷ് എന്തോ ആവശ്യത്തിൻ തിരുവന്തപുരത്ത് പോയിവരുമ്പോള്‍ കൊണ്ടു വന്നു. ലിസ്റ്റില്‍ നമ്പറിന് മുകളില്‍ സ്റ്റാർ കണ്ടു. പത്രം വരാന്‍ തിടുക്കമായി. (അച്ഛന്‍ മാസ്റ്ററുടെ ആ സ്കൂള്‍ പിന്നീട് അടച്ചു). അദ്ദേഹം റിസൾട്ട് എഴുതിയെടുത്ത ഒരു പേപ്പറാണ് കൊണ്ടു വന്നത് . അതു കണ്ട് വിശ്വാസം വരാതെയാണ് പിറ്റെ ദിവസത്തെ പേപ്പറിനായി കാത്തു നിന്നത്. നല്ല മാർക്കോടെ വിജയിച്ചു. അന്നൊക്കെ ജില്ലയിലെ മുഴുവന്‍ പേരുടെ റിസൾട്ടും പേപ്പറില്‍ വരും.  ഇനി എന്ത് എന്ന കാര്യത്തില്‍ യാതൊരു മുന്‍ നിശ്ചയവും ഉണ്ടായിരുന്നില്ല. ചിത്രരചനയില്‍ അഭിരുചി ഉണ്ടായിരുന്നതു കൊണ്ട്, അങ്ങോട്ട് തിരിയാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലായിരുന്നു.
     
ഹൈസ്കൂൾ പഠനത്തിന് ശേഷം

       ഞാന്‍ പത്താം ക്ളാസ്സ് പാസ്സായി ഇരിപ്പായി. കോളേജ് പഠനം പരിഗണനയിലില്ല. എഞ്ചിനീയറിങ്ങ് ഡിപ്ളോമയെപ്പറ്റി എനിക്കക്കാലത്ത് അറിവില്ലായിരുന്നു. ഡ്രോയിംഗില്‍ അഭിരുചി ഉണ്ടായിരുന്നതു കൊണ്ട് ആ വഴിക്ക് ചുളുവില്‍ വല്ല പഠനവും നടത്താമെന്നു കരുതിയിരിക്കയായിരുന്നു.  അങ്ങിനെ കഴിയവെ, ഒരുദിവസം എവിടേയോ പോയി ഒരു വൈകുന്നേരം ഉപ്പ വീട്ടില്‍ വരുമ്പോള്‍ കൈവശം റോസും മഞ്ഞയും നിറത്തില്‍ രണ്ടു ഫോം ഉണ്ട്. ഉപ്പ അത് നിവര്‍ത്തി വെച്ച് പൂരിപ്പിക്കാന്‍ തുടങ്ങി. എസ് എസ് എൽ സി ബുക്ക് ചോദിച്ചു. പൂരിപ്പിക്കല്‍ കഴിഞ്ഞ് അതിലേക്ക് വേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ കാര്യം വന്നു. സര്‍ട്ടിഫിക്കറ്റുകള്‍ മൂന്നാലെണ്ണം വേണം. ഫീസാനുകൂല്യം കിട്ടണമെങ്കില്‍ പിതാവിന്‍റെ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്  ഇതെല്ലാം വേണം. അന്ന് ഇവിടെ പാര്‍വത്യക്കാരന്‍ എന്നു വിളിക്കുന്ന  അധികാരി (ഇന്നത്തെ വില്ലേജ് ഓഫീസര്‍) സാക്ഷ്യപ്പെടുത്തിയാല്‍, വടക്കാഞ്ചരി  തഹസില്‍ദാര്‍ സർട്ടിഫിക്കേറ്റ് തരും. പക്ഷെ ഇതെല്ലാം ചെയ്ത് തീര്‍ക്കാന്‍ നാളെ ഒറ്റ പകലെയുള്ളു. മറ്റെന്നാള്‍ അപേക്ഷ തിരവനന്തപുരത്ത് കിട്ടേണ്ട അവസാന ദിനമാണ്. എന്‍റെ സ്വഭാവ സർട്ടിഫിക്കേറ്റ് പരിശോധിച്ച ജ്യേഷ്ഠന്മാര്‍ക്കത് ബോധിച്ചില്ല. അതില്‍ സ്വഭാവം തൃപ്തികരം എന്നേയുള്ളു. അതു പോര അതിലും മെച്ചപ്പെട്ട ഒരു സര്‍ട്ടിഫിക്കറ്റ് നാളെ ഞാന്‍ സ്കൂളില്‍ പോയി സംഘടിപ്പിക്കണം. (അതിന്‍റെ ഒരാവശ്യവുമില്ലായിരുന്നു, തൃപ്തികരം തന്നെ ധാരാളമാണ്.) മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ സമ്പാദിക്കും. ഹെഡ്മാസ്റ്ററോട് ആദ്യം തന്ന സര്‍ട്ടിഫിക്കറ്റ് പോയി എന്ന് പറഞ്ഞാല്‍ മതി എന്ന ഉപദേശവും കിട്ടി. പിറ്റെ ദിവസം ഞാന്‍ സ്കൂളില്‍ പോയി ഹെഡ്മാഷിനെ കണ്ടു. 

''എന്താ വന്നേ'' 
'' ഒരു കണ്ടക്ട് സര്‍ട്ടിഫിക്കറ്റ് വേണം'' '
"അപ്പൊ തനിക്ക് തന്നതോ'' 
''അത് പോയി'' 
''എവിടെപോയീ?...'' 

എന്‍റെ മുട്ടിടിച്ചു. ഞാന്‍ പരുങ്ങി. വേഗം നേരു പറഞ്ഞു. 

''ഒരു നല്ല  സര്‍ട്ടിഫിക്കറ്റ് വേണം..''
'' ആ അതല്ലെ പറയാ.. അല്ലാതെ നുണ പറയാ..'' 
'' നില്‍ക്ക് സര്‍ട്ടിഫിക്കറ്റ് തരാം, തന്‍റെ സ്വഭാവം നല്ലതു തന്ന്യാ..'' 

അതു കേട്ടപ്പോള്‍ ശ്വാസം നേരെയായി. ഇട്ട്യേച്ചന്‍മാഷ് അങ്ങനെയാണ്.  വൈകുന്നേരമായപ്പോഴെക്കും ഭാഗ്യം കുടെയുണ്ടായിരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം കിട്ടി. അടുത്തപണി അപേക്ഷ തിരുവനന്തപുരത്ത് എത്തിക്കുക എന്നുള്ളതാണ്. അതിന് ഉപ്പതന്നെ പുറപ്പെട്ടു. രാത്രി തൃശൂരില്‍ നിന്ന് വണ്ടി കയറിയാല്‍ രാവിലെ തിരുവനന്തപുരത്ത്.

        പോളി ടെക്നിക് അഡ്മിഷനുള്ള അപേക്ഷ തിരുവന്തപുരത്ത് എത്തിക്കാന്‍ പോയ ഉപ്പ തിരിച്ചെത്തിയത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ്.  ദിവസങ്ങള്‍ കുറെ കഴിഞ്ഞ് കാര്‍ഡ് വന്നു. എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ index മാർക്ക്  (കണക്ക് + സയൻസ്) ഉണ്ടായിരുന്നതിനാല്‍ ചോദിച്ച സ്ഥലത്തു (MTI) തന്നെ സെലക്ഷൻ കിട്ടി.

                       ജൂണ്‍ മാസം ഏതാണ്ട്  അവസാനത്തില്‍ ഉച്ചതിരിഞ്ഞ് ഉപ്പ എന്നെയും കൂട്ടി തൃശൂര്‍ക്ക് പുറപ്പെട്ടു. കൂടെ അന്നൊക്കെ ഉപ്പയുമായി അടുപ്പത്തിലായ ഇവിടെ സ്ഥിരമായി വന്നിരുന്ന, ഷര്‍ട്ടിടാത്ത,  മുഖത്തുമുഴുവന്‍ വസൂരികുത്തുകള്‍ ഉള്ള, ഞങ്ങള്‍ 'പഷ്ട് ' മുസിലിയാര്‍ എന്നുവിളിക്കുന്ന ആളും ഉണ്ടായിരുന്നു. അങ്ങനെ വിളിക്കാന്‍ കാരണം. അയാള്‍ക്ക് ഏതൊരു കാര്യം ഇഷ്ടപ്പെട്ടാലും 'പഷ്ട്' എന്ന പദമാണ് വായില്‍ വരിക. മൂത്ത താത്താക്ക് ഭര്‍ത്തൃഗ്രഹത്തില്‍ വെച്ച് വസൂരി വന്നപ്പോള്‍ ചികിത്സിക്കാനായി ആരോ ഉപ്പാക്ക് പരിചയപ്പെടുത്തിയതാണ് അയാളെ. വസൂരി വന്ന രക്ഷപ്പെട്ട ആളാണ് എന്നുള്ളതാണ്  യോഗ്യത. പിന്നീട് അയാള്‍ ഇവിടെ സ്ഥിരം വരവായി. ശുദ്ധനായിരുന്നു.

                ഞങ്ങള്‍ എം ടി ഐ യിൽ എത്തിയപ്പൊള്‍ മൂന്ന് മണി ആയിക്കാണും. പുറപ്പെടുന്നതിന് മുന്‍പ് ഫീസടക്കാന്‍ 300 രൂപ ഹമീദ്ക്ക ഉപ്പയെ ഏല്‍പ്പിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അന്ന് അതൊരു വലിയ തുകയാണ്. പ്രിന്‍സിപ്പാളിനെ കണ്ടു. അദ്ദേഹം ഓഫീസിലേക്ക് വിട്ടു. പ്രിന്‍സിപ്പാള്‍ ലിയോള്‍സ് സാര്‍ ഉയരം കുറവാണെങ്കിലും നല്ല പേഴ്സണാലിറ്റി ഉള്ള ആളായിരുന്നു. ഫുള്‍സ്യൂട്ടിലെ എപ്പോഴും കാണു. ഓഫീസിൽ ക്ളർക്ക് ഒറിജിനൽ സർട്ടിഫിക്കേറ്റുകൾ എല്ലാം വാങ്ങി വെച്ച് കോഷൻ ഡെപ്പോസിറ്റ് 20 രൂപ ആവശ്യപ്പെട്ടു. അത്രയേ വേണ്ടു.  ഫീസ് ആദ്യം അടക്കേണ്ടി വരുമെന്നും ആനുകൂല്യം പിന്നീടേ ലഭിക്കൂ എന്നുമായിരുന്നു ധരിച്ചിരുന്നത്. പ്രൈവറ്റ് പോളികളില്‍ അങ്ങനെ ആയിരുന്നു എന്ന് തോന്നുന്നു .  ഉപ്പാക്ക് അന്ന് തിരുവനന്തപുരത്ത് എന്തോ കാര്യം ശരിയാക്കാനുണ്ടായിരുന്നു. പണം കയ്യില്‍ ബാക്കി ആയപ്പോള്‍ ഉപ്പ നേരെ തിരുവനന്തുരത്തേക്ക് വിട്ടു. ഞങ്ങളോട് വീട്ടിലേക്ക് പൊയ്ക്കൊള്ളുവാനും പറഞ്ഞു 


എം ടി ഐ

               ക്ലാസ്സ് തുടങ്ങിയ ദിവസം ഞാന്‍ ക്ലാസ്സിലെത്തുന്നത് 10 മണിക്കാണ്. ക്ലാസ്സ് 9 മണിക്കേ തുടങ്ങിക്കഴിഞ്ഞു. ഡ്രോയിങ് ക്ളാസ്സായിരുന്നു.  ഉപകരണങ്ങള്‍ ഒന്നും കയ്യിലില്ല. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ ആയിരുന്നു ആരംഭം . ദിവസവും രാവിലെ ആറെ മുക്കാലിന് ബസ്സില്‍ കയറി എട്ടര യോടെ MTI യിലെത്തും. ബസ്സിന് 37 + 37 = 64 പൈസ മതി. ഉപ്പ വന്നത് അഞ്ചു പത്ത് ദിവസം കഴിഞ്ഞാണ്. അതുവരെ ഹമീദ്ക്കയുടെ ചുമതലയിലായി കാര്യങ്ങള്‍. ഡ്രോയിങ് ക്ളാസ്സുകള്‍ ഒഴിച്ചാല്‍ മറ്റു ക്ലാസ്സുകള്‍ എല്ലാം 120 പേരെ വെച്ചാണ്. ലക്ചർ ക്ള്സ്സുകളായ  Maths, Mechanics, Science, English എന്നിവ. ഇംഗ്ളീഷ് ആഴ്ചയില്‍ ഒരു ദിവസം മാത്രം . എഞ്ചിനീയറിങ് കോളേജിലെ ലക്ചറർ  വന്ന് ആ ക്ളാസ്സ് എടുക്കും. അതുപോലെ സയൻസ് ലാബിന്  അങ്ങോട്ടും  കൊണ്ടുപോകും. ഗവ.  Institutions ആയതു കൊണ്ടുള്ള പ്രത്യേകത. ഇപ്പോള്‍ അങ്ങനെയൊന്നും ഉണ്ടാവാന്‍ സാദ്ധ്യതയില്ല.

              ലക്ചർ ക്ളാസ്സുകള്‍ എനിക്ക് കീറാമുട്ടിയായി. ഒന്നും മനസ്സിലാകുന്നില്ല. ക്ലാസ്സില്‍ പകുതി പേരോളം പ്രീ യൂണിവേഴ്സിറ്റി കഴിഞ്ഞവരാണ്. തോറ്റവരും ജയിച്ചവരുമുണ്ട്. കാര്യങ്ങള്‍ അവര്‍ക്ക് പെട്ടന്ന് മനസ്സിലാകും.  ഗ്രാമവാസികളായ എന്നെപ്പോലെയുള്ളവര്‍ അവതാളത്തിലായി. ഓണപ്പരീക്ഷക്ക് ഈ വിഷയങ്ങളില്‍ എല്ലാം എട്ടു നിലയില്‍ പൊട്ടി. 

             അരക്കൊല്ല പരീക്ഷയുടെ കുറച്ചു മുന്‍പാണ്, രാമനിലയം കോമ്പൗണ്ടിന്‍റെ വടക്കു ഭാഗത്തുള്ള  ഒരു ലോഡ്ജില്‍ താമസം ശരിപ്പെട്ടത്. അപ്പോള്‍ മുതലേ പഠനം നേര്‍വഴിക്കായുള്ളു. 

                   മൂന്നാം ടേമിൽ എനിക്ക് ഗവ. ഓഫ് ഇന്ത്യയുടെ merit cum income സ്കോളർഷിപ്പ് കിട്ടിയത് വലിയ അനുഗ്രഹമായി. മാസം 50 രൂപ. ഇന്നത്തെ 5000 രൂപക്ക് സമം. ഒരാള്‍ക്ക് അതുകൊണ്ട് അന്ന് സുഖമായി കഴിയാം.

ഒന്നാം വര്‍ഷം ഡ്രോയിങ് കൂടാതെ, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ മൂന്നാണ്. Smith, Carpentry, Fitting. മൂന്ന് ബാച്ചുകളാക്കി മൂന്ന് മാസം വീതം. ഞാന്‍ ആദ്യം പെട്ടത്  smith ല്‍. ആദ്യ ദിവസം തന്നെ ഏതാണ്ട് പകുതിയോളം പേര്‍ പുറത്തായി. കാരണം, ആരുടേയും കാലില്‍ ചെരുപ്പില്ല. മുണ്ടാണ് ഇവരെല്ലാം ഉടുത്തിരിക്കുന്നത്. ഇരുമ്പ് കഷ്ണങ്ങള്‍ പഴുപ്പിച്ച്   Anvil ലില്‍ വച്ച് അടിച്ച് ഒരോ ഷേപ്പ് ആക്കുന്നതാണ് അവിടെ പഠിപ്പിക്കുന്നത്. അതിന് ഈ വേഷം അനുയോജ്യമല്ല.അടുത്ത ക്ലാസ്സില്‍ shorts, ചെരുപ്പ് മുതലായവ ധരിച്ച് ചെന്നാല്‍ മതി എന്ന നിര്‍ദ്ദേശത്തോടെ ഞങ്ങളെ  പറഞ്ഞുവിട്ടു. വർക്ക് ഷോപ്പ് ആഴ്ചയില്‍ ഒരു ദിവസമേ ഉള്ളു എന്നതു കൊണ്ട് രക്ഷപ്പെട്ടു. അദ്ദേഹം പറഞ്ഞത് ശരിതന്നെയാണ്. തീപ്പൊരിയും ഇരുമ്പ് ചീളുകളുമെല്ലാം ഉള്ള ഇടത്തേക്ക് ചെരുപ്പിടാതെ മുണ്ടുടുത്ത് ചെന്നാല്‍ ഉള്ള സ്ഥിതി പറയേണ്ടല്ലോ. ഇതൊന്നും മുന്‍ കൂട്ടി പറഞ്ഞു തരാന്‍ എനിക്കാരുമുണ്ടായില്ല. Prospectus ല്‍ ഉണ്ടായിരുന്നോ എന്തോ.. ആര് വായിച്ചു?!

               മൂന്ന് മാസം കഴിഞ്ഞ് Fitter ക്ളാസ്സ്. ഇരുമ്പ് മുറിക്കലും ബ്ളേഡ് കൊണ്ട് രാകി ഷേപ്പ് ആക്കലും. എനിക്ക് കിട്ടിയ hack saw യുടെ പല്ലെല്ലാം തേഞ്ഞു പോയിരുന്നു. അതുകൊണ്ട് മുറിച്ച ഭാഗം steel പോലെ തിളങ്ങി. മുറിഞ്ഞു കിട്ടാന്‍ ഞാന്‍ വല്ലാതെ വിഷമിച്ചിരുന്നു. എനിക്കറിയില്ലല്ലോ പല്ലു തേഞ്ഞ saw ആണ് അതെന്ന്.  അറ്റൻഡർ ഞാന്‍ മുറിച്ച ഭാഗം കണ്ട് മൂക്കില്‍ വിരല്‍ വെച്ചു. അത്രക്ക് മിനുസം. ബ്ലേഡ് മാറ്റണമായിരുന്നു. അതറിയണ്ടേ !

           അടുത്ത ടേമിൽ കാർപ്പെൻ്ററി. അവിടത്തെ ഇൻസ്ട്രക്ടർക്ക് എന്നെ തീരെ പിടിച്ചിട്ടില്ല. ഒരു 80  പൗണ്ട്കാരന്‍ എലുമ്പന്‍  എന്ത് Carpentry Work ചെയ്യാനാണ് എന്ന മുന്‍വിധി ആയിരിക്കണം അദ്ദേഹത്തിനുണ്ടായത്. എല്ലാവര്‍ക്കും ഈരണ്ട് മരക്കഷ്ണങ്ങള്‍ തന്നു അത് T ആകൃതിയില്‍ യോജിപ്പിക്കണം.  മിനുസമാക്കണം എല്ലാം പറഞ്ഞു തന്നു. എല്ലാവരും പണി ആയുധങ്ങളുമെടുത്ത് പണി തുടങ്ങി. ചിലരുടെ മരക്കഷ്ണങ്ങല്‍ നാലു കഷ്ണങ്ങളായി. ചിലരുടേത് പൊളിഞ്ഞു. മറ്റു ചിലരുടേത് വളരെ ലൂസായ joint ആയി.  എന്നാല്‍ എന്‍റേതോ Perfect ആയ ഒരു Dove Tail Joint ആയി പരിണമിച്ചു. അതിന് കാരണം ഉപ്പയാണ്. ഉപ്പാക്ക് Tools നോട് കമ്പമാണ്. പ്രത്യേകിച്ച് ആശാരിപ്പണിക്കുള്ളത്. പലതും വാങ്ങിക്കൊണ്ടുവരും.  ഉളി, അരം, മരവാള്‍ എന്നിവ.  അതുകൊണ്ടെല്ലാം ചില്ലറപണികള്‍ ഞാന്‍ ചെയ്യാറുണ്ട്. ആ പരിചയമാണ് എന്നെ അന്ന് 'കുരുടന്‍ നാട്ടിലെ കോങ്കണ്ണന്‍ രാജാവാ' ക്കിയത്.

          ആ Instructor ക്ക് എന്‍റെ പണികണ്ട് അതിശയമായി. കുളമാക്കുന്നതില്‍ മുമ്പന്‍ ഞാനായിരീക്കുമെന്നാണ് അദ്ദേഹം കരുതിയിരുന്നത് എന്നു തോന്നുന്നു. അതാണ് അതിശയിക്കാന്‍ കാരണം. പിന്നെ  നന്നെ ശോഷിച്ച അന്നത്തെ എന്‍റെ രൂപവും. ഏതായാലും അതിനുശേഷം അദ്ദേഹത്തിന് എന്നോട് വളരെ സ്നേഹമായി.

        വിരസത മാറ്റാന്‍ അല്പം രസം കലര്‍ത്തിയതാണേ... പിന്നീട് ഒന്നാം വര്‍ഷം കാര്യമായി ഒന്നും ഉണ്ടായിട്ടില്ല. Annual Exam (public) ന് വന്ന Mechanics question paper വളരെ എളുപ്പമായതാണ് എന്നെ വല്ലാതെ സഹായിച്ചത്. എനിക്കത് പേടിസ്വപ്നമായിരുന്നു. Coaching മോശമായിരുന്നു. ഒന്നാം വര്‍ഷം നല്ല മാർക്ക് വാങ്ങിക്കാന്‍ കഴിഞ്ഞതിൽ ഡ്രോയിങ്ങിലെ മേന്മയും ഒരു കാരണമായിരുന്നു.

         അവസാന പരീക്ഷക്ക്,  എന്‍റെ പേടി സ്വപ്നമായിരുന്ന മെക്കാനിക്സ് പേപ്പർ എളുപ്പമായിരുന്നതുകൊണ്ട്, മൊത്തത്തില്‍ 63 % മാര്‍ക്ക് കിട്ടി.(ഏതിലെങ്കിലും തോറ്റാല്‍ ഒരുവര്‍ഷം നഷ്ടപ്പെടും) അതിന്‍റെ അടിസ്ഥാനത്തില്‍ ബ്രാഞ്ച് മാറ്റം അനുവദിച്ചു. ഉപ്പ അന്ന്, പൂരിപ്പിക്കുമ്പോള്‍ അപേക്ഷാ ഫോറത്തില്‍ സിവിൽ നിർത്തി ബാക്കിയെല്ലാം വെട്ടിയിട്ടുണ്ടായിരുന്നു.  മെക്കാനിക്കലിനോടായിരുന്നു എനിക്ക് താല്പര്യം. കാരണം കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ തന്നെ വല്ല കമ്പനിയിലും കയറിക്കൂടാം. മാത്രമല്ല യന്ത്രസാമഗ്രികളോടുള്ള  അഭിരുചിയും കാരണമാണ്. വ്യവസായശാലകള്‍ പലതും പുതുതായി ആരംഭിച്ചിരുന്ന അക്കാലത്ത് യോഗ്യതയുള്ളവർക്ക് വന്‍ ഡിമാൻ്റ്  ഉണ്ടായിരുന്നു.

         ആ വര്‍ഷം ഓണത്തിന് ശേഷമാണ് രാമനിലയത്തിന് വടക്ക് വശത്തുള്ള തിരിവില്‍ താമസിക്കാന്‍ ഇടം കിട്ടിയത്. MG & Sons എന്നായിരുന്നു ആ ലോഡ്ജിന്‍റെ പേര്‍. പുറകില്‍ നല്ലവരായ വീട്ടുകാരും താമസമുണ്ടായിരുന്നു. താമസക്കാര്‍ എല്ലാവരും MTI വിദ്യാര്‍ത്ഥികളായിരുന്നു. ഒരിക്കല്‍ പനി വന്ന് അവശനായപ്പോള്‍ പൊടിയരിക്കഞ്ഞിയും, വടുകപ്പുളി നാരങ്ങയും ചീനമുളകും മാത്രം ചേര്‍ത്ത അച്ചാറും തന്നു. ആ അച്ചാര്‍ വളരെ സ്വാദിഷ്ടമായിരുന്നു, പനിക്കുമ്പോള്‍ പോലും. അതുകൊണ്ട് ഇന്നും ഓര്‍ക്കുന്നു. അന്ന് രാമനിലയത്തിന്‍റെ വടക്കെ ഗേറ്റ് കടന്ന്  തെക്കെ ഗേറ്റിലൂടെ പുറത്തിറങ്ങാം, ആരും തടയില്ല. പാലസ് റോഡിലേക്കുള്ള  വഴി മൂന്നിലൊന്നായി കുറയും. ഒരിക്കല്‍ അങ്ങിനെ  നടന്നു പൊകുമ്പോള്‍ ദൂരെ രാമനിലയം വരാന്തയില്‍ അന്നത്തെ പ്രസിദ്ധ നടി അംബിക ഇരിക്കുന്നതു കണ്ടു. അന്ന് മനുഷ്യര്‍ എത്ര സ്വതന്ത്രരായിരുന്നു.!

             ഭക്ഷണം കഴിക്കുന്നത് അധികവും പാലസ് റോഡിലുള്ള മോഡേണ്‍ കഫേ എന്ന ഹോട്ടലില്‍ നിന്നായിരുന്നു. ബ്രാഹ്മിണുകള്‍ മാത്രം ജോലിക്കാരായുള്ള ഹോട്ടല്‍. അന്ന്  റൗണ്ട് സൗത്തില്‍ ഉണ്ടായിരുന്ന പ്രസിദ്ധമായ 'പത്തന്‍സ് കഫേ' അത്തരം ഒരുഹോട്ടലായിരുന്നു. അവിടത്തെ മസാലദോശ കഴിച്ചിട്ടുള്ളവരാരും അതിന്‍റെ രുചി മറന്നു കാണില്ല.          അത്രത്തോളം വരികയില്ലെങ്കിലും സ്വാമിയുടെ ഈ ഹോട്ടല്‍ ഒട്ടും മോശമായിരുന്നില്ല. സ്വാമിയാണെങ്കില്‍ ഒരു തങ്കപ്പെട്ട മനുഷ്യന്‍. എല്ലവരുടേയും കാണപ്പെട്ട ദൈവം. പറ്റുകാരോട് കഴിച്ച ഭക്ഷണത്തിന്‍റെ കാശിന് വേണ്ടി ഒരിക്കലും ചോദിക്കാത്ത ആള്‍. അതുമാത്രമല്ല. അത്യാവശ്യം വന്നാല്‍, പറ്റ്കാശ് നിലനില്‍ക്കുമ്പോള്‍ തന്നെ സ്വാമിയുടെ പക്കല്‍ നിന്ന് കാശ് കടമായി, വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ വാങ്ങാറുണ്ട്. പറ്റുകാര്‍ അധികവും വിദ്യാര്‍ത്ഥികളായിരുന്നു. പഠനം കഴിഞ്ഞ് കടം നില നിര്‍ത്തി പോകുന്നവര്‍ ജോലിയെല്ലാം കിട്ടിയതിന് ശേഷമാണ്  സ്വാമിയുടെ കടം വീട്ടിയിരുന്നത്. ഞാനും ആ കൂട്ടത്തില്‍ പെടുന്നു. അങ്ങനെയൊക്കെയാണ് അദ്ദേഹം ഹോട്ടല്‍ നടത്തിപ്പോന്നത്. കാശിന് ഒട്ടും ആര്‍ത്തിയില്ലാത്ത ഒരു മനുഷ്യന്‍.  

അന്ന് മ്യൂസിയം റോഡ് തുടങ്ങുന്നിടത്ത് രണ്ടു ചെറു ഹോട്ടലുകൾ ഉണ്ടായിരുന്നു.   ഹോട്ടൽ ക്രാങ്കന്നൂർ. തൊട്ടടുത്ത്  ഒരു നമ്പ്യാരുടെ ഹോട്ടല്‍, നമ്പ്യാരുടെ  ഹോട്ടലിൽ നിന്ന് ഞാന്‍ ഒന്നാം വര്‍ഷം ഭക്ഷണം കഴിക്കുമായിരുന്നു. ചില ദിവസങ്ങളില്‍ ചെമ്മിന്‍ കറിയും മട്ടണ്‍ കറിയും കിട്ടുമായിരുന്നു. അതാണ് ആകര്‍ഷണം.

           എന്നാല്‍ ഒന്നാം വര്‍ഷത്തിനു ശേഷം സ്വാമിയു ടെ ഹോട്ടലിനെ മാത്രമേ ആശ്രയിച്ചുള്ളു.  പേലസ് റോഡ് പരിസരത്ത് വേറേയും പല ഹോട്ടലുകളും ഉണ്ടായിരുന്നു. 

          അന്നത്തെ ബസ്സ് സ്റ്റാൻഡ് മുന്‍സിപ്പല്‍ ഓഫീസിന്  മുന്‍വശത്തായിരുന്നു. അഞ്ചോ ആറോ ബസ്സുകള്‍ മാത്രം നിറുത്തുവാനുള്ള  സ്ഥലമേയുള്ളു. കുന്നംകുളം ഭാഗത്തേക്ക് പതിനഞ്ച് മിനുട്ടില്‍ ഒരുബസ്സ്. അത്രയേ ഉള്ളു. ഇപ്പോഴുള്ള ഫേഷന്‍ ഫേബ്രിക്സ്,  കുറ്റിച്ചാക്കു ലോന അന്തോണി, ഹൈറോഡിലെ ചാക്കോളാസ് എന്നീ തുണിക്കടകള്‍, ഹോട്ടല്‍ സിലോണ്‍ പത്തന്‍സ് കേഫ്, ഹോട്ടല്‍ രാധാകൃഷ്ണ. ഇവയില്‍ രാധാകൃഷ്ണ മാത്രം ഇപ്പോഴും നില നില്‍ക്കുന്നു. ഇന്നത്തെ പത്തന്‍സ്  കേഫ് വേറെയാണ്.

             അടുത്ത കാലം വരെ ഉണ്ടൊയിരുന്ന കഫേ കാസിനോ  എലൈറ്റ് വസ്ത്രാലയത്തിനടുത്ത് ഉണ്ടായിരുന്നു . അവിടെ പോയാണ് വല്ലപ്പോഴും ഒരു ബിരിയാണി കഴിക്കാറ്. പ്രവേശന കവാടം മാത്രമേ പുറത്തുനിന്ന് കാണുകയുള്ളു. അവിടെ ബിരിയാണിക്ക് അന്ന് ഒന്നര രൂപയാണ്. സ്വാമിയുടെ ഹോട്ടലില്‍ ഊണിന്  വിദ്യാര്‍ത്ഥികള്‍ക്ക് 40 പൈസയാണ്. മറ്റുള്ളവര്‍ക്ക് 50 പൈസയും ഒന്നര രൂപകൊണ്ട്  ഒരുദിവസം കഴിയാം. പിന്നെ ഏത് പാതിരാത്രിയിലും ബിരിയാണി കിട്ടുന്ന ഒരു ഹോട്ടല്‍  ചെട്ടിയങ്ങാടിയിൽ  ഉണ്ടായിരുന്നു. ഹോട്ടല്‍ ക്രസന്‍റ് . മലബാറുകാരുടെതായിരുന്നു അത്.
പരീക്ഷാ നാളുകളില്‍ പാതിരാത്രിയില്‍ സംഘം ചേര്‍ന്ന് അവിടെ പോയി ബിരിയാണി കഴിക്കുന്ന പതിവുണ്ടായിരുന്നു. വേറെയും ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കിലും അവിടെയൊന്നും ഞാന്‍ പോയിട്ടില്ല. അന്നൊന്നും കല്യാണങ്ങള്‍ക്ക് ബിരിയാണി സാര്‍വത്രികമായിട്ടില്ല.

          തിയറ്ററുകള്‍ മാത (ഇപ്പോഴത്തെ ബിന്ദു),   രാമവര്‍മ്മ ( പിന്നീട് സ്വപ്ന യായി) അവിടെ ഇംഗ്ളീഷ് സിനിമകളാണ് വരാറ്, പിന്നെ ജോസ്. ഇത്രയേ ഉള്ളു. വാസ്തവത്തില്‍  തൃശൂരിനെ സംബന്ധിച്ചിടത്തോളം  തേക്കിന്‍ കാട് മൈതാനത്തിനും റൗണ്ടിനും  ചുറ്റുമുള്ള കടകള്‍ക്കും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. വികസനം  അധികവും നടന്നിട്ടുള്ളത്, വടക്കെ ബസ്സ് സ്റ്റാൻ്റ് വന്നതിന് ശേഷം ആ പരിസരത്തും, പിന്നെ പോപ്പ് വന്നു പോയതിന് ശേഷം ശക്തന്‍ നഗറിലുമാണ്. 

                   ബ്രാഞ്ച് മാറ്റത്തിനായി പ്രിന്‍സിപ്പാളെ കണ്ടപ്പോള്‍, എല്ലാ ബ്രാഞ്ചുകളും ബാലൻസ്  ചെയ്യാന്‍ വേണ്ടി ഇലക്ട്രിക്കൽ ആണ്  അദ്ദേഹം തന്നത്. എന്‍റെ അന്നത്തെ ശാരീരിക അവസ്ഥ വെച്ച് അദ്ദേഹത്തിന്‍റ  ആ തീരുമാനം തന്നെ ആയിരുന്നു ശരി. 

           രണ്ടാം വര്‍ഷം താമസിക്കാന്‍ ഇടം കിട്ടിയത് മ്യൂസിയത്തിന് എതിര്‍ വശത്തുള്ള ഒരു ലോഡ്ജിന്‍റെ രണ്ടാം നിലയിലാണ്. ഞങ്ങള്‍ മൂന്ന് പേര്‍. അതില്‍ മൂന്നാം വര്‍ഷം സിവില്‍ കോതമംഗലത്തുകാരന്‍ നാരായണന്‍ നായര്‍ എനിക്ക് ജ്യേഷ്ഠനെപ്പൊലെ ആയിരുന്നു. രാവിലെ എണീറ്റാല്‍ കണി കാണുന്നത് കരടിക്കൂട്. നിരന്തരം ശബ്ദ കോലാഹലങ്ങള്‍ തന്നെ.  എന്നാലും ശല്യമായി തോന്നിയിരുന്നില്ല. വാരാന്ത്യങ്ങളിൽ വീട്ടില്‍ പോകും. സിനിമകള്‍ക്കൊന്നും പഞ്ഞമില്ല. National Merit Cum Income Scholarship തുടര്‍ന്നും കിട്ടിയത് കുറച്ചൊന്നുമല്ല എന്നെ സഹായിച്ചിട്ടുള്ളത്. അങ്ങനെ പതിനാറാം  വയസ്സില്‍ ഭക്ഷിച്ചു തുടങ്ങിയതാണ് കേന്ദ്രസര്‍ക്കാരിന്‍റെ അഥവാ ഇന്ത്യന്‍ ജനതയുടെ ഉപ്പും ചോറും. അതൊരിക്കലും എനിക്ക് മറക്കാന്‍ കഴിയുന്നതല്ല. 'നിന്‍റെ ജോലി നിഷ്ഠയോടും അത്മാര്‍ത്ഥതയോടും കൂടി ചെയ്യുന്നതാണ് യഥാര്‍ത്ഥ രാജ്യസനേഹമെന്ന്' ഞാന്‍ എവിടേയോ വായിച്ചിരുന്നു. അതാണ് എന്നെ നയിച്ചിട്ടുള്ളത്.

        എൻ സി സി നിര്‍ബന്ധമാണ് എന്നതായിരുന്നു രണ്ടാം വര്‍ഷത്തെ പ്രത്യേകത.  ആ ബാച്ചിൽ അഞ്ച്‌ പെണ്‍കുട്ടികളും ഉണ്ടായിരുന്നു.അവര്‍ക്ക് എൻ സി സി ഇല്ലായിരുന്നു എന്നാണോര്‍മ്മ. ആ വര്‍ഷം തന്നെ യാണ് എം ടി ഐ അനക്സ് ബിൽഡിങ്ങിൽ വിമൻസ് പോളി തുടങ്ങിയത്. രണ്ടാം വര്‍ഷം പബ്ളിക് എക്സാം ഇല്ല. Surveying, Mechanical work shop എന്നിവ രണ്ടാം വര്‍ഷം പഠിക്കേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം മാറിക്കാണും. 

         മൂന്നാം വര്‍ഷം ഞാന്‍ താമസിച്ചത് ഷൊർണൂർ റോഡില്‍ നിന്ന് വടക്കെ ബസ്സ്റ്റാൻ്റിലേക്കിള്ള  റൗണ്ടിന് ഏറ്റവും അടുത്തുള്ള വഴിയിലെ ഒരു ക്രോസ് റോഡിലുള്ള ഒരു 'ഭൂത് ബംഗ്ള' യിലായിരുന്നു. പുറത്ത് നിന്ന് നോക്കിയാല്‍ ആ സ്ഥലം കാണില്ല. അകത്തേക്കുള്ള ഗേറ്റ് മാത്രമേ കാണു. ഒന്നാം നിലയിലെ അഞ്ചാറു മുറികളില്‍ ഈ രണ്ടു പേര്‍ വീതം. താഴെയുള്ളവരുമായി യാതൊരു സമ്പര്‍ക്കവുമില്ല. അവിടെ എന്തായിരുന്നു എന്നും അറിയില്ല. അങ്ങനെ ഒരു സ്ഥലം. ഒരാള്‍ക്ക് പത്തു രൂപയായിരുന്നു വാടക.   

             മൂന്നാം വര്‍ഷത്തെ പഠനം ആ ബ്രാഞ്ചിലെ വിഷയങ്ങളില്‍ മാത്രം ഒതുങ്ങും.  ഏതാനും ടൂറുകളും ഉണ്ട്. മഴയുള്ള ഒരു ദിവസം പെരിങ്ങല്‍കുത്ത് ജല വൈദ്യുത കേന്ദ്രത്തില്‍ കൊണ്ടുപോയി. അവിടെ കണ്ട് പഠിക്കാനുണ്ട്. 
ഡിസംബറില്‍ മദ്രാസ്, ബാംഗളൂർ എന്നിവിടങ്ങളില്‍ ടൂര്‍ പോയി. മദ്രാസില്‍  Basin Bridge Power stationനില്‍ വെച്ച് ഒരു സഹപാഠിക്ക്  അപകടം സംഭവിച്ചു. 

           മൂന്നാം വര്‍ഷം തിരുവനന്തപുരം പാങ്ങോട് ഒരു എൻ സി സി ക്യാമ്പ് ഉണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന പെയിൻ്റ് പോയ ഫയർ ബക്കറ്റുകൾ പെയിൻ്റ്  ചെയ്യാന്‍ എന്നെ എല്പിച്ചു. ചിത്രം വരക്കാന്‍ കഴിവുണ്ട് എന്ന് ആരോ ഇൻചാർജിനെ  ധരിപ്പിച്ചതാണ് അതിനുളള കാരണം. രാവിലത്തെ PT യില്‍ നിന്നും മറ്റ് പരേഡുകളില്‍ നിന്നും രക്ഷപ്പെട്ടതാണ് അതുകൊണ്ടുണ്ടായ ഗുണം അഥവാ നഷ്ടം. 

         ഒരു ദിവസം രാത്രി ഭക്ഷണം ചപ്പാത്തിയും മട്ടണ്‍ കറിയുമായിരുന്നു. ചപ്പാത്തി ഉണ്ടാക്കാന്‍ ആള്പോര. ചപ്പാത്തി കൊടുക്കാന്‍ തികയുന്നില്ല. കേണല്‍ സാബ് കയറി ചപ്പാത്തി  ഉണ്ടാക്കാന്‍ തുടങ്ങി. അതാണ് മിലിട്ടറി. കൃസ്തുമസ്സ് അവധിക്കാലത്തായിരുന്നു അത്.

       അതിനുശേഷമായിരുന്നു സ്റ്റഡി ടൂർ. ആദ്യം പോയത് മദ്രാസിലേക്ക്. Basin bridge power station , Integral coach factory എന്നിവടങ്ങളില്‍ പോയ ഓര്‍മ്മയേ ഉള്ളു അതില്‍ Basin bridge power station ണിലാണ് അപകടമുണ്ടായത്.

       അവിടെ ഞങ്ങളെ  cooling tower ന് മുകളില്‍ കയറ്റി കാണിച്ചു. വലിയ ഫാൻ തിരിയുന്നുണ്ട്. 10 HP യെങ്കിലും കാണും ഫാൻ  തിരിക്കുന്ന മോട്ടോറിന് . ഞങ്ങള്‍ കുറെ പേര്‍ അത് കണ്ട് മനസ്സിലാ്ക്കി താഴെ ഇറങ്ങി. പെണ്‍കുട്ടികള്‍ ചുറ്റിപ്പറ്റി, മോട്ടോറിന്‍റെ specification നും മറ്റും എഴുതി എടുക്കാനായി നിന്നു. ഒരു കുട്ടി (അത് കനകലത ആയിരുന്നു എന്നാണ്  മി. ലക്ഷിമികാന്തന്‍റെ പക്ഷം, അതായിരിക്കും ശരി). അപകടത്തില്‍ പെട്ടു മുടിയോ വസ്ത്രമോ മോട്ടോറിന്‍റെ തിരിയുന്ന ഭാഗത്ത്പെട്ടു. നിസ്സാരമല്ലാത്ത പരിക്ക് പറ്റി ആശുപത്രിയിലാക്കേണ്ടി വന്നു. ടൂർ പ്രോഗ്രാമിന്  ഭംഗം വരാതിരിക്കാനായി, ഗുരുതരാവസ്ഥ ഞങ്ങളെ അറിയിച്ചിരുന്നില്ല. ആശുപത്രിയിലാക്കി എന്നു മാത്രമെ അറിഞ്ഞുളളു.

          പിറ്റെ ദിവസം രാവിലെ ബൃന്ദാവന്‍ എക്സ്പ്രസില്‍ ബാംഗ്ളൂർക്ക് പോന്നു. റിസർവ്വ് ചെയത ഫുൾ കോച്ച് ഉണ്ടായിരുന്നതു കൊണ്ട് ജോളി ആയിരുന്നു ആ യാത്ര. ബാംഗളൂരിൽ HMT, HAL എന്നിവിടങ്ങളില്‍ പോയതായി ഓര്‍ക്കുന്നു. അന്ന് ബാംഗളൂരിൽ നല്ല തണുപ്പുണ്ടായിരുന്നു.  ജലദോഷവും ചെറിയ പനിയും പിടിപെട്ടതും, അടുത്തുള്ള ഒരു ആശുപത്രിയില്‍ ചെന്നപ്പോള്‍ cold mixture തന്നതും ഓര്‍ക്കുന്നു. മദ്രാസിലെ താമസം ഹോട്ടല്‍ മുറിയില്‍ നല്ല സൗകര്യത്തിലായിയുന്നു. എന്നാല്‍ ബാംഗ്ളൂരില്‍ ഒരു  ഹാളായിരുന്നു എന്നാണോര്‍മ്മ. അതു പോലെ മടക്കയാത്രക്ക് റിസർവേഷനും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ ഇൻസ്ട്രകർ ഒരു സൂത്രം പറഞ്ഞുതന്നു.  സ്റ്റേഷൻ യാർഡില്‍ കിടക്കുന്ന ഐലൻ്റ് എക്സ്പ്രസ്സിന്‍റെ unreserved  ബോഗിയില്‍ വളരെ നേരത്തെ വന്ന് സ്ഥലം പിടിക്കുക. പോർട്ടർമാര്‍ സ്ഥലം പിടിച്ചിടാനായി വഴിയെ വരും. അവര്‍ക്കത് വിറ്റ് കാശാക്കാനുള്ളതാണ്. കൊന്നാലും എണീക്കരുത്. സീറ്റ് വിട്ടുകൊടുക്കുകയുമരുത്. പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അവര്‍ വന്ന് പഠിച്ച പണി പതിനെട്ടും നോക്കി. ഭീഷണി മുഴക്കി. എന്നാല്‍ ഞങ്ങളുടെ സംഘടിത ശക്തിയില്‍ തോറ്റ്  പിന്‍വാങ്ങി.

   അന്നത്തെ തൃശൂര്‍, പടിഞ്ഞാറെകോട്ട മുതല്‍ കിഴക്കെ കോട്ടവരയും പാട്ടു രായ്ക്കൽ  മുതല്‍ പട്ടാളം റോഡ് അവസാനിക്കുന്ന ഇടം വരേയും ഓരോ വര വരച്ച് അത്  രണ്ടും ഉള്‍പെടുത്തി ഒരു വൃത്തം വരച്ചാല്‍ അതിലൊതുങ്ങും

          പഠനകാലത്ത് ഒന്നാം വര്‍ഷം അവസാനത്തില്‍ (1963) ആദ്യമായി തൃശൂര്‍ പൂരം കാണാന്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് കുടമാറ്റം തുടങ്ങുന്നതിന് മുന്‍പ് തെക്കെ ഗോപുരത്തിന് മുന്‍വശത്ത് റൗണ്ടില്‍ പോയിനിന്നു. സമയമാവുമ്പോഴേക്കും ജനം പ്രവഹിച്ചുതടങ്ങി എന്നെ തള്ളിത്തള്ളി നടുവിലാലിലെത്തിച്ചു. പിന്നെ നേരിട്ട് കാണാന്‍ ശ്രമിച്ചിട്ടില്ല.


തൃശൂര്‍ പൂരം - ഒരു പഴയ ചിത്രം

                     ഉപ്പയുടെ യൗവനകാലത്ത് ഒരിക്കല്‍ തൃശൂര്‍ പൂരം കാണാന്‍ പോയി. അന്നൊക്കെ ഷര്‍ട്ടിനുമുകളില്‍ കഴുത്ത് ചുറ്റി രണ്ടാംമുണ്ട് ധരിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു . അത് ധരിച്ച് പൂരത്തിന് പോയി തിരക്കില്‍ പെട്ട് രണ്ടാം മുണ്ട് ഇരുവശത്തേക്കും വലിഞ്ഞ് കഴുത്തില്‍ മുറുകി ശ്വാസം കിട്ടാതെ വിഷമിക്കുന്നത് ആരുടേയോ ശ്രദ്ധയില്‍പട്ട് രക്ഷപ്പെടുത്തിയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. തിരക്ക് അന്നും ഇതുപോലെ ഒക്കെ തന്നെ ഉണ്ടായിരുന്നു, എന്നു സാരം. അതിനുശേഷം വേഷടി തോളിലിടുന്നത് ശീലമാക്കി. ഞാന്‍ ആദ്യമായും അവസാനമായും ശരിക്ക് വെടിക്കെട്ട് കണ്ടതും 1963 ല്‍ തന്നെ. പൂരത്തിന്‌ തിരക്കൊഴിഞ്ഞ ഒരു ഘട്ടം കണ്ടത്, രാത്രി ഒമ്പതു  മണിക്ക് ശേഷമുള്ള പാറമേക്കാവിന്‍റെ എഴുന്നള്ളിപ്പിന്നാണ്.  1965 ലെ  പൂരത്തിന് വെടിക്കെട്ട് തുടങ്ങിയശേഷം ലോഡ്ജിൽ, ഞെട്ടിയുണര്‍ന്ന് ഓടിപ്പൊയി നായ്ക്കനാല്‍ ഭാഗത്ത് ചെന്ന് കുറച്ച് നേരം കണ്ടു. പിന്നെ  തൃശൂരില്‍ ഉണ്ടായിരുന്നപ്പോള്‍  വന്ന പൂരങ്ങളെല്ലാം സാമ്പിള്‍ വെടിക്കെട്ടിലൊതുങ്ങി. എന്നാല്‍ ഞങ്ങളുടെ അക്കിക്കാവമ്പലത്തിലെ പൂരം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നു തന്നെയാണ്. പഠന കാലം കഴിഞ്ഞ് വൈകാതെ തന്നെ തൃശൂരില്‍ താല്‍ക്കാലിക ജോലിയിൽ വീണ്ടും വന്നു.

തൊഴിലിനായി ശ്രമം

    പരീക്ഷ കഴിഞ്ഞു . ഒരുമാസത്തിനു ശേഷം ഫലം വന്നു. 65% മാര്‍ക്കുണ്ട്. അക്കാലത്തെ  പ്രധാന നടപടി, എംപ്ളോയ്മെൻ്റ് എക്സേഞ്ചിൽ പേര് രജിസ്റ്റർ   ചെയ്യുക എന്നുള്ളതാണ് . പത്രങ്ങളില്‍ വിവിധ വ്യവസായ ശാലകളിലേക്ക്   സാങ്കേതിക ജോലികള്‍ക്കായി,  എഞ്ചിനീയർ ഡിഗ്രിക്കാരേയും ഡിപ്ളോമക്കാരേയും ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങള്‍ ധാരാളം വരുന്നുണ്ട്. Degree or Diploma with two year experience അതായിരിക്കണം യോഗ്യത. Experience ന് എവിടെപോകും?  നമ്മുടെ രാജ്യം അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. ബോബെ, പൂന എന്നിവടങ്ങളില്‍ ധാരാളം ജോലി സധ്യതകള്‍ ഉണ്ടായിരുന്ന കാലം.

          ആയിടെയാണ് AIR  ലേക്ക് ഇന്ത്യ മൊത്തം 500 എഞ്ചിനീയറിങ് അസ്സിസ്റ്റൻ്റുമാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം പത്രത്തില്‍ വരുന്നത്. അപേക്ഷ വെള്ളക്കടലാസില്‍ എംപ്ളോയ്മെൻ്റ് എക്സേഞ്ചിലാണ് കൊടുക്കേണ്ടത് . അന്നു മുതലാണ് എഞ്ചിനീയറിങ് അസ്സിസ്റ്റൻ്റു പോസ്റ്റിന്  എഞ്ചിനീയറിങ് ഡിപ്ളോമ  ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് കാരെ പരിഗണിക്കാന്‍ തുടങ്ങിയത്. അതിന് മുന്‍പ്  ആ പോസ്റ്റ്, ഷിഫ്റ്റ് അസ്സിസ്റ്റൻ്റ് എന്ന  പേരിലായിരുന്നു. ബി എസ് സി ഫിസിക്സ് കാരെ  മാത്രമാണ് അന്ന് പരിഗണിച്ചിരുന്നത്.

         അതേ നാളുകളില്‍ തന്നെ വെസ്റ്റേൺ റെയിൽവേയിൽ Electrical  Charge man പോസ്റ്റിനും, Atomic Energy establishment Trombay (Bombay), Overseas communication Service Madras എന്നിവയില്‍ Scientific Asst post ലേക്ക് അപേക്ഷിച്ച പ്രകാരം ഇൻ്റെർവ്യൂവിന്   പോവുകയുണ്ടായി. ഇതില്‍ റെയിൽവേ, സെക്കൻ്റ് ക്ളാസ്സ് പാസ് അയച്ചുതന്നു.  Atomic energy വെറും ട്രെയിൻ ഫെയറായിരുന്നു തന്നത്. OSC  മദ്രാസിലേക്ക്  സ്വന്തം ചിലവില്‍ പോയിവന്നു. ഇൻ്റെർവ്യൂകളെല്ലാം വ്യത്യസ്ത സമയത്തായിരുന്നതിനാല്‍ ഒരിടത്തും clash വരികയുണ്ടായില്ല.  എന്നാല്‍ ട്രോംബെയിലേക്ക് പുറപ്പെട്ട് നാഗ്പൂരിലേക്ക് ഗതിമാറ്റിയ ഒരു കഥയുണ്ട്.

       1965 ജൂണ്‍ മുതല്‍ 1966 വസാനം വരെ ജോലിക്കായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 65 ൽ ഏതാണ്ട് മദ്ധ്യത്തിലാണ്, AIR ല്‍ ഇൻ്റർവ്യൂ നടന്നത്. തിരുവനന്തപുരത്തു വെച്ച്. മൂന്ന് പേര്‍ ഉണ്ടായിരുന്നു. അധികം ചോദ്യങ്ങളൊന്നും ഉണ്ടായില്ല. 

           മറ്റ് ഇൻ്റർവ്യൂകളെല്ലാം അത് കഴിഞ്ഞായിരുന്നു എന്നാണോര്‍മ്മ. ബോബെയിലെ റെയിൽവേയില്‍ ചെറിയ ടെസ്റ്റ് റിസൾട്ട് പരാജയമായിരുന്നു. അതുകൊണ്ട് ഇൻ്റർവ്യൂവിന് അര്‍ഹതയില്ല. മറ്റ് സമാന ഉദ്യോഗങ്ങള്‍ക്കെല്ലാം ഡിപ്ലോമക്കാര്‍ക്ക്  തുടക്ക ശമ്പളം Rs 180 ആണെങ്കില്‍  റെയിൽവേയില്‍ അത് 205 ആയിരുന്നു. AIR ല്‍ Rs 210 . Scientific Asst നും 210 തന്നെ ആയിരുന്നു, തുടക്ക ശമ്പളം. മദ്രാസിലും പരാജയം  തന്നെ ആയിരുന്നു  ഫലം, അറിയിപ്പൊന്നും വന്നില്ല.

      ആയിടക്ക് എംപ്ളോയ്മെൻ്റ് എക്സേഞ്ചില്‍ നിന്ന് MTI യില്‍ ,ആ കാലഘട്ടത്തില്‍ തുടങ്ങിയ JTS ലേക്ക് ഇൻസ്ട്രക്റ്ററുടെ ഒരു താല്‍ക്കാലിക നിയമനത്തിന് കാർഡ് വന്നു. അന്ന് അതുപോലെ MTI ല്‍ ഡിപ്ളോമ കോഴ്സിന്  പഠിപ്പിക്കാന്‍ പോലും 60 %  ല്‍ കൂടുതല്‍ മാര്‍ക്കുള്ളവരെ മൂന്നുമാസത്തേക്ക് താല്‍ക്കാലികമായി നിയമിച്ചിരുന്നു. ചിലര്‍ക്ക് രണ്ടു മൂന്നു പ്രാവശ്യം തുടര്‍ന്നും നിയമനം ലഭിച്ചിരുന്നു.  പി എസ് സി വഴി വന്ന് ജോയിൻ ചെയ്താല്‍ നിഷ്കരുണം ജോലി നഷ്ടപ്പെടും. അതാണ് വ്യവസ്ഥ. തലക്കുമുകളില്‍ ആ വാള്‍ എപ്പോഴും തൂങ്ങിക്കിടക്കും എന്നു സാരം.

            ഇൻ്റർവ്യൂവിന് പോയി, പ്രിൻസിപ്പാൾ എന്നെ നിയമിക്കുകയും ചെയ്തു. എട്ടാം ക്ളാസ്സിലെ കുട്ടികളെ കുറച്ചു നാള്‍ ഫിസിക്സ് പഠിപ്പിക്കാന്‍ അങ്ങിനെ  നിയോഗമുണ്ടായി. അന്നത്തെ ശമ്പള സ്കെയിൽ 80 - 180 ആയിരുന്നു എന്നാണോര്‍മ്മ. ഗുമസ്ഥന്  40 -120 ആയിരുന്നു. കേന്ദ്രസര്‍ക്കാരില്‍ 110 ആയിരുന്നു തുടക്കം. കേന്ദ്രത്തില്‍ ഇരട്ടിയോളമായിരുന്നു ശമ്പളം. താല്‍ക്കാലികക്കാരനും തുടക്കത്തില്‍ എല്ലാ അലവന്‍സുകളുമടക്കം സ്ഥിരക്കാരന്‍റെ അതേ ശമ്പളം ലഭിക്കുമായിരുന്നു.

         അങ്ങിനെ തൃശൂരില്‍ ഫൈനൽ ഇയറിന് താമസിച്ച അതേ ലോഡ്ജിൽ താമസമാക്കി. 2 മാസം അങ്ങിനെ കഴിഞ്ഞപ്പോഴേക്കും, ഒരുദിവസം ഉച്ചതിരിഞ്ഞ് അതാവരുന്നു, ഒരു പിതാവും പുത്രനും. നമുക്ക് പാരയായ പി എസ് സി നിയമനം വരുന്നു.  അവരെന്നോട് അഭ്യർത്ഥിച്ചു,  അന്ന് ഉച്ചക്ക് മുൻപേ എന്നെ റിലീവ് ചെയ്താല്‍ അയാള്‍ക്ക് ഒരു ദിവസത്തെ സർവീസ് കൂടുതല്‍ കിട്ടും.  അന്നത്തെ ശമ്പളവുംകിട്ടും. താല്‍ക്കാലിക ജോലി നഷ്ടപ്പെട്ട എനിക്ക് അവരോട് പറ്റില്ലെന്ന് പറയാവുന്നതെയുള്ളു. എന്നാല്‍ ഞാനത് പറഞ്ഞില്ല. പ്രിൻസിപ്പാളിൻ്റെ അടുത്ത് പോയി എന്‍റെ സമ്മതം അറി
യിച്ചപ്പോള്‍ അദ്ദേഹത്തിന് അലപം നിരസമുണ്ടായോ എന്നു തോന്നി. കാരണം സത്യം എന്‍റെ ഭാഗത്തായിരുന്നല്ലോ. അന്നത്തെ ശമ്പളം ലഭിക്കില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അങ്ങിനെ ഉദ്യോഗം നഷ്ടപ്പെട്ട് വീട്ടിലിരിപ്പായി.

    ദിവസങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു. "പിന്നെ ഒന്നും ആയില്ല.. അല്ലേ'' കുശലം ആ  രീതിയിലാവുമ്പോള്‍ അല്പം അസ്വസഥത ഇല്ലാതിരുന്നില്ല. ആയിടക്ക്  P&T മഹാരാഷ്ട്ര സര്‍ക്കിളിലേക്ക്  എഞ്ചിനീയറിങ് സൂപ്പർവൈസർ തസ്തികയിലേക്കുള്ള പരസ്യം വന്നു. യോഗ്യത ക്രമത്തില്‍,  ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിഗ്രി, ബിഎസ്സി ഫിസിക്സ് അല്ലെങ്കിൽ ഇലക്ട്രിക് എഞ്ചിനീയറിങ് ഡിപ്ളോമ - ഇതിൽ അവസാന പരീക്ഷക്ക് കിട്ടിയ മാര്‍ക്കിന്‍റെ അടിസഥാനത്തിലാണ് സെലക്ഷൻ. എഞ്ചിനീയറിങ് ഡിഗ്രിക്കാരെ   കിട്ടിയില്ലെങ്കില്‍ ബി എസ് സി ക്കാരെ പരിഗണിക്കും. അതും കഴിഞ്ഞ് മാത്രമേ ഡിപ്ളോമക്കാരെ എടുക്കൂ. ഏതായാലും അപേക്ഷ അയച്ചു. അറ്റസ്റ്റ് ചെയ്യപ്പെട്ട സർട്ടിഫിക്കേറ്റ് കോപ്പികള്‍ മാത്രം മതി അപേക്ഷിക്കാന്‍.  

               ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ്    ബോംബെ (ട്രൊംബെ) ആറ്റമിക് എനർജിയിൽ നിന്ന് ഇൻ്റർവ്യൂ വിളി വന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള ട്രെയിൻ യാത്ര തുക, ലോവർ ക്ളാസ്സ് കിട്ടും. അന്ന് 3rd ക്ളാസ്സ് നിലവിലുണ്ട്. വെറും പലക.  സെക്കൻ്റ് ക്ളാസ്സിന്  വീതി കുറഞ്ഞ സീറ്റിന് കനം കൂറഞ്ഞ കുഷ്യനാണ്. ഇൻ്റർവ്യൂവിന് പോകാന്‍ തയ്യാറായി.അടുത്തദിവസം തന്നെ CPWD നാഗ്പൂരില്‍ നിന്ന് സെക്ഷൻ ഓഫീസർ എന്ന തസ്തികയിലേക്ക് (ഇപ്പോഴത്തെ JE) ഇൻ്റർവ്യൂ ലെറ്റർ വന്നു. 

     ബോംബെയിലെ അഭിമുഖത്തിന്‍റെ രണ്ട് ദിവസം മുന്നെയാണ് നാഗ്പൂരിലേത്. അതുവഴി പോയാല്‍ എന്തുകൊണ്ട് വളഞ്ഞ വഴി വന്നു എന്ന ചോദ്യം ഉന്നയിച്ച് ട്രെയിൻ തുക നിഷേധിച്ചാലോ?  അന്നത്തെ 75 രൂപ നിസാര സംഖ്യയല്ല. അത് നഷ്ടപ്പെടുത്താനാവില്ല.

       CPWD ക്ക്, അപേക്ഷ പോലും കൊടുത്തിട്ടില്ല. എംപ്ളോയ്മെൻ്റ്  എക്സേഞ്ച്  നിശ്ചിത യോഗ്യത ഉള്ളവരെ സ്പോൺസർ ചെയ്തിട്ടുള്ളതാണ്. നാഗ്പൂര്‍ വഴി ബോംബെക്ക് പോകാന്‍ അതുകൊണ്ട് ആലോചിച്ചില്ല. ട്രെയിൻ യാത്രാ തുക കിട്ടുന്നിടത്തേക്ക് പോകാന്‍തീരുമാനിച്ചു.  CPWD ഒഴിവാക്കാനും .  റെയിൽവേ സ്റ്റേഷനിലെത്തി ബോബെയിലേക്ക് ടിക്കറ്റെടുത്തു. 37 രൂപ. സ്ളീപ്പർ അന്നില്ല, ഉണ്ടായാലും പരിഗണയിലില്ല. ഇരുന്നുതന്നെ യാത്ര പോകണം. 

        റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോള്‍ ഏതാനും  സഹപഠികള്‍ ഉണ്ടവിടെ. അവര്‍ നാഗ്പൂരേക്കാണ്. എന്തിനേറെ പറയുന്നു.. അവര്‍ മൂന്ന് നാലു പേരുണ്ട്. അവരുടെ കൂടെ ചേരാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ടിക്കറ്റ്  തുക നോക്കിയപ്പോള്‍ രണ്ടിടത്തേക്കും ഒരേ ചാര്‍ജ്ജ്. അന്ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒരു ബോഗിയേ ഉള്ളൂ. മദ്രാസിലെത്തി GT യുമായി അത് ബന്ധിപ്പിക്കും. ഒരേ ടിക്കറ്റ് തുക ആണ് എന്ന ധൈര്യത്തില്‍ ഞാന്‍ അവരുടെ കൂടെ കൂടി. ടിക്കറ്റ് തുക ഒന്നായതിനാൽ കളളത്തരം സ്ഥാപിക്കാന്‍ കഴിയില്ലല്ലോ എന്നതായിരുന്നു യുക്തി. എന്നാല്‍ എവിടെ വെച്ചും പിടിച്ചിറക്കപ്പെടാം എന്ന പേടിയുംഉണ്ട്.

        എന്നാല്‍ 24 മണിക്കൂറില്‍ കൂടുതലുള്ള ആ യാത്രയില്‍ ഒരു TTE  പോലും ആ കോച്ചിലേക്ക് കയറി വന്നില്ല. ഒരേ ഇരിപ്പു തന്നെ ആയിരുന്നു, ഞങ്ങള്‍.
പിറ്റെ ദിവസം സന്ധ്യക്ക് നാഗപൂരെത്തി. ചില സഹപാഠികളുടെ സ്നേഹിതന്മാര്‍ കാത്ത് നിന്നിരുന്നു അവരുടെ സഹായത്തോടെ പ്ളാറ്റ്ഫോം ടിക്കറ്റെടുത്ത് എന്നെ ഭദ്രമായി പുറത്തുകടത്തി. ഇതുമാതിരി ഒരു സാഹസത്തിന് പിന്നെ ഞാന്‍ ജീവിതത്തില്‍ മുതിര്‍ന്നിട്ടില്ല.

             പിറ്റെ ദിവസം CPWD ആസ്ഥാനമായ സെമിനാരി ഹില്ലിലായിരുന്നു അഭിമുഖം. അതുകഴിഞ്ഞ്  വൈകുന്നേരം ബോംബെയിലേക്ക് വണ്ടി കയറി. ആറ്റമിക് എനർജിയിലും എനിക്ക് വിജയിക്കാനായില്ല. എന്‍റെ മെലിഞ്ഞു ശോഷിച്ച തന്നെ ആയിരിക്കണം വില്ലനായി നിന്നിരുന്നത്.എങ്കിലും അഭിമുഖം  കഴിഞ്ഞ ഉടനെതന്നെ, അതിനായി സജ്ജീകരിച്ചിടത്തുനിന്ന് 75 രൂപയോളം കിട്ടി.

             അന്ന് ഞാന്‍ ബോംബെയില്‍ രണ്ടുദിവസം താമസിച്ചത് അബ്ദു റഹിമാന്‍ സ്ട്രീറ്റിലുള്ള ഒരു ബന്ധുവിന്‍റെകൂടെ ആയിരുന്നു. നീണ്ട ഒരു പീടിക മുറി. അതിന് ഇടക്കൊരു തട്ട് അഥവാ അട്ടം. അവിടെ കുറെ വലിയ ഇരുമ്പു പെട്ടികള്‍. അതു വെക്കാനാണ്  വാടക. കിടത്തം കയറുകട്ടിലില്‍. രാത്രി, മുന്നിലുള്ള തെരുവിൽ കയര്‍ കട്ടിലുകള്‍ എടുത്തിടും. വേനല്‍ക്കാലത്തെ കാര്യമാണിത്.‌ മഴക്കാലത്ത് എങ്ങനെയാണാവോ.

          കുറെനാളായി എന്‍റെ ഒരു കൊല്ലം സീനിയറും പൂനയില്‍ MES ല്‍ ജോലിയുള്ള സഹമുറിയനും സ്നേഹിതനുമായ നാരയണന്‍ നായര്‍ എന്നെ പൂനയിലേക്ക് വിളിക്കുന്നു. അവിടെ ജോലികിട്ടും. ധാരാളം ഫാക്ടറികള്‍ പൊങ്ങിവരുന്നുണ്ട്. ബോബെയിലെ ഇൻ്റർവ്യൂ കഴിഞ്ഞ്  പിന്നെ പോയത് പൂനയിലേക്കാണ്. അപ്പോഴേക്കും 1966 ഏതാണ്ട് അവസാനിക്കാറായിരുന്നു. 

       അന്നു തന്നെ പൂനയിലേക്ക് വിട്ടു. അന്നത്തെ  ഡെക്കാൺ ക്യൂൻ എന്ന ട്രെയിനിൽ മൂന്ന് മണിക്കൂര്‍ മതി പൂനയിലേക്ക്.  മി.നായര്‍ താമസിച്ചിരുന്നത്, റെയിൽവേ ക്വാട്ടേഴ്സിൽ ആയിരുന്നു. ഒരു മി. പിള്ളയുടെ ബി ടൈപ്പ് ക്വാർട്ടർ. റെയിൽവേ സ്റ്റേഷന് അടുത്തായിരുന്നു അത്. അവിടെ ഞങ്ങള്‍ നാലു പേര്‍മാത്രം. എല്ലാവര്‍ക്കും ഭക്ഷണം, മി.പിള്ളയുടെ ഓഫീസിലെ താൽക്കാലിക കാൻ്റീൻ  ഒരു മലബാറുകാരന്‍ 'കാക്ക' നടത്തുന്നുണ്ടായിരുന്നു. ഒരു തരം നാടന്‍ ഭക്ഷണം കിട്ടുമായിരുന്നു, അവിടെ. രാവിലെ പാവ് എന്ന് വിളിക്കുന്ന മധുരമില്ലാത്ത ബ്രഡിനുള്ളില്‍ ചൂടുള്ള ഉഴുന്നു വട വെച്ച് കഴിക്കുന്നത് എനിക്കിഷ്ടമായി. ആ കോമ്പിനേഷൻ ആണെന്ന് തോന്നുന്നു, വടാപാവ്. ആ പേരില്‍ അത്കഴിച്ചിട്ടില്ല.

         എംപ്ളൊയ്മെൻ്റ്  എക്സേഞ്ചിലെ റജിസ്ട്രേഷൻ പ്രകാരം Bharath Forge  എന്ന കമ്പനിയില്‍ നിന്ന്  ഇൻ്റർവ്യൂ ലെറ്റർ വന്നു. ഇൻ്റർവ്യൂ  വിജയമായിരുന്നു. എന്നാല്‍ മെഡിക്കൽ ടെസ്റ്റിൽ ല്‍ പൊട്ടി. Under Weight,  High pulse rate, High BP. (Heart പട പടാ മിടിച്ചാല്‍ BP കൂടില്ലെ.. ) 

ഔദ്യോഗീക ജീവിതാരംഭം

           പിന്നെയും ദിവസങ്ങള്‍ കൊഴിഞ്ഞ് പോയി. ഒരുദിവസം Re-direct ചെയ്യപ്പെട്ട ഒരു നീണ്ട കവര്‍ വന്നു. അത് P&T യില്‍ നിന്നായിരന്നു . എഞ്ചിനീയറിങ് സൂപ്പർവൈസർ പോസ്റ്റിലേക്ക് നിയമനം ലഭിച്ചിരിക്കുന്നു!

      മഹാരാഷ്ട്രാ സർക്കിളിലാണ് നിയമനം . എല്ലാ സർട്ടിഫിക്കറ്റുകളുടേയും ഒറിജിനൽ ബോബെയിലേക്ക് അയക്കണം. കൂടാതെ, അടക്കം ചെ്തിട്ടുള്ള ഫോമിൽ സിവിൽ സർജൻ നല്‍കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്  വേണം. ജബല്‍പൂരില്‍ ഒരു വര്‍ഷത്തെ ട്രെയിനിംഗ് ഉണ്ടാവും. സ്റ്റൈപ്പൻ്റ് 110 രൂപ മാത്രമായിരിക്കും. ഏതായാലും എല്ലാം അയച്ചു കൊടുക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജോലിയല്ലേ . മാത്രമല്ല P&T യില്‍ ഡിപ്പാർട്ട്മെൻ്റ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ പ്രൊമോഷൻ സാധ്യത കൂടുതലുണ്ട്. മഹാരാഷ്ട്രയില്‍ തന്നെ കഴിയേണ്ടി വരും എന്നുമാത്രം

         സിവിൽ ആശുപത്രിയിൽ പോയി, സർട്ടിഫിക്കറ്റിന്.   നിശ്ചിത ദിവസം രാവിലെ എത്തണം. അന്നു ചെന്നപ്പോള്‍ എന്നെ കൂടാതെ പത്തുപന്ത്രണ്ട് പേരുണ്ട്, വിവിധ ആവശ്യങ്ങള്‍ക്കായി സർട്ടിഫിക്കറ്റ് വേണ്ടവര്‍. കുറച്ചു നേരം കഴിഞ്ഞപ്പോള്‍, അലസമായി വസ്ത്രം ധരിച്ച ഒരാള്‍ വന്നു. അദ്ദേഹമാണ് ഡോക്ടര്‍. എല്ലാവരേയം ഒരു മുറിയിലേക്ക് വിളിച്ചു. അടി വസ്ത്രം ഒഴികെ എല്ലാ വസ്ത്രങ്ങളും അഴിച്ചു മാറ്റാന്‍ പറഞ്ഞു. ഒരു വിശദ പരശോധന നടക്കാന്‍ പോകയാണ്. എന്‍റെ കാര്യം പോക്കുതന്നെ. ഞാന്‍ തീരുമാനിച്ചു.ഡോക്ടര്‍ വന്നു എല്ലാവരേയും സെമി സര്‍ക്കിളായിനിര്‍ത്തി.  അടി വസ്ത്രം  താഴേക്ക് ഇറക്കാന്‍ ആവശ്യപ്പെട്ടു. ഒരു മിനിട്ടുപോലുംഎടുത്തില്ല. മൂന്നു പേരെ മാററി നിര്‍ത്തി ബാക്കിയുള്ളവരോട് വസ്ത്രം ധരിച്ച് പുറത്തിരിക്കാന്‍പറഞ്ഞു. അരമണിക്കൂറിനകം ഓരോരുത്തരെയായി വിളിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി.

           എനിക്ക് അന്ന് കിട്ടിയ ആ സര്‍ട്ടിഫിക്കറ്റ്  ആണ് അവസാനം വരെ സർവീസ് റെക്കോഡിൽ  ഉണ്ടായിരുന്നത്. ദിവസങ്ങള്‍ പിന്നെയും കൊഴിഞ്ഞു പോയി. കയ്യില്‍ ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകൾ  ഒന്നുമില്ല.  ഇൻ്റർവ്യൂ കോളുകളൊന്നും ഒരിടത്തുനിന്നും വന്നതുമില്ല. ഒരു ദിവസം വീണ്ടും ഒരു നീണ്ട ഗവണ്മെൻ്റ് സർവീസ് കവര്‍വന്നു, വീട്ടഡ്രസ്സില്‍ പോയി തിരിച്ചുവിട്ടതാണ്. അത് CPWD നാഗപൂരില്‍ നിന്ന്. ബോംബേ എക്സിക്യൂട്ടിവ് എഞ്ചിനീയറിങ് ഓഫീസിൽ എല്ലാ  ഒറിജിനൽ സർട്ടിഫിക്കറ്റുകളും  സഹിതം ചെന്ന് സെക്ഷൻ ഓഫീസർ ആയി  ഉടനെ ജോയിൻ ചെയ്യണം. ട്രെയിനിംഗ് ഒന്നുമില്ല. 180--380 ശമ്പള സ്കെയിലിൽ മുഴുവന്‍ ശമ്പളവും ലഭിക്കും. (പോകണ്ട എന്നു തീരുമാനിച്ചിരുന്നതാണല്ലോ നാഗ്പൂര്‍ക്ക് ) എന്നാല്‍ ജോയിൻ  ചെയ്യാൻ  സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും കയ്യിലില്ല. ബോബെയിലാണ് ജോയിൻ ചെയ്യേണ്ടത് എന്നതു കൊണ്ട് , അവ അയച്ചുകൊടുത്തിട്ടുള്ള P&T  ഓഫീസിൽ പോയി നോക്കാം. V T യിലാണത്. അവ മറ്റു വല്ലിടത്തേക്കും  ഇതിനകം അയച്ചുകഴിഞ്ഞിരിക്കുമോ എന്ന ആശങ്കയുണ്ട് മനസ്സില്‍.

      പിറ്റെ ദിവസം ബോംബെക്ക് വിട്ടു. നേരെ P&T യില്‍ ചെന്നു. ഭാഗ്യത്തിന് എന്‍റെ സർട്ടിഫിക്കറ്റുകൾ ആ ഓഫീസിലെ  ഒരു മലയാളിയുടെ കൈവശമായിരുന്നു. അദ്ദേഹം യാതൊരു പ്രശ്നവും പറയാതെ സന്തോഷത്തോടെ അവയെല്ലാം മടക്കിത്തന്നു . CPWD യില്‍ ജോയിൻ ചെയതോളു. ഇതിന്‍റെ ഓർഡർ വരാന്‍ കുറച്ചുകൂടി താമസിക്കും . ട്രെയിനിംഗിന് വേണമെങ്കില്‍ സെൻ്റർ തിരുവനന്തപുരത്തേക്ക് ആക്കിത്തരാം . അതൊക്കെ ഓർഡർ വന്നിട്ട് തീരുമാനിച്ച് ചെയ്താല്‍ മതി. എനിക്ക് തീരുമാനിക്കാന്‍ ഒന്നുമില്ല. ഇവിടെ മുഴുവന്‍ ശമ്പളവും ഉടന്‍ കിട്ടുന്ന ജോലിതന്നെ യാണ് നോട്ടം.  അവിടെ ബോബെയില്‍ താമസിക്കാന്‍ മി . നായരുടെ സ്നേഹിതന്‍ മി. വാസു (അന്ന് എന്‍റേയും സ്നേഹിതന്‍ തന്നെ)  ഒരു നല്ല താമസസൗകര്യം അദ്ദേഹത്തിന്‍റ സുഹൃത്ത് ബോംബെയിലുള്ള ഫ്രാന്‍സിസ്സിന്‍റെ കൂടെ ഏർപ്പാടാക്കിത്തന്നു. അന്നൊക്കെ ബോംബെയിൽ  താമസ സൗകര്യം കിട്ടാന്‍ എളുപ്പമല്ല. മി ഫ്രാന്‍സിസ്സ് CPWD ല്‍ തന്നെ സിവിൽ സെക്ഷൻ ഓഫീസർ ആയിരുന്നു.  Old CGO ബിൽഡിങ്, മെയിൻ്റൻസിൻ്റെ ഉത്തരവാദിത്വം  അദ്ദേഹത്തിനാണ്. താമസിക്കാന്‍ ഏറ്റവും മുകളില്‍ ഒരു റൂം , ഹാൾ, അടുക്കള എന്നിവയടങ്ങിയ താമസ സൗകര്യം. മൂന്നു പേരെ കൂടെയുള്ളു .  എന്നെക്കൂടി ശ്രീ വാസുവിന്‍റെ ശക്സ്തമായ റെക്കമൻ്റേഷനിൽ, അദ്ദേഹം  ഫ്രാന്‍സിസ്സിന്‍റെ ഉറ്റ സഹൃത്തായതു കൊണ്ട്  കൂട്ടി. എനിക്ക് ചർച്ച് ഗേറ്റിൽ തന്നെയുള്ള പുതിയ CGO Bldg ന്‍റേയും ബൈക്കുളയിലെ യിലെ മെഡിക്കൽ സ്റ്റോർ ഡിപ്പോയുടെ  കോൾഡ് സ്റ്റോറേജ് പ്ളാൻ്റിൻ്റെ ഇലക്ട്രിക്കൽ സെക്ഷൻ്റെയും ചാർജ് ആയിരുന്നു.  രണ്ടിടത്തും കൂടി പത്തുമുപ്പത് സ്റ്റാഫംഗങ്ങൾ ഉണ്ട് അവരെ മേക്കണം. 

          താമസ സ്ഥലത്ത്, ഞങ്ങള്‍ക്കെല്ലാം ഭക്ഷണം പാകം ചെയ്തു തന്നിരുന്നത്, ഫ്രാന്‍സിസ്സിന്‍റെ നാട്ടുകാരന്‍ വേറെ ഒരു ഫ്രാന്‍സിസ്സ് ആയിരുന്നു. അദ്ദേഹത്തിന്‍റെ വെളുത്ത ആവോലിക്കറിയുടെയും ബീഫ് ഫ്രൈയുടേയും സ്വാദ് എടുത്ത് പറയാതിരിക്കാന്‍ പറ്റില്ല.   പാചകം പൊതുവെ അതീവ രുചികരമായിരുന്നു . MSD ബൈക്കുള യില്‍ ഇടക്ക് പോകാന്‍ വേണ്ടി മാത്രമെ യാത്ര വേണ്ടൂ.  മറൈൻ ഡ്രൈവിൻ്റെ അടുത്ത് .ജോലിസ്ഥലം.  അരികെത്തന്നെ നല്ല ഭക്ഷണം, താമസം   ഇത്രയൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും രണ്ടുമൂന്നു മാസം കഴിയുമ്പോഴേക്കും ബോംബെ ജീവിതം എനിക്ക് മടുത്തു. 

       തിരക്കു പിടിച്ച ജീവിതമാണ് ബോംബെയില്‍. തിരക്ക് എന്നെ ബാധിക്കില്ലായിരുന്നില്ലെങ്കിലും, സുഖം തോന്നിയില്ല.  വൈകുന്നേരങ്ങളില്‍ മെറൈന്‍ ഡ്രൈവില്‍ ചെന്നിരുന്നാല്‍ ജനങ്ങളുടെ പ്രവാഹം കാണാം. വിവിധ വേഷക്കാരായ സുന്ദരികള്‍, കുട്ടികള്‍, ആബാലവൃദ്ധം ജനങ്ങള്‍.  അന്നത്തെ ജനബാഹുല്യം തന്നെ അസഹ്യമായിരുന്നു. ഇപ്പോഴത്തെ  സ്ഥിതി എന്തായിരിക്കും. ആഢംബര വസ്ത്രം ധരിച്ച സുന്ദരികല്‍ വഴിയില്‍ നിന്ന് ഗുല്‍ഗപ്പ (പാനിപൂരി) വാങ്ങിക്കഴിക്കുന്നത് കണ്ട് ആദ്യമൊക്കെ അന്തംവിട്ട് നോക്കി നിന്നിട്ടുണ്ട്. കടലപോലും വഴിയില്‍ വെച്ച് കഴിക്കുന്നത് നമുക്ക് വിലക്കാണ്.

           ബൈക്കുളയില്‍ പോകാൻ ഇലക്ട്രിക് ട്രെയിൻ ആണ് ആശ്രയിക്കാറ്. അവിടെയുള്ള കോൾഡ് സ്റ്റോറേജിലെ കൂളിംഗ് സിസ്റ്റം കേടുവന്നാൽ അപകടമാണ്, മരുന്നുകള്‍ നശിച്ചുപോകും. ഓപ്പറേറ്റർമാർക്ക് പറ്റാത്ത കാര്യമായാല്‍ Parry & Co യില്‍ നിന്ന് എക്സ്പർട്ടിനെ വരുത്തണം. അന്നത്തെ അയാളുടെ ഒരു വിസിറ്റിന് 90 രൂപ നല്‍കണം. നമ്മുടെയൊക്കെ മാസ ശമ്പളംഅന്ന്  300 രൂപയോളെയുള്ളു അപ്പോഴാണ്  ഈ 90 രൂപ ഒരു വിസിറ്റിന്.
 ഇതൊന്നും എനിക്ക് ദഹിച്ചില്ല. പിന്നെ വർക്ക് ചാർജ് സ്റ്റാഫിനെ നിയന്ത്രിക്കാനുള്ള പ്രയാസവും.  മറാഠി കലര്‍ന്ന ഹിന്ദിയിലാണ് സംസാരം. മുറി ഹിന്ദി വെച്ച് മാനേജ് ചെയ്തു പോന്നു.

             താമസസ്ഥലത്ത് ജോളിയായിരുന്നു. പാചകം കഴിഞ്ഞാല്‍  ഫ്രാന്‍സിസ്സ് ശീട്ടെടുത്തുവരും. 28 കളിക്കാന്‍. ആള് തികഞ്ഞില്ലെങ്കില്‍ ഞാനിരിക്കും. എനിക്കാണെങ്കില്‍ വലിയ പിടിയൊന്നുമില്ല. ഓരോ ഗെയിമിലും രണ്ട് റൗണ്ട് ശീട്ട് ഇട്ടു കഴിഞ്ഞാല്‍ ഓരോരുത്തരുടേയും കയ്യിലുള്ള ശീട്ട് ഏതാണ്ട് ഫ്രാന്‍സിസ്സിന് മനസ്സിലായിട്ടുണ്ടാവും. നമ്മളും അത് മനസ്സിലാക്കിയിരിക്കണമെന്നാണ് പുള്ളിയുടെ നിലപാട്. ഏതായാലും ആ കളിയില്‍ വലിയ വൈദഗ്ദ്യമൊന്നും ഞാന്‍ നേടിയില്ല. ശകാരം ഏറ്റു വാങ്ങേണ്ടിവന്നിട്ടുണ്ട് താനും.

        ഞായറാഴ്ചകളില്‍ എല്ലാവരും പള്ളിയില്‍പോകുന്നവരാണ്. ഞാനും കൂടും ഒരു കാഴ്ചക്കാരനായി. അവിടെപോയി ബഞ്ചിലിരിക്കും.

        തിരക്കുള്ള സ്ട്രീറ്റിൽ കറങ്ങുന്നതാണ് മറ്റൊരു വിനോദം. ഒരു പ്രസിദ്ധ മാര്‍ക്കറ്റ് സ്ട്രീറ്റ് ഉണ്ട്.  അന്നും മുട്ടിയുരുമ്മാതെ നടന്നു നീങ്ങാന്‍ കഴിയില്ല. (പേര് മറന്നുപോയി) . VT  ഭാഗത്തെല്ലാം റോഡില്‍ മലയാളികളായ  കച്ചവടക്കാര്‍ നിരന്നിരിക്കുന്നതു കാണാം. ജാപ്പനീസ് ഉപകരണങ്ങള്‍ കളിക്കോപ്പുകള്‍ എന്നിവയൊക്കെയാണ് അവരുടെ വില്പന വസ്തുക്കള്‍. അധികവും സിംഗപ്പൂരില്‍ നിന്നുളളവയാണ് അതൊക്കെ. പേഴ്സ്യന്‍ പ്രഭാവം തുടങ്ങുന്നേയുള്ളൂ.

         ഉച്ചഭക്ഷണത്തിന് ഹോട്ടലുകളെയാണ്  ആശ്രയിക്കാറ്. ഏതു തരം ഭക്ഷണവും കിട്ടും. അത് മാറി മാറി പരീക്ഷിക്കാറാണ് പതിവ്. പൊതുവെ സുഖകരമായിരുന്നു ജീവിതം. കാലാവസ്ഥയും സുഖകരമായിരുന്നു.
 
           എന്നാല്‍ ജോലി സംബന്ധമായ സമ്മര്‍ദ്ദം തന്നെയാണ് വിരസതക്ക് കാരണം. ഞാന്‍ തുടക്കക്കാരനാണല്ലോ. ലോകപരിചയവും കുറവ്. അതൊക്കെ ആയിരിക്കാം കാരണം.

          പുതിയ സെൻട്രൽ ഗവ. ഓഫീസ് ബിൽഡിങ്, ഏഴു നിലയുള്ള വലിയ കെട്ടിടമാണ്. നിറയെ വിവിധ ഒഫീസുകളാണ് . ഒരോ ആവശ്യങ്ങളുമായി കത്തുകള്‍ വരും. ഏതോ ഒരു ഓഫീസില്‍നിന്ന്, വന്ന ഒരു കത്ത്  ഒരു additional ഫാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. എല്ലായിടത്തും ആവശ്യത്തിന് ഫാൻ , ലേ ഔട്ട് പ്രകാരം  ഇട്ടിട്ടുണ്ട്. ബാക്കി കുറെ  ഫാനുകള്‍ എന്‍റെ കസ്റ്റഡിയില്‍, ഒരു മുറിയില്‍ കൂട്ടിയിട്ടിട്ടുമുണ്ട്.  പ്രസ്തുത ഓഫീസിൽ ഞാന്‍ പോയി നോക്കിയപ്പോള്‍, ഫാൻ എല്ലായിടത്തും കറങ്ങുന്നുണ്ട്.  ബന്ധപ്പെട്ട വ്യക്തിയുടെ തലക്കുമുകളില്‍ ഫാൻ വരണം, അതാണാവശ്യം. അത് ഞാന്‍ നിരസിച്ചു. മേശ നീക്കിയിട്ട് പരിഹരിക്കാവുന്ന പ്രശനമാണെന്ന് കുറിപ്പെഴുതി വിട്ടു. ഒരു പക്ഷെ ആ വ്യക്തി നേരിട്ട് വന്ന് ആവശ്യം ബോധ്യപ്പെടുത്തിയാല്‍ ചെയ്ത് കൊടുക്കാവുന്ന കാര്യമായിരുന്നു അത്. 

         1967 മാര്‍ച്ചിലാണ് CPWD യില്‍ ജോയിൻ ചെയ്തത്. ആറു മാസം ഈ വിധം കഴിഞ്ഞു. ആഗസ്ററ് അവസാനമാണ് ആകാശവാണി സാംഗ്ളിയിലേക്കുള്ള നിയമന ഉത്തരവ് വന്നത്. ജോലി ഉപേക്ഷിച്ച് ബോംബയില്‍ നിന്ന് പോകാനൊരുങ്ങിയിരുന്ന എനിക്ക് സന്തോഷമായി എന്നു പറയേണ്ടതില്ലല്ലോ. പോരാത്തതിന് ആശിച്ച മോഹിച്ച, ജോലിയും. ഉടനെതന്നെ, ശോഭനമായ ഭാവിക്കുവേണ്ടി CPWD യില്‍ നിന്ന് വിടുതല്‍ തരാനായി കത്തെഴുതി കൊടുത്തു. കേന്ദ്ര ഗവർമെൻ്റിൽ  ജോലി ചെയ്തു കൊണ്ടിരിക്കയാൽ വിടുതല്‍ കിട്ടിയതിനു ശേഷമേ ജോയിൻ ചെയ്യാനൊക്കൂവെന്ന്  സാംഗ്ളി SEക്കും എഴുതി അറിയിച്ചു. വിടുതലിന് കാത്തിരിപ്പായി.

        വിടുതല്‍ ലഭിക്കണെങ്കില്‍ അധീനത്തിലുള്ള സാധനങ്ങള്‍ മറ്റൊരാളെ ഏല്പിക്കണം . അതിന് നിര്‍ദ്ദേശം വരണം. കുറെ ഫേനുകളും ട്യൂബ് ഫിറ്റിംഗ് കളും മററും ഉണ്ട്. ഒരു മലയാളി സഹപ്രവര്‍ത്തകനെതന്നെ ഏര്‍പ്പാടാക്കി കിട്ടി. അതെല്ലാം കഴിഞ്ഞു. 1967 സെപ്തംബര്‍ 12 ന് റിലീവ് ചെയ്യാമെന്നായി. അന്നേക്ക് ഞാന്‍ ഡെക്കാൻ ക്യൂനില്‍ പൂനയില്‍ നിന്ന് രാത്രിക്കുള്ള കണക്ഷൻ ട്രെയിൻ സഹിതം, സാംഗ്ളിക്ക്  ടിക്കറ്റ് എടുത്തുവെച്ചു. 5-10 നാണ്  VT യില്‍നിന്ന് ട്രെയിൻ പുറപ്പെടുക. അന്ന്  നാലര മണിയായിട്ടും റിലീവിംഗ് ഓർഡർ കിട്ടിയില്ല.ഞാന്‍ സുഹൃത്തുക്കളോട്  എന്‍റെ  ബാഗേജുമായി  5 മണിക്ക് VT യിലെത്താന്‍ ഏര്‍പ്പാടാക്കിയിരുന്നു.  ഞാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ടു.  റിലീവിന്‍റെ കാര്യം ചോദിച്ചു. അപ്പോള്‍ എന്‍റെ കൈകള്‍ ഞാനറിയാതെ പോക്കറ്റിലേക്ക് പോയി. അതൊരു ചീത്ത മാനേഴ്സ് ആണ് എന്ന് വാസ്തവത്തില്‍ എനിക്കറിയില്ലായിരുന്നു. തമിഴന്‍ പാര്‍ത്ഥസാരഥിക്കത് ഇഷ്ടപ്പെട്ടില്ല. ആകാശവാണിയിലേക്കുള്ള ഇൻ്റർവ്യൂ ഒരു വര്‍ഷം മുന്നെ നടന്നിരുന്നതാണ് . ശമ്പള സ്കേയില്‍ CPWD യുടേതിലും മെച്ചമാണ് 210 -- 450 മാക്സിമം (ശരിയാണോ എന്നുറപ്പില്ല).  പിന്നെ കേന്ദ്ര ഗവ. തന്നെയാണുതാനും അതുകൊണ്ട് യാതൊര വിധത്തിലുള്ള ഉടക്കും നടക്കുമായിരുന്നില്ല. ആ ദേഷ്യവം കാണും. അതോ ഒരു സ്റ്റാഫ് തല്‍ക്കാലം കുറയുന്നതിന്‍റെ വിഷമമാണോ എന്തോ. മനുഷ്യപ്പറ്റില്ലാത്ത സ്വഭാവം.

       എന്തിനേറെ പറയുന്നു റിലീവിങ് ഓർഡർ കയ്യില്‍ കിട്ടുമ്പോള്‍ അഞ്ചു മണിയായി. ഉടനെ താഴെ വന്ന് ടാക്സി പിടീച്ച്ട്പി VTയിലേക്ക് വിട്ടു. ടാക്സി ഡ്രൈവറോട്  D Q വില്‍ പോകാനുള്ളതാണെന്ന്  പറഞ്ഞത് അവന്‍ പരിഗണിച്ചു. അന്നത്തെ Taxi കളെല്ലാം Fiat ആണ്. 2 രൂപയാണ് മിനിമം ചാർജ്ജ് . VT യിലെത്തുമ്പോള്‍ സുഹൃത്തുക്കള്‍ അങ്കലാപ്പിലാണ്. എനിക്ക് അവരില്‍ നിന്ന് ലഗേജ് വാങ്ങി  വണ്ടിയിലേക്ക് ഓടിക്കയറാനള്ള സമയമേ ഉണ്ടായുള്ളു.  വണ്ടി വിട്ടു. അവരോട് ശരിക്കൊന്നു യാത്ര പറയാന്‍ പോലും പറ്റിയില്ല. വാസ്തവത്തില്‍ അങ്ങനെ തിടുക്കപ്പെടേണ്ട  ആവശ്യമൊന്നും ഇല്ലായിരുന്നു. എന്നാല്‍ കേന്ദ്ര ഗവ. സർവീസ് തടസ്സം വരാതെ, തുടര്‍ച്ചയുണ്ടാവും എന്ന ഒരു സാങ്കേതികത്വം ഉണ്ട് താനും.

         പൂനയിലെ സുഹൃത്തുക്കള്‍ കാത്തു നിന്നിരുന്നു. മി വാസു താമസിച്ചിരുന്ന ക്വാർട്ടറിൽ നിന്നും എനിക്ക് വേണ്ടി ഭക്ഷണമെല്ലാം തയ്യാറാക്കിയിരുന്നു. അതെല്ലാം കഴിപ്പിച്ച് രാത്രി പത്തുമണിക്കുള്ള മീറ്റര്‍ ഗേജിലൂടെ ബാംഗളൂരിലേക്ക് പോകുന്ന വണ്ടിയില്‍ കയറ്റി വിട്ടു. അന്ന് പൂന-മിറാജ്  മീറ്റർ ഗേജ് ലയിൻ ബ്രോഡ് ഗേജ് ആക്കുന്ന പണി നടന്നു കൊണ്ടിരിക്കുന്നു. അതിന്‍റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ്  മി പിള്ള, മി വാസു,  കൂടാതെ വേറെ കുറച്ച് മലയാളികളും ജോലി ചെയ്തിരുന്നത്.  അന്ന് പൂനയില്‍ ഞങ്ങള്‍ താമിസിച്ചിരുന്നിടത്ത് മി ജോണ്‍ എബ്രഹാം (മരിച്ചുപോയ ഫിലിം ഡയറക്സ്ടർ ) ഒരു സ്ഥിരം സന്ദർശകൻ ആയിരുന്നു.  LIC യില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ച്, ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ സംവിധാനം പഠിക്കുകയായിരുന്നു അദ്ദേഹം. പൂനയില്‍ വെച്ച് രണ്ടു മൂന്നു മാസം മുന്‍പ് മാത്രം സുഹൃത്തുക്കളായവരും എന്നെ അവിടെ സഹായിക്കാനുണ്ടായി.

ആകാശവാണിയിൽ

       പിറ്റെ ദിവസം രാവിലെ മിറാജ് ജംഗ്ഷനിലെത്തി. അവിടെ നിന്ന് സാംഗ്ളി ക്ക്  8 കി. മീ വടക്ക് കിഴക്ക് ദിശയില്‍ പോകണം സാംഗ്ളിക്കായി റെയിൽവേ ട്രാക്ക് ഉണ്ട്. കാര്‍ഷിക പ്രാധാന്യമുള്ള  പ്രദേശമായതിനാല്‍ ഉല്പന്നങ്ങള്‍ കയറ്റി പേകാനാണത്. യാത്ര വണ്ടിക്ക്‌ വലിയ പ്രാധാന്യമില്ല. മിറാജിലേക്ക് ഒന്നോ രണ്ടോ ട്രിപ്പുകൾ ഉണ്ട്. ST ബസ്സുകളാണ് യാത്രക്ക് ആശ്രയം. ഞാൻ സാംഗ്ളി എസ് ടി സ്റ്റാൻ്റിലെത്തി നേരെ സാംഗ്ളി - പൂന  റോഡിലുള്ള ട്രാൻസ്മീറ്ററിലേക്കാണ് പോയത്. സാംഗ്ളി ടൗണില്‍ ഓഫീസ് ഉള്ള കാര്യം അറിയില്ല. സാംഗ്ളി യില്‍ ആരേയും അന്ന് അറിയില്ല. നിര്‍ദേശങ്ങളൊന്നും അപ്പോയ്മെൻ്റ്  ഓർഡറില്‍ ഇല്ലായിരുന്നു താനും.



         ട്രാൻസ്മിറ്ററിന്ന് കുറച്ചു മാറി ബസ്സിറങ്ങി. ലഗേജെടുക്കാന്‍ പറ്റിയ ആരും അവിടെയില്ല. മുഷിഞ്ഞ വേഷത്തില്‍ ഒരാള്‍ നില്പുണ്ട്. ഒരു ഇരുമ്പ് പെട്ടിയും കോസടിക്കെട്ടു മാണ് എനിക്കുള്ളത്. അയാളോട് പറഞ്ഞപ്പോള്‍  സമ്മതിച്ച് തലയിലേറ്റി. ഇത്തിരി ഉള്ളിലാണ് Xtr ബിൽഡിങ്. അവിടെ ചെന്ന് അയാള്‍ക്ക് പണംകൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ നിരസിച്ച് സ്ഥലം വിട്ടു. ഒരു ഭൂവുടമയും കര്‍ഷകനും ആയിരുന്നു അയാള്‍. ആ പ്രദേശമെല്ലാം കരിമ്പിന്‍ തോട്ടങ്ങളും മുളക്, പുകയില തുടങ്ങിയ വിശാലമായ ക്യഷിയിടങ്ങളുമാണ്. ദൂരെ മാറിയാണ് ഗ്രാമങ്ങള്‍. റിസീവിങ്ങ് സെൻ്ററില്‍ നിന്ന്, അതെ റോഡില്‍ 4 Km കഴിഞ്ഞിട്ടാണ് ട്രാൻസ്മീറ്റർ ഉള്ളത്. 

        9-30 ന് ഓഫീസിൽ നിന്ന് വന്ന വാഹനം അവിടെ കിടപ്പുണ്ടായിരുന്നു. രാവിലെ 5 മണിക്ക് ഡ്യൂട്ടിക്ക് വരുന്നവര്‍ക്ക് ഭക്ഷണം വരുന്നത് ആ ട്രിപ്പിലാണ്. AE യോ ASE യോ ഉണ്ടാവും. സ്റ്റോർ കീപ്പറും കാണും. ഉച്ചക്ക് ട്രാൻസ്മിഷൻ ഇല്ലാത്തതിനാല്‍ ടെക് സ്റ്റാഫ് ആരും കാണില്ല. പുതുതായി ജോയിൻ ചെയ്തവര്‍ കുറച്ചു നാള്‍ ട്രെയിനിംഗിനായി. ഈ ട്രിപ്പിൽ വരും. ആ വാഹനം കുറച്ചു കഴിഞ്ഞ് തിരിച്ചു പോകും.

          രാവിലെ അഞ്ചരക്ക്  മോണിങ് ഡ്യൂട്ടിക്കെത്തുന്നവര്‍ മൂന്നു മണിയാവും തിരിച്ച് വീട്ടിലെത്തുമ്പോള്‍. രണ്ട്മണിക്ക് ഈവനിംഗ് ഷിഫ്റ്റ് വന്നശേഷമേ മോണിങ് ഷിഫ്റ്റ്കാര്‍ക്ക് പോകാനോക്കൂ. ഇതെല്ലാം വഴിയെ അറിഞ്ഞ കാര്യങ്ങളാണേ..

         അന്ന് ASE Mr . Thethai (തെത്തൈ) ട്രാൻസ്മിറ്ററില്‍ ഉണ്ടായിരുന്നു. എന്നെ സിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. ഫോർമാലിറ്റീസ് എല്ലാം പൂര്‍ത്തിയാക്കി.   P&T യിലേക്ക് വേണ്ടി വാങ്ങിച്ച മെഡിക്കൽ സർട്ടിഫിക്കേറ്റ് തന്നെയാണ്, CPWD യിലും AIR ലും ഉപയോഗിച്ചത്.

       രണ്ടു മുന്നു ദിവസം ഇന്ദിര ഭവൻ എന്ന ഹോട്ടലില്‍ താമസിച്ചു. പിന്നെ EA പാലക്കാട്ടുകാരന്‍ (ഇലപ്പുള്ളി) ജയനാരായണനെ പരിചയപ്പെട്ടു. അവര്‍  താമസിച്ചിരുന്ന ശിവാജി നഗറില്‍ തന്നെ തൊട്ടടുത്ത് എനിക്കും ഒരു ചെറിയ മുറി കണ്ടെത്തിത്തന്നു. മലയാളികളായി ജയനാരായണനെ കൂടാതെ SEA മി എം പി ഗോപിനാഥൻ നായരും ഉണ്ട്. അദ്ദേഹം പ്രസിദ്ധയായ (പിന്നീട് ) കെ. ഓമനക്കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചിട്ട് അധികനാള്‍ ആയിരുന്നില്ല. 
 അവരെ കൂടാതെ EA Mr Poovanna യും താമസമു ണ്ടായിരുന്നു. അന്ന് ഞാനടക്കം EA നാല്, SEA രണ്ടു പേര്‍.  AIR പൂനയുടെ Aux center ആയിരുന്നു സാംഗ്ളി. അനൗൺസർമാർ, TREXs മൂന്നു പേര്‍ വീതം ഉണ്ടായിരുന്നു.    

      ജില്ലാ  ആസ്ഥാനമാണ് സാംഗ്ളി. ഒരു ഗ്രാമാന്തരീക്ഷം. തലയില്‍  തേച്ചുകുളിക്കാന്‍  നല്ലെണ്ണ  കിട്ടാത്ത കാര്യം വെറുതെ ആദ്യ കത്തില്‍ തന്നെ വീട്ടിലേക്കെഴുതിയിരുന്നു. സഹപ്രവര്‍ത്തകരെ പരിചയപ്പെടുന്നതിന് മുന്‍പാണത്.  ഞങ്ങളാരും വെളിച്ചെണ്ണ തലയില്‍ തേക്കാറില്ല. വീട്ടില്‍ നിന്ന് ഞാന്‍ മാത്രമേ പുറത്തുള്ളു. അതുകൊണ്ട് നല്ല പരിഗണന ലഭിക്കുമല്ലോ. തൊട്ടടുത്ത വീട്ടില്‍ ചക്കുണ്ട്. അവിടെനിന്ന് പരിശുദ്ധമായ നല്ലെണ്ണ വാങ്ങി  അരിഷ്ടക്കുപ്പിയിലാക്കി, (ഉടയാത്ത കുപ്പികള്‍ അന്നില്ല) മുരിക്കിന്‍ പെട്ടിയില്‍ മരപ്പൊടിയിട്ട് പാര്‍സല്‍ ചെയ്തു തന്നു. പെട്ടിയില്‍, എനിക്കവിടെ  കിട്ടിയതാകട്ടെ എണ്ണയില്‍ കുതിര്‍ന്ന മരപ്പൊടിയും കുപ്പിച്ചില്ലുകളും.

      ഇതിനകം രണ്ടാമത്തെ ജ്യേഷ്ഠന് ആദ്യം പഞ്ചായത്തിലും പിന്നാലെ ട്രെയിനിംഗ് ഇല്ലാതെ തന്നെ പി എസ് സി അദ്ധ്യപകനായി നിയമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. താമസിയാതെ ട്രെയിനിംഗും കഴിഞ്ഞു  അദ്ധ്യപകനായി, അപ്പോള്‍ വീട്ടിലുണ്ട്.        

             സാംഗ്ളിയെ പരിചയമായപ്പോള്‍ ഇഷടപ്പെട്ടു. കൃഷ്ണാ നദിതീരത്താണ്  ഈ പഴയ ചെറു പട്ടണം. അവിടെ തലശ്ശേരിക്കാരുടെ ബേക്കറിയുണ്ട്. കുറെ മാറി പഞ്ചസാര ഫാക്ടറികളുണ്ട്. മുളക്, പുകയില കൃഷികളുണ്ട് .  സാംഗ്ളി - മിറാജ്  റോഡില്‍ കുറച്ചു മാറി ആയിരുന്നു ടൗണ്‍  ഓഫീസ്. ഓഫീസിനടുത്ത് വൈക്കോല്‍ കൂന പോലെ സീസണില്‍ ചുവന്ന മുളക് കൂട്ടിയിട്ടിരിക്കുന്നത് കാണാം


സാംഗ്ളി ടൗൺ - ഇപ്പോൾ

    ആ റൂട്ടിൽ തന്നെയാണ് കോളേജുകളെല്ലാമുള്ളത്.  ധാരാളം കോളേജുകള്‍ ഉണ്ടായിരുന്നു. ഹോട്ടലുകള്‍ ആദ്യമൊക്കെ കുറവായിരുന്നു. പിന്നീട് ഒന്നുരണ്ടെണ്ണം കര്‍ണാടക രീതിയിലുള്ളത് വന്നു.  അന്ന് ഞങ്ങളെല്ലാം ഭക്ഷണം  കഴിച്ചിരുന്നത്  അന്നപൂര്‍ണ്ണ എന്നും  'ആവട് നിവട്'' എന്നും പേരുള്ള ഒരു ഹോട്ടല്‍ കം മെസ്സില്‍ നിന്നായിരുന്നു. മാസം 48 രൂപ, എന്നാണോര്‍മ്മ. ചപ്പാത്തി, ഗോബി, ചാവളി ഉസള്‍ ( പച്ചപ്പയര്‍ ) മേഥി പാതക്, ആലു ടൊമേട്ടര്‍ തടങ്ങിയ പച്ചക്കറി വിഭവങ്ങള്‍ക്കെല്ലാം 10 പൈസ. മോര് ആംടി 5 പൈസ വീതം . ഒരു കടോരി ചോറിനും, ചപ്പാത്തിക്കൂം 10 പൈസ വീതം . ഒരൂനേരത്തെ ആഹാരത്തിന് ഒരുരൂപ മതിയാവും. ബാസുന്തി, ശ്രീഘണ്ഡ് എന്നിങ്ങനെ പേരുള്ള സ്വീറ്റ്സ് (പാല്‍ ഉല്‍പന്നങ്ങള്‍) ന് വില സ്വഭാവികമായും കൂടുതലുണ്ട്.അതിന് അല്പം എക്സ്ട്രാ കൊടുക്കണം. അവ സ്വാദിഷ്ടമായതു കൊണ്ട് മിക്കവാറും ദിവസങ്ങളിലെല്ലാം കഴിക്കാറുണ്ട്.

         ആയിടെ ഒരു എൽ ഐ സി ഡവലപ്പ്മെൻ്റ്  ഓഫീസർ പിന്നാലെ കൂടി പോളിസി എടുക്കാന്‍ പ്രരിപ്പിച്ചതു മൂലം 5000  കയുടെ പോളിസി എടുക്കാന്‍ തീരുമാനിച്ചു. അന്ന് 5000 ക ക്ക് ഒരു ഏക്കര്‍ തൈ തെങ്ങിന്‍ പറമ്പ് കിട്ടും.
സർവീസിൽ കയറി ഒരു വര്‍ഷം തികഞ്ഞിട്ടില്ലാത്തവര്‍ക്ക് പൊളിസി എടുക്കാന്‍ മെഡിക്കൽ ടെസ്റ്റ് വേണം. എൽ ഐ സി മെഡിക്കൽ ഓഫീസർ എന്നെ പരിശോധിച്ച് പോളിസി എടുക്കാൻ യോഗ്യനല്ലെന്ന് വിധിച്ചു. കാരണം under weight.  അതിനര്‍ത്ഥം എനിക്ക് പോളിസി അനുവദിച്ചാല്‍ LIC ക്ക് നഷ്ടം വരും. കാലാവധി എത്തുന്നതുവരെ എനിക്കായുസുണ്ടാവില്ല.  എനിക്ക് ഉള്ളില്‍ ഭയം കയറി എന്ന്  പറയേണ്ടതില്ല. പക്ഷെ ഞാന്‍ ഹോട്ടലില്‍നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നറിഞ്ഞ് ഡോക്ടര്‍ സ്വയം പാകം ചെയ്തു കഴിക്കാന്‍ ഉപദേശിച്ചു . പാല്‍ വാങ്ങിക്കുടിക്കാനും. പാല്‍ ഡയറികള്‍ ധാരാളമുണ്ടവിടെ. (എരുമപ്പാല്‍). കൊണ്ടുവരുന്ന പാലിലെ കൊഴുപ്പിന്‍റ അംശം നോക്കിയാണ് കര്‍ഷകര്‍ക്ക് വില നല്‍കുക.  അത് കണ്ടുപിടിക്കാനുള്ള ഉപകരണം അത്തരം എല്ലാ കടകളിലും ഉണ്ടാവും. ഞാന്‍ അന്നു തന്നെ പാചകത്തിന് വേണ്ട പാത്രങ്ങളും സ്റ്റൗവ്വും മറ്റും വാങ്ങിക്കൊണ്ടുവന്നു. ആദ്യമായി അര ലിറ്റര്‍ പാല്‍ വാങ്ങി തിളപ്പിച്ച് അങ്ങു കുടിച്ചു. വേഗം തടി വെക്കണമെല്ലോ.എന്നാല്‍ ആ പാലെല്ലാം പിറ്റേ ദിവസം രാവിലെ വലിയ മാറ്റം കൂടാതെ അതിനുള്ള ദ്വാരത്തിലൂടെ ബഹിര്‍ഗമിച്ചു. ഭാഗ്യത്തിന് അതിസാരം പിടിപെട്ടില്ല.

       പതുക്കെ പതുക്കെ പാചകത്തിന്‍റെ പാഠങ്ങള്‍ പഠിച്ചെടുത്തു. അതിന് മുന്‍പെ റെയിൽവേയിലുണ്ടായിരുന്ന ഒരു മലയാളി സുഹൃത്ത് മാറ്റമായപ്പോള്‍ അദ്ദേഹം‍ താമസിച്ചിരുന്ന കുറെ കൂടി വലിയ നല്ല മുറി റെക്കമെൻ്റേഷനിൽ  എനിക്ക് കിട്ടി.  30 കയായിരുന്നു വാടക എന്നാണോര്‍മ്മ. ആ വീട്ടുടമസ്ഥന്‍റേതായിരുന്നു ഹോട്ടല്‍ അന്നപൂര്‍ണ്ണ. ആദ്യത്തെ മുറിയില്‍ പാചകം സാധ്യമാവുമായിരുന്നില്ല. സാംഗ്ളിയെകുറിച്ച് ഇത്രയൊക്കെയേ ഉള്ളു. അന്ന് Auxiliary centre ആയിരുന്നു സാംഗ്ളി .S E ക്കാണ് ചാർജ്ജ്. അന്നത്തെ SE, ശ്രീ പി. ജയപാൽ, അദ്ദേഹം തൃശൂരിൽ നിന്നാണ് സാംഗ്ളിയിലേക്ക്  വന്നതെന്നു തോന്നുന്നു. ( SE യുടെ മുറിയില്‍ തൂങ്ങുന്ന ബോര്‍ഡില്‍ 64 - 66 ൽ പരം  പേരുണ്ട്) അയാളുടെ ചെയ്തികൾ വഴിയെ.      

 SE   പി. ജയപാൽ ഒരു തമിഴ് സവര്‍ണ്ണന്‍ ആയിരുന്നു. അന്ന് ആകാശവാണി ഓഫീസർമാരിൽ അധിക പങ്കും അവരാണ്. ഇദ്ദേഹം തീര്‍ത്തും ഒരു ഏകാധിപതി ആയിരുന്നു ASE ഒരു class l  UPSE ഓഫീസറായിട്ടു പോലും, വേണ്ടത്ര അംഗീകാരം കൊടുത്തിരുന്നില്ല . അയാള്‍ ആഴ്ചയില്‍ ഒരു ദിവസം ട്രാൻസ്മിറ്റർ വിസിറ്റിന് വരും. രാവിലെ മെസ്സിൽ നിന്നും ടിഫിൻ കാര്യറിൽ ഡ്യൂട്ടിയിലുള്ളവർക്ക് വേണ്ടി ഭക്ഷണം ശേഖരിച്ച്  കാറില്‍ വെച്ചു കൊടുക്കാന്‍ ഞങ്ങള്‍ ഒരു പയ്യനെ ഏര്‍പ്പാടാക്കീട്ടുണ്ടായിരുന്നു. ഇയാള്‍ വരുന്ന ദിവസം ആ പയ്യനെ ശ്രദ്ധിക്കാന്‍ ഇയാള്‍ അനുവദിക്കില്ല. ഞങ്ങള്‍ക്കന്ന് ഭക്ഷണമില്ല. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താന്‍ മൂന്നു മണികഴിയും എന്നോര്‍ക്കണം. RC യിലോ XTR   ലോ പച്ച വെള്ളം പോലുമില്ല. അതും Can നില്‍ ടൗണ്‍ ഓഫീസില്‍ നിന്ന് വരണം. ആവശ്യത്തിന് സ്റ്റാഫ് ഉണ്ടെങ്കിലും ലീവ് നിരസിക്കും. ഇതിനൊന്നും ആരും പ്രതിക്ഷേധിച്ചിരുന്നില്ല എന്നത് വിചിത്രമായി തോന്നാം. എന്നാല്‍ അന്നൊന്നും അസോസിയേഷൻ  ഇല്ല. ഡ്യൂട്ടി സമയം define ചെയ്തിട്ടില്ല. സ്റ്റാഫ് വെൽഫയർ എന്നൊന്നില്ല.

        ഒരു ശമ്പള ദിവസം ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ ശമ്പളത്തിനായി ചെല്ലുന്നു . നാലുമണി ആയിട്ടേയുള്ളു. ക്യാഷ് ബുക്ക് ക്ളൊസ് ചെയ്തിരിക്കുന്നു. ഞാന്‍ തിരിച്ചു പോന്നു. കുറെ ദിവസത്തേക്ക് ഞാനാവഴിക്കേ പോയില്ല. കെട്ടിയിരിപ്പുണ്ടായിട്ടല്ല. ചിലവിന് കടം വാങ്ങി . ആഴ്ച ഒന്നു കഴിഞ്ഞു. ശമ്പളം വാങ്ങാത്തതിന് ശിക്ഷിക്കാന്‍ സർവീസി റൂളിൽ വകുപ്പില്ലല്ലോ .ഒരു ദിവസം ASE  ചോദിച്ചു. ഗഫൂറെന്താ ശമ്പളം വാങ്ങിക്കാത്തത്. ഞാന്‍ കാരണം പറഞ്ഞു. ശമ്പള ദിവസം 4 മണിക്ക്  തന്നെ  ക്യാഷ് ബുക്ക് ക്ളോസ് ചെയ്തതില്‍ പ്രതിക്ഷേധിച്ചാണ്. അതിന് മുന്‍പ് ഇത് ഓഫീസില്‍ ചര്‍ച്ചയായിട്ടുണ്ടാവണം. റെജിസ്റ്ററുകൾ എല്ലാം SE തന്നെ ഒപ്പിടണമല്ലോ. ഞാന്‍ പരാതി പറയാനൊന്നും പോയിരുന്നില്ല. ഇനി മുതല്‍ ശമ്പള ദിവസം നേരത്തെ  ക്ളോസ് ചെയ്യില്ലെന്ന് തീരുമാനമായിട്ടുണ്ട്. അതുകൊണ്ട് പോയി ശമ്പളം വാങ്ങിച്ചോളൂ.

           ഇനി വരുന്നത് എന്‍റെ കാര്യമല്ല. എന്നാല്‍ അതിലും കൂടുല്‍ എന്നെ വേദനിപ്പിച്ച കാര്യമാണ്. സുഹൃത്തും ഗുരുവുമായ ജയനാരായണന്‍റേത്. എനിക്ക് രണ്ടുകൊല്ലം സീനിയറാണദ്ദേഹം, 1964 ബാച്ച്.  ട്രാന്‍സ്മിറ്ററിനെപ്പറ്റി  നല്ലപോലെ താല്പര്യമെടുത്ത് പഠിക്കുകയും പുസ്തകങ്ങളിൽ നിന്ന് അറിവ് സമ്പാദിക്കുകയും ചെയ്ത വ്യക്തി.  മറ്റു ചിലര്‍ പഠിച്ചിരുന്നത് സ്വന്തം താല്പര്യത്തിന് പരീക്ഷയെഴുതി പ്രൊമോഷന്‍ തരപ്പെടുത്താനാണ്. അദ്ദേഹം  കുറഞ്ഞ നാള്‍ കൊണ്ടുതന്നെ Xtr ലെ കാര്യങ്ങളെല്ലാം പറഞ്ഞുതന്ന് എന്നെ സ്വയം shift എടുക്കാന്‍ പ്രാപ്തനാക്കി. വളരെ ആത്മാര്‍ത്ഥമായ സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്.

         പാലക്കാട്, ഇലപ്പുള്ളി ഒരു ജന്മിത്തറവാട്ടുകാരനാണ് അദ്ദേഹം. ഭൂനിയമം വന്നതോടെ പാട്ടത്തിനു കൊടുത്തിരുന്ന കൃഷിഭൂമികളെല്ലാം നഷ്ടപ്പെട്ട്, കുടിയാന്മാരുടെ കയ്യിലായി. മാതാപിതാക്കളുമായി വളരെ അറ്റാച്ച്മെൻ്റ്  ആയിരുന്നതിനാല്‍  കൂടെ കൂടെ നാട്ടില്‍ പോകുമായിരുന്നു അദ്ദേഹം. ഞാനും മറ്റു രണ്ടുപേരും ജോയിൻ ചെയ്ത് മുഴുവന്‍ Tech staff ഉം ഉള്ള ഒരു സമയത്ത് A S E യോട്  കുറച്ചു  ദിവസത്തേക്ക് ലീവ് ചോദിച്ചു . അദ്ദേഹം അതിന് സമ്മതിച്ചതുമാണ്. എന്നാല്‍ ലീവ് അപേക്ഷയുമായി SEയുടെ അടുക്കല്‍ ചെന്നപ്പോള്‍ അയാള്‍ നിരസിച്ചു. ASE സമ്മതിച്ച കാര്യം പറഞ്ഞപ്പോള്‍ ആ നട്ടെല്ലില്ലാത്ത മഹാരാഷ്ട്രിയന്‍ ASE കാലുമാറി. SE അവിടെ ജയനാരായണനെ കള്ളം പറയുന്നവനാക്കി അപമാനിച്ചു. വിഷമിപ്പിച്ചു. ടിക്കറ്റെല്ലാം റിസർവ്വ് ചെയ്തതായിരുന്നു . പിന്നെ എന്തു ചെയ്യും .ജയനാരായണന്‍ ഒരു ഡോക്ടറെ കണ്ടു മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി സ്ഥലം വിട്ടു. 

          മാസത്തിന്‍റെ മദ്ധ്യത്തിലാണ് അദ്ദേഹം പോയത് . ദ്രോഹിയായ SE, ലീവ് സാംഗ്ഷൻ ചെയ്തില്ല എന്ന് മാത്രമല്ല. പകുതി മാസം ജോലി ചെയ്തതും അവഗണിച്ച്, മുഴുവന്‍ ശമ്പളവും തടഞ്ഞു വെച്ചു.

           തിരിച്ചെത്തിയ ജയനാരായണന്‍  Directorate ലേക്ക് representation  അയച്ചു. Duty pay തടഞ്ഞു വെച്ചതിന് SE ക്ക് കിട്ടേണ്ടത് കിട്ടി. എന്നാല്‍ സ്ഥാപന മേധാവിക്ക് എതിരായി  പരാതി നല്‍കിയത് തെറ്റാണെന്നും പരിതസ്ഥിതി കണക്കിലെടുത്ത്, മൃദു സമീപനം സ്വീകരിക്കുന്നുവെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞുകൊണ്ടുള്ള ഒരു മെമ്മൊ ജയനാരായണനും കിട്ടി. 

           ചില വിശേഷ ദിവസങ്ങളില്‍  വൈകുന്നേരത്തെ  പരിപാടികള്‍ രാത്രി 12 വരെ നീളുമെന്ന് പൂനയില്‍ നിന്ന് മുന്‍കൂട്ടി അറിയിപ്പുണ്ടാകും. എല്ലാ ദിവസവും 6 മണിക്കേ വൈകുന്നേരത്തെ പരിപാടികള്‍ തുടങ്ങുകയുള്ളു. അപ്പോഴെല്ലാം, സാധാരണ ഉച്ചക്ക് ഒന്നരക്ക്  പോകേണ്ടതിന് പകരം വൈകുന്നേരം നാലുമണിക്ക് പോയാല്‍മതി. അതിന് അയാള്‍ സമ്മതിക്കില്ല. ഇതു കൊണ്ടൊക്കെ പ്രോഗ്രാം സ്റ്റാഫിനും അയാളോട് വെറുപ്പാണ്.

             ബോംബെയില്‍  Regional Engineer office തുടങ്ങിയത് ആയിടെയാണ്.  ഇയാളുടെ sadist മനോഗതി തിരുത്തനായി. ഞങ്ങള്‍ എല്ലാവരും Directorate ലേക്ക് പരാതി കൊടുക്കാൻ തീരുമനിച്ചു.  അതിന് മുൻകൈ എടുത്തതും representation തയ്യാറാക്കിയതും ജയനാരായണന്‍ തന്നെയാണ്. ആ അവസരത്തില്‍ മറ്റു ചില സ്റ്റേഷനുകളിലും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കാരണം ,അന്നത്തെ മേധാവികളധികവും മനുഷ്യപ്പറ്റില്ലാത്തവരായിരുന്നു.

        നീട്ടുന്നില്ല.. RE enquiry ക്ക് വന്നു.  അപേക്ഷകളെല്ലാം ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് എല്ലാവരെയും വിളിച്ച് ഒരു മീറ്റിംഗ് കൂടാനൊന്നും SE മിനക്കെട്ടിരുന്നില്ല. അയാളുടെ ദുരഭിമാനം അതിനനുവദിച്ചുകാണില്ല. RE യും  തമിഴ് നാട്ടുകാരനായിരുന്നു. അയാളുടെ സുഹൃത്തുമായിരുന്നു എന്നു തോന്നുന്നു . എന്നാല്‍ straight  ആണ്. ഒരോരുത്തര്‍ക്കും പറയാനുള്ളത് കേട്ടു.  SE യെ രാജ്കോട്ടിലേക്ക് മാറ്റി.   ഇൻഡോ - പാക്  യുദ്ധത്തിന്‍റെ അവസരത്തില്‍ ആരെയും ചാർജ്ജ് ഏല്പിക്കാതെ സ്ഥലം വിട്ടതിന് പിന്നീട് നടപടി നേരിട്ടു എന്നും കേട്ടു.

         അയാള്‍ സാംഗ്ളിയില്‍ നിന്ന് പോകുന്നതിന് മുന്‍പ് ജയനാരായണന്‍റെ ഭാവി നശിപ്പിച്ചു. എല്ലാവരും represent ചെയതകൂട്ടത്തില്‍ ജയനാരായണനും ഉണ്ടല്ലോ. അതുവെച്ച് അയാള്‍ കളിച്ചു. CR ല്‍ Technically sound ആണെന്നെല്ലാം സമ്മതിച്ചതിനു ശേഷം 'Dispite of warning  he represented again against the head of the station'. എന്നും എഴുതി വെച്ചു. Extract കിട്ടിയപ്പോള്‍ തന്നെ ഞങ്ങളെല്ലാവരും പറഞ്ഞതാണ് അതിനെതിരെ represent ചെയ്ത് adverse remark നീക്കിക്കിട്ടാന്‍ (expunge) അപേക്ഷിക്കാൻ. കാരണം എല്ലാവര്‍ക്കും പരാതി  ഉണ്ടായിരുന്നതുമാണല്ലോ. അതില്‍ സത്യാവസ്ഥ തെളിഞ്ഞതുമാണ്. എന്നാല്‍ ജയനാരായണന്‍ അതിനു ശ്രമിച്ചില്ല. അതിന് പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നു .

  ജയനാരായണനെ സാംഗ്ളിയില്‍ നിന്ന് Parbhani എന്ന സ്ഥലത്തേക്ക് മാറ്റി. പിന്നീട് EA cadre, സോൺ തിരിച്ചപ്പോള്‍ കോഴിക്കോട് വന്നു. 1971 ആദ്യം ഞാന്‍  മാറ്റമായി കോഴിക്കോട്ട് എത്തിയപ്പോള്‍ അദ്ദേഹവുമായി വീണ്ടും ഒരുമിച്ചു. അപ്പോഴേക്കും മൂന്നുകൊല്ലം പിന്നിട്ടു. Adverse remark ഉള്ള CR പുറകോട്ടു പോയിരുന്നതുകൊണ്ട്, SEA പ്രമോഷൻ ലിസ്റ്റില്‍ പേര് വന്നു. പോർട്ട് ബ്ളെയറി ലേക്ക്  മാറ്റി. അതിനിടെ  അദ്ദേഹത്തിന്‍റെ ജൂനിയർ ആയ കുറെ പേര്‍ മുകളി ലേക്ക് കയറിപ്പോയിരുന്നു. പിന്നെയും  രണ്ട് ട്രാൻസ്ഫറുകള്‍ അദ്ദേഹത്തിന് വന്നു. 1982ന് ശേഷം വ്യപകമായി LPTV കള്‍ വരുന്ന സമയമായിരുന്നു അതിനെല്ലാം  ഒരു പാട്  AE മാരെ ആവശ്യമായി വന്നു. അതിനാല്‍ ഡിപ്പാർട്ട്മെൻ്റ് എക്സാം പിന്നീട് പാസ്സായാല്‍ മതി എന്ന വ്യവസ്ഥയില്‍ കുറെ പേരെ AE മാരാക്കി. 1964 ബേച്ചുകാര്‍ മുഴുവന്‍ കയറിക്കൂടി. ജൂനിയറായി പ്പോയതിനാല്‍ ജയനാരായണന്‍ ആദ്യ ലിസ്റ്റുകളില്‍  ഒന്നും പെട്ടില്ല. അവരെല്ലാം പിന്നീട് SE ആയി റിട്ടയ്യർ ചെയ്തു എന്നറിയുമ്പോള്‍ . അദ്ദേഹത്തിനുണ്ടായ നഷ്ടം ഊഹിക്കാം. എന്‍റെ   അഭിപ്രായത്തിലല്ല, അദ്ദേഹത്തെ അറിയുന്ന ഏവരുടേയും അഭിപ്രായത്തില്‍ പ്രമോഷന് ഏറ്റവും കൂടുതല്‍ അര്‍ഹത ഉണ്ടായിരുന്ന ഒരു വ്യക്തിയെ ആണ്, ആ കള്ള ജയപാല്‍ ദ്രോഹിച്ചത്. പിന്നെ വന്ന പല എൻജി. ഓഫീസർ മാര്‍ക്കും ജയനാരായണന്‍റെ കഴിവ് ബോധ്യപ്പെട്ടുവെങ്കിലും, ട്രാൻസ്ഫർ കാര്യങ്ങളില്‍ മാത്രമേ അവര്‍ക്ക്, അപ്പോള്‍ സഹായിക്കാന്‍ കഴിയുമായിരുന്നുള്ളു. 1992ല്‍ കോഴിക്കോട് AIRല്‍ AE ആയിരിക്കെ, Voluntary Retirement എടുക്കുകയാണുണ്ടായത്. ഏഴെട്ടു കൊല്ലം  സർവീസ് ബാക്കി ഉണ്ടായിരുന്നു അപ്പോൾ. ആദ്യത്തെ തിക്താനുഭവങ്ങള്‍ നമ്മെ നിരുത്സാഹപ്പെടുത്തും. ഇപ്പോള്‍ ഇലപ്പുള്ളിയിന്‍ സ്വന്തം തറവാട്ടില്‍ കഴിയുന്നു.പൂര്‍ണ്ണ ആരോഗ്യവാനല്ലെങ്കിലും. രണ്ടു മക്കള്‍ തിരൂരാണ് . ഒരു പെണ്‍കുട്ടി കൂടെയുണ്ട്.

വിവാഹം, കുടുംബ ജീവിതം

       1970 ല്‍ എന്നെ വിവാഹം കഴിപ്പിക്കാന്‍ ഉപ്പാക്ക് ധൃതിയായി. അനുജത്തിയുടെ വിവാഹത്തിന് ഉപ്പാക്ക് കടമുണ്ടായിരുന്നു. കല്യാണം 25 വയസ്സെങ്കിലും കഴിഞ്ഞ് സ്ത്രീധനം വാങ്ങാതെ കഴിക്കണം എന്നായിരുന്നു എന്‍റെ ആഗ്രഹം. എന്നാല്‍ 24 വയസ്സ് ആവുന്നതിനു മുന്‍പെ ഉപ്പയുടെ സമ്മര്‍ദ്ദം വന്നു. ആദ്യം കണ്ട പെണ്‍കുട്ടി യുടെ ആലോചന അലസിപ്പോയി.  രണ്ടാമത്തേത് ഉറപ്പിച്ചത് ഫോട്ടോ മാത്രം കണ്ടാണ്. മൂത്ത ജ്യേഷ്ഠൻ എനിക്ക്  യോജിക്കുമെന്ന ഉറപ്പു തന്നു. അങ്ങിനെ 1970 സെപ്തംബർ 6 ന്  വിവാഹം നടന്നു. അന്ന് ഒരു ഏക്കർ തെങ്ങിന്‍ പറമ്പ് വാങ്ങിക്കാനുള്ള തുക ഡ്രാഫ്റ്റ് ആയി തന്നത്, പിറ്റെ ദിവസം മാറി, മുഴുവന്‍ തുകയും ഉപ്പയെ ഏല്പിച്ചു. ഉപ്പാക്ക്  മകളുടെ വിവാഹത്തിന്  വന്ന കടമെല്ലാം അങ്ങനെ വീട്ടാന്‍ സാധിച്ചു. അതല്ലാതെ വേറെ വഴിയില്ലായിരുന്നു.

        വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിന് ശേഷമേ ഭാര്യയെ സാംഗ്ളിയിലേക്ക് കൊണ്ടു പോകാന്‍ കഴിഞ്ഞുള്ളു. അന്ന് ഉപ്പയും ഞങ്ങളെ  അനുഗമിച്ചു. ഉപ്പയുടെ ആ തീരുമാനം പെട്ടെന്നായിരുന്നു.ഉപ്പാക്ക് ഞങ്ങള്‍ അന്ന് കുട്ടികള്‍ തന്നെ.

         ഒരാഴ്ചയോളം ഉപ്പ അവിടെ താമസിച്ചു. വിസിറ്റ് ചെയ്യത്തക്കതായ സ്ഥലങ്ങളൊന്നും അവിടെയില്ല. ജനബാഹുല്യമില്ല. തിരിച്ചു പോകുമ്പോള്‍ ബാംഗ്ളൂരിൽ ഒരു പകല്‍ കറങ്ങാന്‍ പറ്റും. കണക്ടിങ് ട്രെയിൻ  10 മണിക്കൂര്‍ കഴിഞ്ഞേ ഉള്ളു.

         ഞങ്ങള്‍  കുടുംബ ജീവിതം തുടങ്ങി. മട്ടൺ കിലോ 6 രൂപ. മൂന്ന് അയിലക്ക് 37 പൈസ. (6അണ)  ബസ്മതി അരി, പഞ്ചസാര, കിലൊ ഒന്നര രൂപ.  ഫ്രഷ് പച്ചക്കറികൾ  എല്ലാം പാതയോരത്ത് കിട്ടും.പൊതുവേ ജീവിതച്ചിലവ് കുറഞ്ഞ സഥലമാണത്. കുറെ തിയറ്ററുകളുണ്ട് .പുതിയ ഹിന്ദി സിനിമകള്‍ വരും. സെക്കൻ്റ് ഷോക്കാണ് ഞങ്ങള്‍ അധികവും പോകാറ്.  രാത്രി തിരിച്ചു വരുമ്പോള്‍ റോഡ് മിക്കവാറും വിജനമായിരിക്കും. ( മലയാളികളല്ലേ.. ആഭരണങ്ങള്‍ പാടെ ഉപേക്ഷിക്കില്ലല്ലോ.) എന്നാലും ഒരു പേടിയും കൂടാതെ നടന്ന് വരും. അന്നെവിടെ  ഓട്ടോറിക്ഷ?! യാതൊരു ശല്യവുമില്ലാത്ത സ്ഥലമാണത്.

          EA zone തിരിച്ചപ്പോള്‍ എനിക്ക് 1970 ആഗസ്റ്റില്‍, കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ഓർഡർ വന്നു. എന്നെ ഉടനെ റിലീവ് ചെയ്യാനുള്ള ലക്ഷണമൊന്നും കണ്ടില്ല. പകരക്കാരൻ വരാന്‍ കാത്തിരിക്കയായിരുന്നു.അതും scheduled tribe candidate വരണം. പിന്നെ REക്ക് അപേക്ഷ അയക്കേണ്ടിവന്നു. ഡിസംബര്‍ അവസാനമേ റിലീവ് ചെയ്തുള്ളു. അതും RE South ഇടപെട്ടതു കൊണ്ട്മാത്രം.

          ഭാര്യക്ക് pregnancy ലക്ഷണങ്ങള്‍ തുടങ്ങിയതിനാല്‍  കോഴിക്കോട്ട് ഉടനെ വീടെടുത്തില്ല. ഒരു കൊല്ലത്തോളം ഞാന്‍ MES ഹോസ്റ്റലിൽ  താമസിച്ചു. പിന്നെ കുടുബമായി ട്രാന്‍സ്മിറ്ററിനടുത്ത് പുതിയങ്ങാടിയില്‍ താമസമാക്കി.

            പുതിയങ്ങാടയിലെ ഈച്ച ശല്യമൊഴിച്ചാല്‍ കോഴിക്കോടിനെ കുറിച്ച് ഒന്നും പറയാനില്ല. 75 പൈസക്ക് ഒരു കുട്ട മത്തി. 50 രൂപക്ക് മൂന്ന് കിലോയോളം വരുന്ന ഒരു അയ്കൂറ( നെയ്മീന്‍). വീട്ടു വാടക 65 രൂപ. 71ല്‍ ഓട്ടോ ഓടാന്‍ തുടങ്ങീട്ടുണ്ട് മിനിമം 50 പൈസ. ബസ്സ് സ്റ്റാൻ്റ് പരിസരത്തുനിന്ന്
 ഒരുവിധം ടൗണില്‍ എല്ലായിടത്തും എത്താന്‍ അതുമതി. പുത്രന് എല്ലാ മാസവും ഒരോ അസുഖം പിടിപെടും. Medical reimbursement bills കോഴിക്കോട്ട്  എല്ലാ മാസാവസാനവും പേയ്മെൻ്റ് ആവും. എന്നിട്ടു പോലും സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്നു . ആ നാളുകളില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസം നേരിട്ടിരുന്നു. മകന്‍ ജനിച്ച് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞപ്പോഴേക്കും മകളും ജനിച്ചു.

            1975 നവംമ്പര്‍ മാസത്തില്‍ എനിക്ക് ശ്രീനഗറിലേക്ക് ട്രാൻസ്ഫർ ആയി SEA പ്രൊമോഷനോടെ. അടിയന്തിരാവസ്ഥാ കാലം, കുട്ടികള്‍ ചെറുത്. അവര്‍ക്ക് സുകൂൾ പ്രായമാവുമ്പോഴേക്കും തിരിച്ച് ട്രാൻസ്ഫർ കിട്ടും എന്നാണ് പ്രതീക്ഷ.(ശ്രീനഗർ അന്ന് difficult station ആണ്. ) തണുപ്പേറിയ സ്ഥലം ആയതിനാല്‍ മൂന്നു മാസം സമയം ചോദിച്ചത് അനുവദിച്ചു. പിന്നെ ലീവ് എടുത്തു മാര്‍ച്ച് 30 നേ ശ്രീനഗറില്‍ എത്തിയുള്ളു അതിന്‍റെ വിശേഷങ്ങള്‍ വഴിയെ.

         കോഴിക്കോട്ടു വെച്ച്  ഒരാളുമായി (അന്ന് AE) ഒരു പ്രശ്നമുണ്ടായി. SE ലീവായിരുന്നു. റീജണൽ തിയറ്ററില്‍  വെച്ച്  ക്ഷണിക്കപ്പെട്ട അതിഥികൾക്ക്  മുന്‍പാകെ ശ്രീ ബാലന്‍ കെ നായരും മറ്റും പങ്കെടുക്കുന്ന ഒരു നാടകം ഉണ്ടായിരുന്നു. അതിന് പോകാന്‍ പരിപാടിയിട്ട് അന്നേ ദിവസം ഞാന്‍ compensatory off എടുത്തിരുന്നു. ഡ്യൂട്ടി ഷീറ്റിൽ  അത്  കാണിച്ചിട്ടുള്ളതുമാണ്. കുട്ടികള്‍ ചെറുതായതുകൊണ്ട്, ഞങ്ങള്‍എവിടേയും പോകാറില്ല. അതിന്‍റ തലേന്ന് ഞാന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ഡ്യൂട്ടി ചാർട്ടിലെ അന്നത്തെ  കോമ്പ് ഓഫ്   വെട്ടി  വൈകുന്നേരം ഡ്യൂട്ടി ഇട്ടിരിക്കുന്നു. എന്നോട് ചോദിക്കാതെ. അത് ചെയ്തിരിക്കുന്നത് വേറെ ഒരാള്‍ക്ക് കോമ്പ് ഓഫ്  കൊടുക്കാന്‍ വേണ്ടിയാണ്. അത് തോന്നിവാസമാണല്ലോ. In the interest of service അവിടെ സ്ഥാപിക്കാന്‍ കഴിയില്ല. ഞാന്‍ പ്രതിക്ഷേധിച്ചു  ഡ്യൂട്ട്ക്ക് വരില്ല, വേറെ ആളെ നോക്കിക്കോളാന്‍ പറഞ്ഞു . AE ക്കത് പ്രസ്റ്റീജ് ഇഷ്യു ആയി. SE വന്നാല്‍ ഞാന്‍ സസ്പെൻഷനിലാവുമെന്ന്  വീമ്പു പറഞ്ഞു നടന്നു. ഞാന്‍ കൂസിയില്ല. അന്നേ ദിവസം ഭാര്യയോടും കുട്ടികളോടും കൂടെ എല്ലാവരുടേയും മുന്നിലൂടെ ആശിച്ച പരിപാടിക്കും പോയി. അതോടെ അയാളുടെ ദേഷ്യം ഇരട്ടിച്ചു .

       SE വരുന്നതിനു മുന്‍പെ ഞാന്‍ ഒരു പരാതി എഴുതി അദ്ദേഹത്തിന്‍റ മേശപ്പുറത്ത് എത്തിച്ചു. അദ്ദേഹം ലീവ് കഴിഞ്ഞ് വന്ന്,എന്നെ വിളിപ്പിച്ചു. എന്താണിത്? ഞാന്‍ സംഭവം വിവരിച്ചു.  SE, ശ്രീ നസ്രത്ത് സമാന ചുറ്റുപാടില്‍ കൈ പൊള്ളിയിട്ടുള്ള ആളാണ്. ഗഫൂറിന് എന്താ വേണ്ടത് ആന്നേ ദിവസം കോമ്പ് ഓഫ്  കിട്ടിയാല്‍ പോരെ?. It is granted. pl take this back എന്നു പറഞ്ഞ്  പരാതി എഴുതിയ പേപ്പർ തിരിച്ചുതന്നു. ആ A E യുടെ ചിറകല്പം ഒടിഞ്ഞു.

       കോഴിക്കോട്ട് നിന്ന് ഫെബ്രുവരിയിൽ യില്‍ റിലീവ് ചെയ്യപ്പെട്ടു. ശ്രീനഗറില്‍ തണുപ്പ് കുറയാന്‍ പിന്നെയും സമയമെടുക്കും. അതുവരെ  ലീവില്‍ കഴിയാന്‍ തീരുമാനിച്ചു.അതിനിടെ ഹെഡ് ക്ളർക്ക് ശ്രീ പ്രഭാകരന്‍ നായരുടെ സഹപ്രവര്‍ത്തകന്‍ മി. മുഹമ്മത് ബേംബെയില്‍ നിന്ന് പ്രമോഷൻ ആയി ശ്രീനഗറില്‍  AO ആയി ചാർജ് എടുത്തിട്ടുള്ള കാര്യം എന്നെ അറിയിച്ചു. ഒരു കത്തെഴുതിക്കോളാന്‍ പറഞ്ഞതനുസരിച്ച് ഞാനെഴുതുകയും അതിന് അതി വേഗം വിശദമായ മറുപടി വരികയും ഞാന്‍ ഏറെ സന്തോഷിക്കുകയും ചെയതു. അതിനു കുറച്ചു ദിവസത്തിനു ശേഷം അദ്ദേഹം അന്തരിച്ച വാര്‍ത്തയാണ് കേട്ടത്. അതെന്നെ ഏറെ ദഃഖിപ്പിച്ചു. 

കോഴിക്കോട് ജോലി ചെയ്യുമ്പോള്‍ പല പ്രമുഖ വ്യക്തികളും അന്നവിടെ ഉണ്ടായിരുന്നു. അക്കിത്തം, ഉറൂബ്, തിക്കൊടിയന്‍. സംഗീതജ്ഞരില്‍ പാലാ രാമചന്ദ്രനും പ്രശസ്ത സംഗീത സംവിധായകനായ ശ്രീ കെ. രാഘവനും. 

കാശ്മീർ താഴ്വാരങ്ങളിൽ

1976 നവംബർ മാസത്തിലാണ് കോഴിക്കോട്ടു നിന്ന് ശ്രീനഗറിലേക്ക് പ്രമോഷൻ സഹിതം മാറ്റിക്കൊണ്ടുള്ള ഓർഡർ വരുന്നത് എന്നു പറഞ്ഞല്ലോ. തണുപ്പു സീസൺ ആയതിനാല്‍ മൂന്നും നാലും വയസുള്ള കുട്ടികളെ കൂടെ കൊണ്ടു പോകാന്‍ പ്രയാസമായിരിക്കും എന്നതു കൊണ്ട് മൂന്നു മാസത്തെ സമയം ചോദിച്ചു. അടിയന്തിരാവസ്ഥ കാലമാണ്. അപേക്ഷിച്ച തിയതി മുതല്‍ കൃത്യം മൂന്നുമാസം അനുവദിച്ചു. You stand relieved on....... എന്നു വെച്ചാണ് മറുപടി.  അപ്പോഴും ഫെബ്രുവരി പകുതിയേ ആയുള്ളൂ. തണുപ്പുകാലം പിന്നെയും ബാക്കിയാണ്. മാർച്ച് അവസാനം ജോയിൻ ചെയ്യാമെന്ന ഉദ്ദേശത്തോടെ ലീവില്‍ തുടർന്നു.  അപേക്ഷിക്കാനൊന്നും നിന്നില്ല. മാർച്ച് 20 കഴിഞ്ഞ് കുടുംബ സമേതം പുറപ്പെട്ടു. കുറച്ചു ദിവസം ഡല്‍ഹിയില്‍, കസിൻ്റെ കൂടെ. അപ്പോള്‍ ഡല്‍ഹിയില്‍ തണുപ്പില്ല. മാർച്ച് 29ന് ജമ്മുവിലേക്ക് 14 മണിക്കൂര്‍ ട്രെയിൻ യാത്ര. അവിടെ നിന്ന് രാവിലെ ശ്രീനഗറിലേക്ക് 10 മണിക്കൂര്‍ ബസ്സ് യാത്ര. അത് 12 , 14 ചിലപ്പോള്‍ ദിവസങ്ങള്‍ ഒക്കെ ആയി മാറും (മണ്ണിടിച്ചിൽ ഉണ്ടായാല്‍.) രാത്രി 7 മണിയോടെ ശ്രീനഗർ ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിൽ എത്തി. അവിടെ  CIB യില്‍ ജോലി ചെയ്തിരുന്ന ചന്ദ്രനും രാജനും കാത്തു നില്‍പുണ്ടായിരുന്നു. അതിന്‍റെ എതിര്‍ വശത്താണ് റേഡിയോ കാശ്മീർ ശ്രീനഗർ സ്റ്റേഷൻ. ഇരുട്ടിത്തുടങ്ങിയതു കൊണ്ട് അപ്പോള്‍ അത് കണ്ടില്ല. സ്വറ്റര്‍ ധരിച്ചിരുന്നതിനാല്‍ വലിയ തണുപ്പ് തോന്നിയില്ല. കുതിര വണ്ടിയാണ് ആശ്രയം .അവര്‍ ഞങ്ങളെ ഞങ്ങള്‍ക്കായി എടുത്തിട്ട ഹൈവെയിൽ   തന്നെയുള്ള one room kitchen facility യുള്ള വീട്ടിലേക്ക് കോണ്ടു വന്നു. അവരന്ന് ബാച്ചിലേഴ്സ് ആണ്. പിന്നെ ഭക്ഷണം കഴിക്കാന്‍ സദര്‍ ബസാറിലെ കുന്ദംകുളത്തുകാര്‍ സഹോദരന്മാർ നടത്തുന്ന ഹോട്ടലിലേക്ക് കൊണ്ടുപോയി.  ഒരു കിലോമീറ്ററോളം കുട്ടികളെ എടത്ത് നടന്നാണ് പോയത്. Cantonment area ആണത്. കമ്പിളിയും രജായിയും മറ്റും കരുതിയിരുന്നതുകൊണ്ട് ഉറക്കം കിട്ടി.   

പിറ്റേന്ന് രാവിലെയാണ് പരിസരം കാണുന്നത്. ഇലയില്ലാത്ത മരങ്ങള്‍. ഉണങ്ങിയതാണെന്നു തോന്നും. ഒരു ഭംഗിയുമില്ല. തലേ ദിവസം നടന്നപോലെ 300 മീറ്റര്‍ നടന്നാല്‍ ബട്ട് വാര. അത്യാവശ്യ സാധനങ്ങള്‍ അവിടെ കിട്ടും. ശ്രീനഗറിലേക്ക് വരുന്നവര്‍ ആദ്യം എത്തുന്ന സ്ഥലമാണത്. ചെക്ക് പോസ്റ്റ്, Cantonment area. അവിടെ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി വീട്ടിലേല്‍പിച്ച്. ഓഫീസ് ലക്ഷ്യമാക്കി നടന്നു. ഒന്നര കിലോമീറ്റര്‍ ദൂരം താണ്ടാന്‍ വേണ്ടാത്ത വഴിയിലൂടെ കുറെ നടന്നു. പരിസരം ശരിക്കും പിടികിട്ടി. ബട്ട് വാരയില്‍ നിന്ന് ലാല്‍ചൗക്കിലേക്ക് എപ്പോഴും ബസ്സുണ്ട്. മൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളു. 25 പൈസ. ഓഫീസ് (CR) വഴിയാണ് പോവുക.

രണ്ട് മൂന്ന്  ദിവസം കൊണ്ട് ശ്രീനഗര്‍ ഏതാണ്ട് പരിചിതമായി. വലിയ ളോഹപോലെയുള്ള കമ്പിളിക്കുപ്പായമിട്ട മനുഷ്യര്‍. കുപ്പായത്തിന്‍റെ കൈകള്‍ തൂങ്ങിക്കിടക്കുന്നു. കാണുന്നവര്‍ ആര്‍ക്കും അതിനുള്ളില്‍ കൈ ഇല്ല. അങ്ങനെ വരുമോ?  കൈകള്‍ വലിച്ച് ഉള്ളിലേക്കിട്ടിരിക്കയാണെന്ന് പിന്നീട് മനസ്സിലായി. കാങ്കടി ഉള്ളില്‍ പിടിക്കാനാണത്. കാങ്കടി എന്നാല്‍ ചെറിയ ഒരുചട്ടി ചൂരല്‍ കൊണ്ട് മെടഞ്ഞ് പൊതിഞ്ഞെടുത്തത്.  പൂങ്കൊട്ട പോലെ വളഞ്ഞ പിടിയുണ്ടാവും. അതില്‍ ചീനാര്‍ മരത്തിന്‍റെ ഉണങ്ങിയ ഇലകള്‍ കരിച്ച് ഇട്ട് ചെറു ചൂടില്‍ കൊണ്ടു നടക്കും. കമ്പിളിക്കുപ്പായത്തിന് ഉള്ളില്‍ പിടിച്ചാല്‍ ഒട്ടും തണുപ്പ് അനുഭവപ്പെടില്ല. അടിപിടി കൂടുമ്പോള്‍ അതുകൊണ്ട് പരസ്പരം അടിക്കുകയും ചെയ്യാം. അങ്ങനെ ശണ്ഠയൊന്നും നടക്കാറില്ല. പൊതുവെ ശാന്തരാണവര്‍. കാലാവസ്ഥയും അതാണല്ലോ. എല്ലായിടത്തും ഏതു സമയത്തും മട്ടന്‍ ലഭ്യം. പച്ചക്കറി കടകളേക്കാള്‍ കൂടുതല്‍ മട്ടന്‍ ഷാപ്പുകളാണ്. ചോറും മട്ടണുമാണ് പ്രിയപ്പെട്ട ആഹാരം. മുസ്ലീമായാലും പണ്ഠിറ്റ് ആയാലും ചോറും വിവധ തരം മട്ടന്‍ കറികളുമായിരിക്കും, കല്യാണങ്ങള്‍ക്ക്. അപൂര്‍വമായി കോഴിയുമുണ്ടാവും.

കാങ്കടി

വിൻ്റർ മാസങ്ങളിലേക്ക് വേണ്ടി പച്ചക്കറികള്‍ ഉണക്കി സൂക്ഷിക്കും. വിവാഹാഘോഷങ്ങള്‍ വിൻ്ററിലാണ് അധികവും നടക്കുക. മട്ടന്‍ ധാരാളം കഴിക്കും. കശ്മീരി മട്ടന്‍ വിഭവങ്ങള്‍ പ്രസിദ്ധമാണ്. ചപ്പാത്തി അവര്‍ക്കിഷ്ടമല്ല. അത് പാവങ്ങളുടെ ഭക്ഷണമായാണ് കണക്കാക്കുന്നത്. വിവിധയിനം പഴ വർഗ്ഗങ്ങൾ ധാരാളം ലഭിക്കും. മാങ്ങയാണ് അവരുടെ അപൂര്‍വ പഴവര്‍ഗം. ചക്ക തീരെ കണ്ടിട്ടില്ല.
 
എന്നെ ട്രാൻസ്മീറ്റർ സെക്ഷനിലേക്കാണ് നിയോഗിച്ചത്. എനിക്കിഷ്ടവും അതുതന്നെ. നാഷണൽ ഹൈവേയില്‍ പാമ്പൂർ എന്നയിടത്താണ് ട്രാൻസ്മീറ്റർ. ശ്രീനഗറില്‍നിന്ന് 10 km കാണും. ഞാന്‍ താമസിക്കുന്നത് അങ്ങോട്ട് പോകുന്ന വഴിക്കായതുകൊണ്ട്, സൗകര്യമായി. കുങ്കുമകൃഷിപ്പാടങ്ങളാണ് പാമ്പൂരില്‍. ട്രാൻസ്മീറ്റർ നില്‍ക്കുന്ന സ്ഥലവും അങ്ങിനെ ഒരു പാടമായിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളില്‍ field ല്‍ കുങ്കുമപൂക്കള്‍ അവിടവിടെ വിരിയാറുണ്ട്. പൂവിന് നടുവിലെ നൂലുപോലെയുള്ള മൂന്ന് കേസരി കളുടെ കുങ്കുമ നിറമുള്ള 3 cm മുകൾ ഭാഗം മാത്രമാണ് കുങ്കുമം. ഒരുഗ്രാമിന് അന്നത്തെ വില 40 ക. ഇന്ന് എത്രയോ ഇരട്ടി ആയിരിക്കും.  ഈ പൂന്തോട്ടങ്ങളുടെ മുന്നിലൂടെ റോഡ് .അതിനപ്പുറത്ത് വിശാലമായ ദാൽ തടാകം . അതിനാല്‍ ഈ പുന്തോട്ടങ്ങളിലേക്ക് ശിക്കാര എന്ന വഞ്ചിയിലും പോകാം.
    ഏപ്രിൽ അവസാനത്തോടെ  മരങ്ങള്‍ക്ക് പുതിയ ഇലകള്‍ വരാന്‍ തുടങ്ങി. എന്നാല്‍ ബദാം ആപ്പിള്‍ എന്നീ ഇടത്തരം മരങ്ങളില്‍ പൂവാണ് ആദ്യം വിരിയുക. മരങ്ങള്‍ ഇളം പച്ച നിറത്തിലുള്ള പുതിയ ഇലകളുമായി നില്‍ക്കുന്നത് ഭംഗിയുള്ള കാഴ്ച തന്നെ. ചന്ദ്രനും രാജനും ഒരുദിവസം മുഗള്‍ ഗാര്‍ഡന്‍സ് സന്ദര്‍ശിക്കാനുള്ള പ്ളാനുമായി വന്നു. കാശ്മീരില്‍ മഴ ഏതു സമയവും ഉണ്ടാവാം പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. ഒരു ദിവസം ഞങ്ങള്‍ പുറപ്പെട്ടു . അന്ന് സന്ദര്‍ശനം മാത്രം. ഒരേ റൂട്ടില്‍ നാല് ഗാർഡനുകൾ ഉണ്ട്. ഇഷ്ടം പോലെ ബസ്സുകളും. അദ്യം ചെസ്മ ശാഹി. അവിടത്തെ നീരുറവയില്‍ നിന്ന് വരുന്ന വെള്ളം ഒരു natural mineral water ആണ്. തണുത്ത അതീവ ഹൃദ്യമായ വെള്ളമാണത്. പണ്ഡിറ്റ് നെഹ്രു ആ വെള്ളമാണ് പതിവായി കുടിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട് . അടുത്തത് നിഷാദ് ഗാർഡൻസ് , പിന്നെ ഷാലിമാർ. നാലാമത് വരുന്നത് അത്ര കണ്ട് പ്രസിദ്ധമല്ല. പേര് മറന്നു. ഈ പൂന്തോട്ടങ്ങളെല്ലാം ഭംഗിയായി പരിചരിച്ചിട്ടുണ്ട്. ഒഴിവ് ദിവസങ്ങളില്‍ അവിടത്തുകാര്‍ സ്റ്റൗവ്വും ഭക്ഷണ സാമഗ്രികളുമായി വന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച്, പകല്‍ മുഴുവന്‍ ചിലവഴിച്ച് മടങ്ങും. ഒന്നു രണ്ടു തവണ ഞങ്ങളും അതുപോലെ ചെയ്തിട്ടുണ്ട്. നിഷാദിലും ഷാലിമറിലുമാണ് അതിന് കൂടുതല്‍ സൗകര്യമുള്ളത്. മേയ് മുതല്‍ സെപ്തംബർ പകുതി വരെ സ്വറ്റര്‍ ഒന്നും വേണ്ട . ഫാനും വേണ്ട. രാത്രി പുതപ്പ് ധാരാളം.

കാശ്മീർ കുങ്കുമപ്പൂവ്

ബംഗാളികളായ ടൂറിസ്റ്റുകളാണ് ഈ കാലത്ത് കൂടതലായി  വരാറ്. കമ്പിളി ഷാളും കാര്‍പറ്റും മറ്റും വിറ്റ് ഈ കാലത്താണ് അവിടത്തുകാര്‍ കാശുണ്ടാക്കുന്നത്. വില പേശാൻ അറില്ലെങ്കിൽ പറ്റിക്കപ്പെടും. ഈ മാസങ്ങള്‍ വേഗത്തില്‍ പറന്നു പോകും. നാടിനെ മറക്കും.  ജോലിസ്ഥലത്ത്
ഡീസൽ എഞ്ചിൻ ഡ്രൈവർ അടക്കം അഞ്ചാറു പേര്‍ ഒരു ഷിഫ്റ്റിൽ ല്‍ ഉണ്ടാവും. 2×10 kW MV NEC , 7.5 kW S W  RCA. മൂന്ന് ഡീസൽ ജനറേറ്ററുകളും. അതിനാണ് ഇത്രയും പേര്‍.  നാലു പേരെ ആവശ്യമുള്ളു. ഒന്നര മണിക്കൂറെ മെയിൻ്റനൻസ് ഗ്യാപ് ഉള്ളൂ അതു പോലും ശരിക്ക് ഉപയോഗിക്കാതെ ട്രാൻസ്മിറ്റർ ഒരിഞ്ച് കനത്തില്‍ പൊടി പിടിച്ച് കിടക്കുന്നു. സഹിച്ചില്ല. ഒമ്പതു കൊല്ലമായി NEC ട്രാൻസ്മിറ്റർ കൂടെയുണ്ട്. അതുകൊണ്ട് , പിന്നത്തെ ആഴ്ച മുതല്‍ ഷിഫ്റ്റ് ഇൻ ചാർജ്ജ് ആയി . എല്ലാവരും കോട്ടും സൂട്ടിലുമാണ്. EA ആര്, ടെക്സ്നീഷ്യൻ ആര്, ഹെൽപ്പർ ആര് എന്ന് തിരിച്ചറിയാത്ത അവസ്ഥ. EA s എല്ലാം MSc ക്കാരും   B tech കാരുമായ കാശ്മീരികള്‍. ഇംഗ്ളീഷ് നന്നായി സംസാരിക്കും. ഉര്‍ദുവും ഹിന്ദിയും എല്ലാവര്‍ക്കും അറിയാം . അതുകൊണ്ട് കമ്യൂണിക്കേഷൻ പ്രശ്നം ഇല്ല. കാശ്മീരി ഭാഷക്ക് സ്ക്രിപ്റ്റ് ഇല്ല. ഉര്‍ദു അക്ഷരങ്ങൾ ഉപയോഗിച്ചാണ് എഴുതുക. അവര്‍ തമ്മിലുള്ള സംസാരം കാശ്മീരിയിലാണ്. നമുക്കൊന്നും മനസ്സിലാവില്ല.
ചിലപ്പോള്‍ നമ്മളെ കുറ്റം പറയുന്നതായിരിക്കും. നമ്മളെ 'ബാഹര്‍ കാ' എന്നാണ് അറിയപ്പെടുക. അതായത് പുറത്തുള്ള ആള്‍. പെരുമാറ്റം മാന്യമാണ്. ഷേക്ക് അബ്ദുള്ള  അധികാരത്തില്‍ വന്നതിന് ശേഷം വിദ്യാഭ്യാസത്തിന് കാര്യമായ ഊന്നല്‍ നല്‍കി. മുസ്ലീം, പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതിയുണ്ടായി. അതിന് മുന്‍പ് സ്ഥിതി മോശമായിരുന്നു. 

       ആദ്യത്തെ കുറച്ചു ദിവസത്തെ പരിചയപ്പെടലിനു ശേഷം ട്രാൻസ്മീറ്റർ വൃത്തിയാക്കിയെടുക്കാന്‍ ഞാന്‍ തന്നെ മുന്നിട്ടിറങ്ങി . Tech നും Helper ക്കും നോക്കി നില്‍ക്കാന്‍ കഴിയില്ലല്ലോ. അവരും കൂടി. സമാന ചിന്താഗതിക്കാരായ EA s ഉം മടിച്ചു നിന്നില്ല. ഏതാനും ദിവസം കൊണ്ട് ട്രാൻസ്മീറ്റർ മിന്നിത്തിളങ്ങി. ട്രാൻസ്മീറ്റർ നെ പറ്റി അവര്‍ക്കൊന്നും വലിയ പിടിയില്ലായിരുന്നു. അറിയുന്നവര്‍ പറഞ്ഞുകൊടുക്കില്ല. അവര്‍ക്കുള്ള upper hand പൊയ്പോവും എന്ന പേടി. എക്സ്പീരിയൻസിൽ നിന്ന് പഠിച്ച കാര്യങ്ങള്‍ അവര്‍ക്കെല്ലാം പറഞ്ഞു കൊടുത്തു. അത്യാവശ്യത്തിനല്ലാതെ ഓഫീസില്‍ പോകാറോ ബോസുമാരെ കാണാറോ ഇല്ല. റിപ്പോർട്ടിംഗിന് ചംച കളെ  വെക്കുന്ന രീതി എല്ലായിടത്തും ഉണ്ടല്ലോ. അവര്‍ റിപോർട്ട് ചെയ്യുന്നുണ്ടാവും. അവരെ ഇംപ്രസ്സ് ചെയ്യിക്കാനല്ലല്ലോ ഞാന്‍ ഞാൻ ജോലി ചെയ്യുന്നത്. മുൻഗണന നമ്മുടെ ഡ്യൂട്ടിക്ക് മാത്രം.  രാവിലത്തെ പ്രക്ഷേപണം  6-30 നാണ്. ഷിഫ്റ്റ് 5-30 നെത്തി ട്രാൻസ്മീറ്റർ പരിശോധിച്ച് ചെയ്ത് log ചെയ്യണം. പലപ്പോഴും  5.50 കഴിയും എത്താന്‍. എന്നാലും 5.30 ന് test ചെയ്തതായി എല്ലാവരും എഴുതി വെക്കും .

   ഞാന്‍ മോണിങ് ഡ്യൂട്ടിയിലായ ദിവസം കൃത്യ സമയം എഴുതി. അടുത്ത ദിവസം  ഇൻസ്പെക്ഷന് വന്ന SE ലോഗ് ബുക്കില്‍ എഴുതി.  'Why transmitter was not tested at 5-30 ?'. പിറ്റെ ദിവസം ഞാനിതു കണ്ടു. മറുപടി എന്നോണം,  Shift reached at 5-50 am, As per AIR manual Transmitter need to be tested half an hour before transmission. ഇത് വായിച്ച AE ആയിരിക്കും SE ക്ക് report ചെയ്ത് കാണും. SE  KR Gupta ഇത്തിരി Show man ആണ്. ഒരു firing ആണ് ഞാന്‍ പതീക്ഷിച്ചത്. പറയേണ്ട മറുപടിയും മനസ്സില്‍ കണ്ടു. എന്നാല്‍ കുറെ ഉപദേശമാണ് തന്നത്. Gaffoor you know this is a burning state. Very sensitive area. Not like all other state. You have to be careful. If you have got any difficulty come to me.  പിന്നെ എന്തു പറയാന്‍ . അതങ്ങിനെ കഴിഞ്ഞു. അന്നും സ്ഥിതിഗതികൾ തികച്ചും നോർമൽ ആയിരുന്നില്ല എന്ന് കാണിക്കാനണ് ഇത്രയും എഴുതിയത്. അത് അവിടത്തെ പട്ടാള സാനിധ്യത്തിൽ നിന്ന് വ്യക്തവുമായിരുന്നു. എന്നാല്‍ സാധാരണ ജീവിതം തികച്ചും  സമാധാനപരമായിരുന്നു, അന്ന്. തീവ്രവാദം 1984 ലാണ് തുടങ്ങിയത്. അതിന്  രാഷ്ട്രീയക്കാരുടെ ചെയ്തികളും കാരണമാണ്. അതിലേക്ക് കടക്കുന്നില്ല.

 വിൻ്റർ ആയാല്‍ മിലിട്ടറിക്കാര്‍ക്കും എയർ ഫോഴ്സിൽ ഉള്ളവര്‍ക്കും ബുക്കാരിയും അതിലിട്ട് കത്തിക്കാനുള്ള കല്‍ക്കരിയും കിട്ടും. ഓഫീസുകളിലും അതുണ്ടാവും. കത്തിക്കാന്‍ casual labours ഉണ്ടാവും. പബ്ളിക്കിന് ആഴ്ചയില്‍ രണ്ട് ദിവസം പവർ കട്ട് ആണ്. ക്വാർട്ടേഴ്സ് പണി പൂര്‍ത്തിയായി occupy ചെയ്യാന്‍ തയ്യാറായപ്പോൾ ഞാന്‍ അപേക്ഷിച്ചില്ല. ഫർണിഷ് ചെയ്യാത്ത quarter അവിടെ ഒരു ബാദ്ധ്യതയാണ്. ഇപ്പോഴത്തെ താമസം വളരെ സൗകര്യപ്രദമായിരുന്നു. ബ്രോഡ് വേ ഹോട്ടൽ,  ബ്രോഡ് വേ  സിനിമ, SBI എല്ലാം അടുത്ത്. ഇടത്തും വലത്തും കുറച്ചു നടന്നാല്‍ കടകള്‍. കടകളൊന്നും ആധുനിക രീതിയിൽ ഉള്ളവയല്ല അന്നൊന്നും. പ്രധാന മാര്‍ക്കറ്റായ ലാൽ ചൗക്കിൽ പോലും ആകര്‍ഷകമായ കടകളോ കെട്ടിടങ്ങളോ ഇല്ല. എല്ലാം ചെറിയ കടകള്‍ . ഛലം നദിക്ക് കുറുകെയുള്ള പാലം കടന്ന് അപ്പുറത്ത് ചെന്നാല്‍ അവിടെ മറ്റു കടകള്‍. കൂടാതെ അടുത്തടുത്ത് മട്ടന്‍ കടകള്‍. എല്ലായിടത്തും നടന്നു തന്നെ പോകാം. വിവിധ മൊഹല്ലകളിലേക്കും ഗ്രാമങ്ങളിലേക്കുമുള്ള ബസ്സുകള്‍  ലാൽ ചൗക്കിൽ നിന്നാണ് പുറപ്പെടുക. 40 കൊല്ലം മുന്‍പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. അശാന്തി നിലനില്‍ക്കുന്ന സ്ഥലമായതു കൊണ്ട് വലിയ മാറ്റം വന്നിരിക്കാനിടയില്ല. ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റാവുന്ന സ്ഥലം. പരസ്പരം പോരടിച്ച് നശിപ്പിക്കുന്നു, കഷ്ടം. ചുരുക്കിപ്പറഞ്ഞാല്‍ കാശ്മീരിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ശ്രീനഗറില്‍ നിന്ന് പുറത്തു കടക്കണം. ഗുല്‍മാര്‍ഗ് ,പെഹല്‍ഗാം, സോണമാര്‍ഗ്. മേയ്, ജൂൺ മാസങ്ങളിലെ നെല്‍കൃഷിപ്പണി നമ്മുടേതിന് സമാനമാണ്. ആ പാടങ്ങള്‍ കണ്ടാല്‍ നാട്ടിലെ പാടങ്ങള്‍ പോലെ തന്നെ തോന്നും. മരങ്ങള്‍ മാത്രം വ്യത്യസ്തം. നീണ്ടുയര്‍ന്ന് നില്‍ക്കുന്ന മരങ്ങളും ചീനാര്‍ മരങ്ങളും വാൽനട്ട് മരങ്ങളും ഇടകലര്‍ന്ന് കാണാം. ദേവദാരു മരങ്ങള്‍ അധികവും ഗുല്‍മാര്‍ഗിലാണ്.

 സഹപ്രവര്‍ത്തകരുമായി ചങ്ങാത്തത്തിലാവാൻ അധികസമയം വേണ്ടിവന്നില്ല. എല്ലാവരും ഡ്യൂട്ടിക്ക് വരുമ്പോള്‍  കറികൾ മാത്രം കൊണ്ട് വരും. അരി അവരവരുടെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കും. ഓരോരുത്തര്‍ക്കും വേണ്ട അരിയെടുത്ത് ചോറു വെക്കുന്ന ജോലി ചെയ്യുന്നത് സെക്യൂറിറ്റി ഗാർഡ് ആണ്. അതുപോലെ രാവിലെ പ്രാതലിന് ബ്രെഡ്-ഓം ലെറ്റ്, ചായ ഒക്കെ അവര്‍ തയ്യാറാക്കിത്തരും. ചില വൈകുന്നേരങ്ങളിൽ ഡ്യൂട്ടിക്ക് വരുന്ന വഴിക്ക് മട്ടന്‍ വാങ്ങിവരും. അതും അവര്‍ പാചകം ചെയ്ത് തരും. കടുകെണ്ണ ആണെങ്കിലും നല്ല വണ്ണം ചൂടാക്കിയാല്‍ മണം പോകും. ഓം ലെറ്റിന് നല്ല രുചിയാണ്. ചായ ആവശ്യപ്പെടുമ്പോഴൊക്കെ കിട്ടും. തണുപ്പുകാലത്ത് ധാരാളം കുടിക്കാനും തോന്നും . അവരുടെ പരമ്പരാഗത ചായ ഉപ്പ് ചായ ആണ്‌. അധിക പേരും വീടുകളില്‍ അതാണ് ഉണ്ടാക്കുക. സാദാ ചായക്ക് ലിപ്ടൻ ടീ എന്നാണ് പറയുക. ഉപ്പ് ചായക്ക് പ്രത്യേകയിനം തേയിലയാണ് . ഗ്രീൻ ടീ പോലെ കുറെ നേരം തിളപ്പിച്ച് ഇല നല്ല പോലെ വേവിക്കും. അതില്‍ പാലും അല്‍പം ഉപ്പും അപ്പക്കാരവും ചേര്‍ത്താണ് ഉപ്പു ചായ  തെയ്യാറാക്കുന്നത്. നാടന്‍ കുത്തരിയുടെ കഞ്ഞി വെള്ളത്തിന്‍റെ രുചിയാണതിന്. വീടുകളില്‍ കരിയിട്ട് ചൂട്  നിലനിര്‍ത്തുന്ന ഒരു തരം കെറ്റിലില്‍ ഇത് നിറച്ച് വെച്ച് ഇഷ്ടം പോലെ കുടിക്കും . വീട്ടില്‍ വരുന്നവരേയും സല്‍ക്കരിക്കും. ട്രാൻസ്മീറ്ററിന് മുന്നിലൂടെയാണ് ദേശീയ പാത. കുറച്ച് ഇടത്തോട്ട് മാറി ഒരു ചീനാര്‍ മരമുണ്ടായിന്നു അതിനു താഴെ ഉള്ള ഒരു hut. അതില്‍ ഒരു കാശ്മീരിയുടെ ചായക്കടയായിരുന്നു. നാടന്‍ പാലു കൊണ്ടുള്ളത്.  ഇരിക്കുന്നിടത്ത് തന്നെയാണ് ഗ്ളാസ് കഴുകുന്നതും ചായ ഉണ്ടാക്കുന്നതും 1: 2 ratio യില്‍ പാലും വെള്ളവും ചേര്‍ത്തുള്ള നല്ല രുചിയുള്ള ചായ. ഈ ratio തെറ്റിച്ചാല്‍ ചായയുടെ ഗുണം കുറയുമെന്നാണ് എന്‍റെ അനുഭവം. പാല്‍ കൂട്ടിയാല്‍ ചായ നന്നാവും എന്ന നിഗമനം ശരിയല്ല. 

        കാശ്മീരികള്‍ വില്‍പന നടത്തുന്നതും തൈക്കുന്നതും എല്ലാം ചമ്മ്രം പടിഞ്ഞിരുന്നാണ്. ഹാൻഡ് മെഷിനെ ഉപയോഗിക്കൂ. (ഇന്നെങ്ങിനെ ആണാവോ) ബസ്സുകളില്‍ ആട്, കോഴി എന്നിവയൊക്കെയുമായി കയറും. ഒരു കുഴപ്പവുമില്ല. Wish ചെയ്യുന്ന കാര്യത്തില്‍ ഒരു പിശുക്കുമില്ല. അഞ്ചാറുമാസം കൊണ്ട് അവിടത്ത ജീവിതത്തോട് തികച്ചും പൊരുത്തപ്പെട്ടു. പലരുമായും ചങ്ങാത്തത്തിൽ ആയി. മലയാളിയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കല്‍ സിക്കുകാരനല്ലാത്ത ഒരു പഞ്ചാബി സഹപ്രവര്‍ത്തകന്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കുടുംബവുമായി വന്ന് ഇഡ്ഡലി  തിന്നാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.  ഇഡ്ഡലി  ഉണ്ടാക്കുന്ന വിധം പറഞ്ഞ് കൊടുത്ത് തെറ്റിദ്ധാരണ നീക്കി. ഇതിനകം കുറെ മലയാളി സുഹൃത്തുക്കളെ പരിചയപ്പെട്ടു. എയർ ഫോഴ്സ്, മിലിറ്ററി.  ഇഷ്ടം പോലെ മലയാളികളുണ്ട്. മിലിറ്ററി കാൻ്റീനില്‍ നിന്ന്  സാധനങ്ങള്‍ വാങ്ങിച്ചു തരുന്നതും, മണ്ണെണ്ണ ക്ഷാമം പരിഹരിച്ചിരിന്നതും ഒക്കെ പിന്നെ അവരായി.  ബിരിയാണി ഉണ്ടാക്കാന്‍ അറിയാമായിരുന്നത്  ഫ്രൻഡ്ഷിപ്പ് വളരാന്‍ സഹായകമായി.😄

      ഇനി ശ്രീനഗറിലേക്ക് റോഡ് മാര്‍ഗം വരുന്ന വഴിയെ പ്പറ്റി പറയാം. ജമ്മുവില്‍ നിന്ന് രാവിലെ A class, B class ബസ്സുകള്‍ പുറപ്പെടും. കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കണം. ഒരു ബസ്സിലേക്കുള്ള ആളായാല്‍ അത് പുറപ്പെടും. പിന്നെ അടുത്തതില്‍. അങ്ങനെ നിരവധി  ബസ്സുകള്‍ രാവിലെ പുറപ്പെടും. രാത്രി ബസ്സുകള്‍ ഉണ്ടാവാറില്ല.  ഉധംപൂര്‍ വരെ ഏതാണ്ട് നിരപ്പായ റോഡാണ്. 80 km അത് കഴിഞ്ഞാല്‍ പിന്നെയുള്ള 120 km മല കയറ്റം ഇറക്കം. അധികവും കയറ്റമാണ്. ഇടക്ക് വരുന്ന പ്രധാന സ്ഥലമാണ് Ramben. ഏതാണ്ട് പകുതി ദൂരത്താണ് അത്. ഉച്ചഭക്ഷണം കഴിക്കുന്നത് അവിടെയാണ്. അങ്ങനെ 4 മണിയോടെ ജവഹര്‍ ടണലിലെത്തും അതിന് മൂന്നു km നീളമുണ്ട്. ആ ടണല്‍ കഴിഞ്ഞ് കുറച്ച് ഇറക്കം. പിന്നെ വരുന്നത് അവശ്വസനീയമായ രീതിയിലുള്ള സമതല പ്രദേശം. കൃഷി സ്ഥലങ്ങള്‍.. വീടുകള്‍. എല്ലാം കാണാം. പിന്നെയുള്ള 94 km സമതലത്തിലൂടെയുള്ള ഏതാണ്ട് നേരെയുള്ള റോഡാണ്. മൊത്തം ദൂരം 294 km ആണെന്ന് ഓര്‍ക്കുന്നു. നേരത്തെ പറഞ്ഞ അളവുകള്‍ ഏകദേശമാണ്. വഴിയില്‍ തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ 10 മണിക്കൂര്‍ മതി. 6 മണിയോടെ ശ്രീനഗറിലെത്താം. എന്നാല്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ എപ്പോഴും ഉണ്ടാവാം. സമ്മറായാല്‍ പോലും. മഞ്ഞ് വീഴുമ്പോള്‍ വഴിയില്‍ പെട്ടാല്‍ നരകയാതന ആയിരിക്കും. ഭക്ഷണം പോലും കിട്ടാതെ നരകിക്കും. ആറേഴു തവണ പോയി വന്നുവെങ്കിലും ഒരിക്കലും വഴിയില്‍ കുടുങ്ങിയില്ല. വലിയ ഒരു ലാൻ്റ് സ്ലൈഡ് ഉണ്ടാത് മൂലം ഒരിക്കല്‍ കുടുംബം സഹിതം ജമ്മുവില്‍ കുടുങ്ങുകയുണ്ടായി. അന്ന് ഒന്നര കിലോ മീറ്ററോളം റോഡ്  സ്ലൈഡ് ചെയ്തിരുന്നു. അഞ്ച് ദിവസം കൊണ്ട് അത് ശരിയാക്കി. ഓര്‍മ്മ ശരിയാണെങ്കില്‍ BACON ആണ് അതെല്ലാം ചെയ്യുക. ജമ്മുവിലെ കാലാവസ്ഥ ഡല്‍ഹിക്ക് സമാനമാണ്, ജനങ്ങളും.
        
           വീടുകളെല്ലാം തകരം മേഞ്ഞതാണ് . മഞ്ഞ് വീഴ്ച ഉള്ളയിടങ്ങളില്‍ അതേ പറ്റു. ഞങ്ങള്‍ രണ്ടാം നിലയിലായിരുന്നു. തകര ഷീറ്റിന് താഴെ സീലിങ് ഉണ്ടായിരുന്നുവെങ്കിലും പകല്‍ വെയിലായാല്‍ നല്ലപോലെ ചൂടാവും. ഭാഗ്യത്തിന് അധികം വൈകാതെ താഴത്തെ ഒരു ഭാഗം ഒഴിഞ്ഞു. അങ്ങോട്ട് മാറി. 

ആ വീട്ടില്‍ താഴത്തെ നിലയിലും രണ്ടാം നിലയിലുമായി നാലഞ്ച് കുടുംബങ്ങൾ താമസിച്ചിരുന്നു. എല്ലാം എയർ ഫോഴ്സുകാര്‍. വീട്ടുകാര്‍ ഒന്നാം നിലയിലും.അവിടെ one room kitchen ഉണ്ടായാല്‍ തന്നെ അധികമാണെന്ന് തോന്നും,തണുപ്പുകാലത്ത്.  ഡിസംബര്‍  25 മുതല്‍ ഫെബ്രുവരി 10 വരെയുള്ള കാലമാണ് ഏറ്റവും തണുപ്പുള്ള സമയം. ഇതിനെ അവര്‍ ചില്ലാക്ലാന്ത് എന്നാണ് പറയുക. ഏറ്റവും കൂടതല്‍ മഞ്ഞ് വീഴുന്നത് ഈ സമയത്താണ് . Peak of winter. ഈ സമയത്ത്  അവധിയിൽ പോകാറാണ് പതിവ് . പാർലമൻ്റ് ഇലക്ഷൻ വന്നതിനാല്‍ ഒരു വര്‍ഷം ജനുവരി 10 നേ പോകാനൊത്തുള്ളു. (ഇന്ദിരയും മോനും തോറ്റ ഇലക്ഷൻ).  ആകാശം ക്ളിയർ ആണെങ്കില്‍ തണുപ്പ് -7 വരെയൊക്കെ പോകും. വാട്ടർ ടാപ്പ് ചെറുതായി തുറന്നു വെച്ചില്ലെങ്കില്‍ രാത്രി വെള്ളം കട്ടിയാവും. പിന്നെ വെള്ളം കിട്ടാന്‍ ചൂടാക്കേണ്ടി വരും. പൈപ്പിന് പുറമെയുള്ള ഭാഗം വൈക്കോലും ചാക്കും ഉപയോഗിച്ച് പൊതിഞ്ഞു വെക്കണം.ഒരു ചെറിയ സ്റ്റീൽ പാത്രത്തില്‍ വെള്ളം പുറത്ത് വെച്ചാല്‍ രാവിലേക്ക് ഐസ് ആയിക്കിട്ടും. സമ്മറില്‍ പോലും ഭക്ഷണ സാധനങ്ങള്‍ കേടുവരികയില്ല. ആകാശം മേഘാവൃതമായി ടെമ്പറേച്ചർ 0 ഡിഗ്രി ആവുമ്പോഴാണ് മഞ്ഞ് വീഴുക. മൈനസിലേക്ക് പോകാത്തതു കൊണ്ട് അപ്പോള്‍ തണുപ്പ് കുറവായിരിക്കും . മഞ്ഞ് വീണ് കാറ്റുവീശുമ്പോള്‍ വീണ മഞ്ഞെല്ലാം കിടന്ന് ഉറക്കും. അപ്പോഴത്തെ തണുപ്പ് വളരെ കൂടുതലായിരിക്കും. ഞാനിത് അനുഭവിച്ചിട്ടില്ല.(സ്ഥലം വിടുന്നതുകൊണ്ട്.) ഛലം നദിയില്‍ ഹൗസ് ബോട്ടില്‍ കഴിയുന്നവര്‍ക്ക് തണുപ്പ് കുറച്ച് അനുഭവിച്ചാല്‍ മതി. ചെറുതായി ഒഴുക്കുള്ളതു കൊണ്ട് ഉറക്കില്ല. എന്നാല്‍ ഡാല്‍ ലേക്ക് ഉറച്ച് മുകളിലൂടെ ജീപ്പ് ഓടിച്ചിട്ടുണ്ട് .

ദാൽ തടാകം

    ശ്രീനഗറില്‍ നിന്ന് 30-40 കിലോമീറ്റർ മാറിയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എല്ലാം. വടക്ക് Wuler lake കിഴക്ക് Sona marg തെക്ക് pehalgam. പടിഞ്ഞാറ് Gulmarg. ഓരോ സ്ഥലത്തും പോയ് വരാന്‍ ഓരോ ദിവസം വേണം . ഓട്ടപ്രദക്ഷിണം നടത്തിയിട്ട് കാര്യമില്ല.  എല്ലായിടത്തും രണ്ടുമൂന്ന് ദിവസം വീതം താമസിക്കുന്നതാണ് യഥാര്‍ത്ഥ ആസ്വാദനം.
 
                ഇതില്‍ wular lake ന്‍റെ കരയിലിരുന്നാല്‍ ലേക്കിലൂടെ തലങ്ങും വിലങ്ങും സ്പീഡ് ബോട്ടുകള്‍ ചീറിപ്പായുന്നത് കണ്ടാസ്വദിക്കാം. അതില്‍ കയറുന്നത് വേറെ കാര്യം. അതുപോലെ വിൻ്റർ ആവുമ്പോഴുള്ള ഗുല്മാർഗിലെ ഐസ് സ്കേറ്റിങ്ങ്. Pehalgam ലെ അരുവികളില്‍ കൂടി ഒഴുകുന്ന തണുത്ത ജലമാണ് അവിടത്തെ ആകര്‍ഷണം. പിന്നെ landscape കള്‍. വൃക്ഷങ്ങള്‍, പുല്‍തകിടുകള്‍. പ്രസിദ്ധമായ അമര്‍നാഥ് യാത്ര ഈ വഴിക്കാണ്.
 
 തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. അതുകൊണ്ട് എത്രത്തോളം ആസ്വാദ്യകരമായിരിക്കും എന്നറിഞ്ഞു കുടാ. മുഴുവന്‍ വിട്ടു കളഞ്ഞാല്‍ ബാക്കി ശുഷ്കമായിരിക്കും താനും. അതുകൊണ്ട് എഴുതുന്നു.

       ചുരുങ്ങിയ കാലം കൊണ്ടു തന്നെ സഹപ്രവര്‍ത്തകരുടെ  വിശ്വാസം നേടിയെടുക്കാന്‍ എനിക്ക് കഴിഞ്ഞു. നേര്‍വഴിക്കുള്ള സമീപനമായിരുന്നതു കോണ്ട് അവര്‍ക്കിഷ്ടപ്പെട്ടു. അങ്ങനെയിരിക്കെ ഒരു പുതിയ സര്‍ദാര്‍ജി ടെക്സ്നീഷ്യൻ വന്നു ജോയിൻ ചെയ്തു. അയാൾ ഒരു ദിവസം വയറിംങ്ങ് പരിശോധിക്കാനോ മറ്റോ ട്രാന്‍സ്മിറ്റര്‍ ഹാളിന്‍റെ ഫാൾസ് സീലിങ്ങിൽ കയറി. അവന്‍ ഇറങ്ങി വന്ന് എന്നോട് പറഞ്ഞ വിവരം രഹസ്യ സ്വഭാവമുള്ളതായിരുന്നു.

          ഞാന്‍ ശ്രീനഗറില്‍ join ചെയ്യുന്നതിനുമുന്‍പ്  ട്രാന്‍സ്മിറ്ററില്‍ നിന്ന് ഏതാനും BEL 6000 വാല്‍വുകള്‍ കളവു പോയിരുന്നു. അവയില്‍ ഓരോന്നിലും പത്തുകിലോയോളം ചെമ്പുണ്ട്. ആരോ ചിലരൊക്കെ സംഘടിച്ച് അടിച്ചു മാറ്റിയിട്ടുള്ളതാണ്. പോലീസ് അന്വോഷണമൊക്കെ ഉണ്ടായെങ്കിലും, വാല്‍വുകളുടെ എക്കൗണ്ടിങ്ങ് എല്ലാം കുത്തഴിഞ്ഞതായിരുന്നുത് കൊണ്ട്  അധികാരികള്‍ തന്നെ എല്ലാം തേച്ചുമാച്ചു കളഞ്ഞിരുന്നു. അന്നുണ്ടായിരുന്ന SE RD ഗുപ്ത ഞാന്‍ ജോയിൻ ചെയത് അധികം താമസിയാതെ മാറി തെക്കേ ഇന്ത്യക്കാരനായ HD രാം ലാൽ അപ്പോഴേക്കും ചാർജ്ജ് എടുത്തിരുന്നു.  ഈ സര്‍ദാര്‍ജി മുകളില്‍ കണ്ടത് കുറെ ഗ്ലാസ് കഷ്ണങ്ങളും വാൽവിന്‍റെ ഫിലമെൻ്റ് ഭാഗങ്ങളുമൊക്കെ യാണ്. വാര്‍ത്ത പുതിയ SE യുടെ ചെവിയിലെത്തിയപ്പോള്‍, അങ്ങേരുടെ ആദ്യപ്യതികരണം ആ ടെക്നീഷ്യനേയും ഷിഫ്റ്റ് ഇൻ ചാർജ്ജ് ആയിരുന്ന എന്നേയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അവരെന്തിന് സീലിംഗിന് മുകളില്‍ കയറി. അവര്‍ തന്നെ ആയിരിക്കും അന്നത്തെ കള്ളന്മാര്‍ അദ്ദേഹം തീരുമാനിച്ചു. ഞങ്ങള്‍ രണ്ടുപേരും ആ സംഭവം നടന്നു കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ജോയിൻ ചെയ്തവരാണ് എന്നറിഞ്ഞ് പിന്‍ വാങ്ങി. ഏതായാലും അയാളോട് ഒരു പക മനസ്സില്‍ രൂപപെട്ടു. അയാളുടെ മുന്നും പിന്നും നോക്കാതെയുള്ള ഇത്തരം പ്രവർത്തികൾ അയാള്‍ക്ക്  പിന്നീട് വിനയായി.
         കുറെ കഴിഞ്ഞ് ശിവകിഷോര്‍ എന്ന ഒരു ASE  വന്നു. ഒരു ത്വാത്തികന്‍. സ്റ്റാഫുമായി വളരെ സൗഹാര്‍ദ്ദം വെച്ചു പുലര്‍ത്തുന്ന ആള്‍.  Inspiration നിലും motivate ചെയ്യുന്നതിലും വളരെ മിടുക്കന്‍. റിട്ടയർ ചെയ്യാറായിരിക്കുന്നു. അദ്ദേഹം  ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം എന്നെ വല്ലാതെ സ്വാധീനിച്ചു. അവിടെയുണ്ടായിരുന്ന ഒരു പഴയ RCA, ഷോർട്ട് വേവ് ട്രാൻസ്മിറ്റർ വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. എങ്ങിനെയൊക്കെയോ വർക്ക് ചെയ്യുന്നു എന്നേയുള്ളു. അതുകണ്ട അദ്ദേഹം, ഹിന്ദിയിലാണ് പറഞ്ഞത് . 'യന്ത്രങ്ങള്‍ ഒരിക്കലും കേടുവരികയില്ല. അത് പരിപാലിക്കുന്ന എഞ്ചിനീയര്‍മാര്‍ കേടു വന്നില്ലെങ്കില്‍'. അത് വലിയ പ്രചോദനം തരുന്ന വാക്കുകളായിരുന്നു. അന്ന് ഒരു പഞ്ചാബി SEA സഹപ്രവര്‍ത്തകനായി ഉണ്ട്. ഞങ്ങള്‍ രണ്ടു പേരും കൂടി ആ ട്രാൻസ്മീറ്റർ നല്ല രീതിയില്‍ പുതുക്കി. പകല്‍ ഒരു മണിക്കൂറെ അതിന് വിശ്രമമുള്ളു. അതിനാല്‍ രാത്രി ഉറക്കമിളച്ചുവേണം പണികള്‍ ചെയ്യാന്‍. OT യൊന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല.

         ഇദ്ദേഹത്തിന്‍റെ സ്റ്റാഫുമായുള്ള ഈ അടുപ്പം SEക്ക്  ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ ഇൻസ്പെക്ഷന്ന് വന്ന ഒരുകൂട്ടരോട് Extension ലാമ്പിന് പ്ളഗ് ഇല്ലാത്തത് എന്താണ് എന്നു ചോദിച്ചതിന്, ഇവിടത്തെ സ്റ്റാഫ് പൊതുവേ കള്ളന്മാരാണ് എന്ന് അയാള്‍ ഒരു റിമാർക്ക് പറഞ്ഞത് ഒരാള്‍ കേട്ടു. അത് ടെസ്റ്റ് ലാമ്പ് ആയും ഉപയോഗിക്കുന്നതു കൊണ്ട്,  പ്ളഗ് മനപൂര്‍വ്വം ഒഴിവാക്കിയിട്ടുള്ളതാണ്. അത് SEക്ക് അറിയില്ല.അന്ന് വാസ്തവത്തില്‍ അവിടെ കളവൊന്നും നടന്നിരുന്നില്ല. ഞാനിത് കേട്ട് അരിശം കൊണ്ടു. സ്റ്റാഫ് പൊതുവെ അയാള്‍ക്കെതിരായി.  Agitationന്‍റെ വക്കില്‍ എത്തി. എനിക്കുള്ള സ്വാധീനം കണ്ട്, കൂടെ കൂട്ടാന്‍ അയാള്‍ ശ്രമിച്ചു. ഞാന്‍ വഴങ്ങിയില്ല. അതിനുശേഷം ASE  ശിവകിഷോറിന്‍റെ C/R ല്‍ , He is too lenient towards subordinate staff to the extend of spreading indiscipline എന്നെഴുതി അയാള്‍ പകവീട്ടി. അത് ആയാള്‍ക്കും തിരിച്ചടിയായി.

       അയാള്‍ Tech staff ന്‍റെ അമർഷം പേറിക്കൊണ്ടാണ് ശ്രീനഗര്‍ വിട്ടത്. പിന്നീട് വന്നത് ഒരു കാശ്മീരി SE ആയിരുന്നു  Mr TN Dhar ആണ്. ജാഡയൊന്നും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്‍. എന്നെ ആദ്യമായി കണ്ടപ്പോള്‍ അടിമുടിയൊന്നു നോക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു. (എന്തോ കേട്ടിട്ടുണ്ട്) അദ്ദേത്തിന് എന്‍റെ ഏറ്റവും ചെറിയ അമ്മാവന്‍റെ ഛായ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മനസ്സില്‍ ഒരു സ്വീകാര്യത രൂപപ്പെട്ടിരുന്നു.

    1981 ല്‍ അവസാനമാവുമ്പോഴേക്കും ശ്രീനഗറിന് 20 കിലോമീറ്ററോളം തെക്ക് 'നാര്‍ബലില്‍' 2×100 കിലോ വാട്ട്, മീഡിയം വേവ് ട്രാന്‍സ്മിറ്ററിന്‍റെ പണി പൂര്‍ത്തിയായിരുന്നു. എങ്കിലും സ്റ്റേഷൻ അത് ഏറ്റെടുത്തിരുന്നില്ല. Norm അനുസരിച്ച് സ്റ്റാഫ് ഇല്ലാത്തതു തന്നെ ആയിരുന്നു കാരണം . സൂപ്രണ്ടിങ്ങ് എഞ്ചിനീയർ വരണം. ഷിഫ്റ്റ് ഇൻ ചാർജ്ജ്  ആയി അസ്സിസ്റ്റൻ്റ് എഞ്ചിനീയർമാര്‍ വേണം. അതിനാല്‍ ട്രാൻസ്മീറ്റർ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തീകരിച്ച്, എല്ലാം പൂട്ടി ഭദ്രമാക്കി താക്കോല്‍ ഏല്പിച്ച്, അതിന് ഉത്തരവാദപ്പെട്ടവരെല്ലാം സ്ഥലം വിട്ടു. 82 മാർച്ച് ആയപ്പോള്‍  അത് തുറന്ന് ട്രാൻസ്മീറ്റർ ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശം വന്നു. അതിന് നിയോഗിച്ചത് കൂടുതല്‍ എക്സ്പീരിയൻസ് ഉള്ള ഞങ്ങള്‍ രണ്ടു പേരെയാണ്. ഞങ്ങള്‍ ആദ്യമായാണ് അവിടെ പോകുന്നത് എങ്കിലും ടെസ്റ്റ് എല്ലാം നടത്തി, കുഴപ്പങ്ങള്‍ ഒന്നുമില്ല.ഫോണ്‍ വഴി റിപ്പോർട്ട് CE, നോർത്തിൽ എത്തേണ്ട താമസം, ഇനി പുതിയ ട്രാൻസ്മീറ്റർ വേണം പ്രക്ഷേപണത്തിന് ഉപയോഗിക്കാന്‍ എന്ന നിര്‍ദേശം വന്നു. പഴയത് സ്റ്റാൻഡ് ബൈ ആക്കി നിര്‍ത്താനും. അപ്പോള്‍ അവിടെയും സ്റ്റാഫ് വേണം. ജനറേറ്റർ അവിടെയെ ഉള്ളു. രാഷ്ട്രീയ സമ്മർദ്ദം ആയിരിക്കണം ഇതിനൊക്കെ കാരണം. അധിനിവേശ കാശ്മീറില്‍ പരിപാടികൾ നന്നായി കിട്ടാന്‍ ഉതകുന്നതാണ് ഈ ഹൈ പവർ ട്രാൻസ്മിറ്റർ.

         ഒരു ബക്രീദ് ദിവസം മുതല്‍ പുതിയ ട്രാന്‍സ്മിറ്റര്‍ വേണമെന്നായി നിര്‍ദേശം. പഴയ ട്രാൻസ്മിറ്ററിലെ ഡ്യൂട്ടി ചാർട്ട് എല്ലാം മാറ്റി. ആന്നേ ദിവസം അവധി എടുത്തിരുന്ന എന്നെ പറയുക, പോലും ചെയ്യാതെ പുതിയ  ചാര്‍ട്ടില്‍ ഡ്യൂട്ടിക്കിട്ടു. SE യുമായി സൗഹാര്‍ദ്ദത്തിലായിരുന്നിട്ടും 
അങ്ങിനെ ചെയ്തത് എന്നെ ചൊടിപ്പിച്ചു. കുടുംബം അന്ന് കുട്ടികളുടെ വിദ്യാഭ്യാസാര്‍ത്ഥം നാട്ടിലാണ്. അവര്‍ക്ക് സെൻട്രൽ സ്കൂളില്‍ അഡ്മിഷൻ കിട്ടിയില്ല. കഴിഞ്ഞ കൊല്ലങ്ങളിലെ ട്രാൻസ്ഫറുകളുടെ എണ്ണമാണല്ലോ അര്‍ഹതക്ക് നിദാനം. എനിക്കത് രണ്ടേ ഉണ്ടായിരുന്നുള്ളൂ.  ഡ്യൂട്ടിക്ക് പോകേണ്ടതില്ല എന്നായിരുന്നു എന്‍റെ തീരുമാനം.എന്തും വരട്ടെ എന്ന് കരുതി. ലേ യിലേക്ക് ട്രാൻസ്ഫർ ഭീഷണി ശ്രീ രാംലാലില്‍ നിന്ന് നേരിട്ടല്ലെങ്കിലും കേട്ടിട്ടുള്ളതാണ്.  അന്നേ ദിവസം രാവിലെ അഞ്ചുമണിക്കു തന്നെ വണ്ടിയും കൊണ്ട് ഡ്രൈവർ വന്നു. ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞത് കേട്ട് അയാൾ ചോദിച്ചു 'എന്നിട്ടിവിടെ ഒറ്റക്കിരിക്കണോ സാറെ'. ശരിയാണ്, അന്ന് ബക്രീദാണ്. ഒറ്റക്കിരുന്ന് ബോറടിക്കണോ അതോ ഡ്യൂട്ടിക്ക് പോണോ? ഡ്യൂട്ടി ചെയ്ത് സംഘര്‍ഷം ഒഴിവാക്കാമെന്നു മാത്രമല്ല, അന്നത്തെ അവധി ദിന ഡ്യൂട്ടി അലവൻസ്  നഷ്ടപ്പെടുത്തേണ്ടതുമില്ല.  വേഗം റെഡിയായി. ഡ്യൂട്ടിക്കുള്ള രണ്ട് ജൂനിയര്‍ മാരേയും കൂട്ടി ആറര മണിക്ക്  വളരെ മുന്നെ തന്നെ 'നാര്‍ബലി' ലെത്തി, ട്രാന്‍സ്മിറ്റര്‍ ടെസ്റ്റ് ചെയ്തു എല്ലാം ഭദ്രം.   രോഷം മനസ്സിലുണ്ടല്ലോ. കൺട്രോൾ റൂമില്‍ വിളിച്ച് താഴെ പറയും പ്രകാരം പ്രസ്താവിച്ചു.

         'ട്രാന്‍സ്മിറ്റര്‍ ആറരക്ക് പ്രോഗ്രാം കൊടുക്കാന്‍ റെഡിയാണ്. ഇന്ന് ബക്രീദാണെന്ന് അറിയാമല്ലോ  ബക്രീദ് ആഘോഷിക്കാത്തവര്‍ കുറെ ഉള്ളപ്പോള്‍ അവരെ ഒന്നും ഡ്യൂട്ടിക്കിടാതെ എന്നെ മനപൂര്‍വ്വം ഇട്ടിരിക്കയാണ്. അതില്‍ പ്രതിക്ഷേധിച്ച് ഞാന്‍ ഇവിടെ ഭക്ഷണം ഒന്നും കഴിക്കാതെ ജോലി ചെയ്യും. പറഞ്ഞേക്ക് SE യോട്.  അവര്‍ SE യോട് മാത്രമല്ല. SD യോടും പറഞ്ഞു. ഇത്തിരി കടന്ന കളിയായിപ്പോയി എന്ന് പിന്നീട് മനസ്സിലായി. 

           രാവിലത്തെ റേഡിയോ പ്രക്ഷേപണം 10 മണിക്ക് കഴിയും അതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോഴേക്കും SE ഒരു വലിയ ടിഫിൻ കാരിയറിൽ വീട്ടില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കിച്ച് അടുത്ത ഷിഫ്റ്റിലേക്കുള്ള ആളുകളേയും കൂട്ടി വന്നു. കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തോടു തോന്നിയ വിരോധമെല്ലാം  ചോര്‍ന്നു പോയി. പിന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി. റിട്ടയർമെൻ്റിന് ശേഷം ഡല്‍ഹി Kingsway യില്‍ അദ്ദേഹം ഏറ്റെടുത്ത ഒരു contract  (Ariel work ) പുര്‍ത്തിയാക്കാന്‍ വന്നപ്പോള്‍ താമസിച്ചത് എന്‍റെ quarter ല്‍ ആണ്. അന്ന് എന്‍റെ കുടുംബം നാട്ടിലാണ്.അതുകൊണ്ട് അദ്ദേഹത്തിന് സൗകര്യമായി. വഴിയെ Model town ണില്‍ ഒരു വീട് വെച്ചു. അധികം താമസിയാതെ, ചെറിയ ഒരു block ന്  tent ഇടുമ്പോള്‍ നിര്യാതനായി. അത് മരുന്നുകള്‍കൊണ്ട് ഭേദമാക്കാവുന്നതായിരുന്നു.

         ഡല്‍ഹിയില്‍ 1982 നവമ്പര്‍ 19 ന് വേണ്ട തെയ്യാറെടുപ്പുകള്‍ നടന്നു വരുന്നുണ്ടായിരുന്നു CE ഓഫീസില്‍ കുറെ പോസ്റ്റുകള്‍ അനുവദിച്ചു. CE നോർത്തിൽ ഡയറക്ടർ ആയിരുന്ന  ശ്രീ കാമത്ത് എനിക്ക് ഡെൽഹിയിലേക്ക് വരാന്‍ താല്പര്യമുണ്ടെങ്കില്‍ അറിയിക്കാന്‍ പറഞ്ഞതനുസരിച്ച് വാക്കാല്‍ സമ്മതം അറിയിക്കുകയും, താമസിയാതെ CE ഓഫീസിലേക്ക് ട്രാൻസ്ഫർ ഓർഡർ ആവുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ SE അവധിയിലായിരുന്നു. ASE  മി. അമീൻ ആയിരുന്നു ചാർജ്ജ്. 1982 ജൂലൈ 31ന് ഞാന്‍ ശ്രീനഗര്‍ വിട്ടു. നാട്ടില്‍ പോകുമ്പോഴെല്ലാം ജമ്മുവില്‍ നിന്ന് പിറ്റെ ദിവസം രാത്രി ഡല്‍ഹിക്ക് പോകുന്ന ഝലം എക്സ്പ്രസ്സിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാറ്. അന്നേ ദിവസം ട്രെയിൻ കിട്ടാഞ്ഞതിനാൽ ഡല്‍ഹിയില്‍ നിന്നുള്ള തുടര്‍ റിസർവേഷനും നഷ്ടപ്പെടും ആ റിസ്ക്ക് എടുക്കണ്ട. ജമ്മുവിലെ ഫസ്റ്റ് ക്ളാസ്സ് വെയിറ്റിംഗ് റൂം നല്ലതാണ്.  ഭോജനശാലകളും മോശമല്ല. എല്ലാ വീട്ടിലേക്കുള്ള യാത്രകളിലും 24 മണിക്കൂര്‍ അങ്ങനെ  നഷ്ടപ്പെടാറാണ് പതിവ്. ട്രാൻസ്ഫർ ആയി പോകുമ്പോള്‍ ഡല്‍ഹി വരെയല്ലെ പോകേണ്ടു. അതിനാല്‍ റിസ്ക് എടുത്തു. ബസ്സിറങ്ങി ജമ്മു റെയിൽവേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിൻ ഫ്ലാറ്റ്ഫോം വിട്ടു പോകുന്ന കാഴ്ച കാണേണ്ടി വന്നു. ഭാഗ്യത്തിന് പിറ്റെ ദിവസത്തേക്ക് അതില്‍ തന്നെ റിസർവേഷൻ കിട്ടി.

ശ്രീനഗറിലെ ഞങ്ങളുടെ ജീവിതത്തെ പറ്റി ഒന്നും എഴുതിയില്ല. ഇനി അതാവാം. പൊതുവെ സുഖകരം തന്നെ ആയിരുന്നു ജീവിതം. കുട്ടികള്‍ക്കോ ഞങ്ങള്‍ക്കോ അസുഖങ്ങള്‍ ഒന്നും പിടിപെടാറില്ല. തണുപ്പത്ത് രജായിയില്‍ മൂടിപ്പുതച്ച് കിടന്നാല്‍ മതിയല്ലോ. വിൻ്ററില്‍ ആഴ്ചയില്‍ രണ്ടു ദിവസം കറണ്ട് കട്ടാണ്. എയർ ഫോഴ്സിലുള്ള കുറെ മലയാളികളുമായി പരിചയമായല്ലോ.  അവരില്‍ താല്പര്യമുള്ളവരെയെല്ലാം ബിരിയാണി ഉണ്ടാക്കാന്‍ പഠിപ്പിച്ചു. പരസ്പരം ഭക്ഷണത്തിന് ക്ഷണിക്കുക എന്നത് പതിവായി. കാശ്മീർ ക്വാട്ടയില്‍ മെഡിക്കൽ കോളേജില്‍ പഠിച്ചിരുന്ന  കോഴിക്കോട്ടുകാരായ മൂന്നു പേരെ പരിചയപ്പെട്ടു. അവരുമായി പരിചയമുള്ള ഇ അഹമ്മദ് എം എൽ എ ആയിരിക്കുമ്പോള്‍, ശ്രീനഗറില്‍ ഇടക്ക് വരാറുണ്ട്. ഒരിക്കല്‍  റൂമിൽ അവര്‍ കൂട്ടിക്കൊണ്ടു വന്നു. അവര്‍ക്കെല്ലാം ബിരിയാണി നൽകി സല്‍ക്കരിച്ചു. വിദ്യാർത്ഥികളായ അവര്‍ക്കും ബിരിയാണി ഉണ്ടാക്കാന്‍ അറിയാമായിരുന്നു. അവരുടെ മലബാറി ബിരിയാണി ഞങ്ങളെയും ഊട്ടാറുണ്ട്. വേനല്‍കാലത്ത് പരസ്പരമുള്ള ഈ വിരുന്നൂട്ടലായിരുന്നു ഞങ്ങള്‍ മലയാളികളുടെ വിനോദം. സിനിമക്കൊന്നും പോകാറില്ല. ലാല്‍ചൗക്കിലെ ഒരു പഴഞ്ചന്‍ തിയേറ്ററില്‍ ചില ഞായറാഴ്ചകളില്‍ പഴയ മലയാളം സിനിമകള്‍ വരാറുണ്ട്. പൊട്ടിപ്പൊട്ടി നാശമായവ.  ഒരിക്കല്‍ 'അരനാഴികനേരം' വന്നു. റീലുകളുടെ sequence ആകെ തെറ്റിച്ച് കാണിച്ചു.

         ഞങ്ങളുടെ റേഷന്‍ കട, ഛലം നദിയിലെ ഒരു വഞ്ചിയായിരുന്നു. ആട്ട (ഗോതമ്പല്ല), ചോറിന് പറ്റിയ പഴയ പച്ചരി, പഞ്ചസാര എല്ലാം കിട്ടും. ശ്രീനഗറിലേക്ക് വരുന്നതിന് മുന്‍പ്, അവിടെ 40 പൈസക്ക് അരി കിട്ടുമെന്നും, നായ്ക്കളെ എറിയാന്‍ ആപ്പിളാണ് എടുക്കുക എന്നും മറ്റുമുള്ള പ്രസ്താവനകള്‍ കുറെ കേട്ടിരുന്നു. ഷേക്ക് അബ്ദുള്ളയുടെ ഭരണത്തിന്‍ കീഴില്‍ സബ്സിഡി എല്ലാം തന്ത്രപൂര്‍വ്വം വെട്ടിക്കുറച്ചു. അക്കാലത്ത്         അവിടെ ഉണ്ടായിരുന്നത്  റേഷന്‍ കാര്‍ഡല്ല. അതിന് പകരം ഒരു ബുക്കാണ്. ഉറുദുവില്‍ ആയതുകൊണ്ട് വായിച്ചിട്ടില്ല. അതില്‍ ഓരോ മാസത്തേക്കും സീൽ വെച്ച ഓരോ സ്ലിപ്പ് ഉണ്ട്. അത് കീറി എടുത്താണ്  റേഷന്‍ തരുന്നത്. ഈ രീതി ആയാല്‍ കള്ളത്തരം ഒഴിവാക്കാം എന്നാണ് എന്‍റെ തോന്നല്‍.

ഡൽഹിയിൽ..

           മി മുഹമ്മദ് മരണപ്പെട്ടില്ലായിരുന്നെങ്കില്‍ ഓഫീസിലെ കാര്യങ്ങളെല്ലാം പ്രയാസം ഒട്ടും കൂടാതെ സുഗമമായി  നടക്കുമായിരുന്നു. എങ്കിലും കാര്യമായ പ്രയാസങ്ങള്‍ ഒന്നും നേരിട്ടില്ല. Warm clothing അഡ്വാൻസിന് അപേക്ഷിക്കാന്‍ ഫോം ചോദിച്ചപ്പോള്‍ ഫണ്ട് തീര്‍ന്നു എന്ന മറുപടി കിട്ടി. ഉടനെ ഒരു representation കൊടുത്തു. തെക്കെ ഇന്ത്യയില്‍ നിന്ന് ചെറിയ കുട്ടികളെയും കൊണ്ട് വന്നിരിക്കയാണെന്നും, ഞങ്ങള്‍ക്ക് warm clothing നെ പറ്റി ഒന്നും അറിയുക പോലുമില്ലെന്നും. തണുപ്പുകൊണ്ട് ഞങ്ങള്‍ക്ക് ആര്‍ക്കെങ്കിലും, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, ജീവഹാനി സംഭവിച്ചാല്‍, ഉത്തരവാദി റേഡിയോ കാശ്മീർ, ശ്രീനഗർ ആയിരിക്കുമെന്നും എഴുതിക്കൊടുത്തു. പിന്നെ ഫണ്ട് എങ്ങിനെയുണ്ടായി എന്നെനിക്കറിയില്ല. അഡ്വാൻസ് താമസിയാതെ കിട്ടി.

        ഉടക്ക് വെച്ചത് ട്രാൻസ്ഫർ TA ബില്ലിലാണ്. ഞാന്‍ കൊടുത്ത ടൈപ്പ് ചെയ്ത personal effects ന്‍റെ ഒരു receipt  forged ആണെന്നു അവർ സംശയിക്കുന്നു.  കോഴിക്കോട്ട് നിന്ന്, സാധനങ്ങള്‍ ലോറിയില്‍ വീട്ടിലേക്ക് കൊണ്ടു പോയതാണ്. ഒരു ലോറി മാത്രമുള്ള എന്‍റെ സ്വന്തക്കാരൻ്റെ ടൈപ്പ്ചെയ്ത് സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട ഒരു രസീതി ആണ് ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. വേണമെങ്കില്‍ concerned RTO ക്ക് എഴുതി സംശയം തീര്‍ത്തു കൊള്ളാൻ ഞാന്‍ പറഞ്ഞു. മുഴുവന്‍ സാധനങ്ങളും കോഴിക്കോട്ടു നിന്ന് ശ്രീനഗറില്‍ എത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നുള്ളപ്പോഴാണ്, എന്‍റെ genuine ആയ റസീറ്റ് അസ്വീകാര്യമായിരിക്കുന്നത്. വാസ്തവത്തില്‍  Dealing Asst നോട് കാര്യം പറഞ്ഞാല്‍, മുഴുവന്‍ അര്‍ഹമായ തുകക്കുള്ള ഒരു forged receipt അവന്‍ ഉണ്ടാക്കിത്തരും. 30% കമ്മീഷന്‍ കോടുത്താല്‍ മതി. ഒരു മരപ്പെട്ടിയില്‍ പാചകസാമഗ്രികളും, ഒരു സൂട്ട് കേസില്‍ ഡ്രസ്സുകളും മാത്രമായി ശ്രീ നഗറിലേക്ക് വന്നിട്ടുള്ള ഞാന്‍ അങ്ങനെ ഒരു പോഴത്തം  ചെയ്യുമോ, ചെയ്യില്ല. 

           Settle ചെയ്യാന്‍ പണം തിരിച്ചടക്കേണ്ടി വരും. അതുകൊണ്ട് താമസിക്കുന്നത് എനിക്ക് പ്രശ്നമല്ല.  അവര്‍ RTO ക്ക് എഴുതി. അദ്ദേഹം ട്രിപ്പ് ഷീറ്റ്   വരുത്തി പരിശോധിച്ചു. അതില്‍ ഇടക്കുള്ള ഒരു ചെക്ക് പോസ്റ്റിന്‍റെ സീൽ ഉണ്ട്. RTO വിന്‍റെ കത്ത് വരുന്നതുവരെ, എനിക്ക് തിരിച്ചടവിനുള്ള സമയം കിട്ടി. എന്നല്ലാതെ.! 

         Swami's hand book  ലഭിച്ചു തുടങ്ങിയ കാലമായിരുന്നു . എല്ലാ വര്‍ഷവും അത് വരുത്തും. അതുവെച്ച് നിയമങ്ങള്‍ പഠിക്കാനും പലര്‍ക്കും പറഞ്ഞു കൊടുക്കാനും, സാധിച്ചു. ഓഫീസിലുള്ള ചിലരുടെ ചിറകരിയാനും !

          അവസാന രണ്ടു വര്‍ഷങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി, ആദ്യം മോനേയും അടുത്ത കൊല്ലം മോളെയും വീട്ടിലാക്കേണ്ടി വന്നു. മോന് കൂട്ടായി ജ്യേഷ്ഠൻ്റെ മക്കളും മേല്‍നോട്ടത്തിന് ആരോഗ്യത്തോടെ ഉപ്പയും ഉണ്ടായിരുന്നു. മോളെ ഭാര്യ വീടായ ഒറ്റപ്പാലത്താണ് നിര്‍ത്തിയത്. അവളെ പിരിഞ്ഞ് നിന്ന ഭാര്യ ശ്രീനഗറില്‍ അസ്വസ്ഥയായിരുന്നു. താമസിയാതെ ഭാര്യയേയും നാട്ടില്‍ വിട്ടു. അവസാനത്തെ രണ്ടു കൊല്ലം ഞാനൊറ്റക്കായി. (മൊത്തം വാസം ആറര കൊല്ലം.)

Regional Engineer office ല്‍ പിറ്റെ ദിവസം തന്നെ ജോയിൻ ചെയ്തു.ഏതെങ്കിലും stadium ത്തില്‍  installation ജോലി പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് Purchase section ണില്‍ ഡ്യൂട്ടി. അതുവരെ ചെയ്ത് വന്നിരുന്ന ജോലിയില്‍ നിന്ന് വിഭിന്നമായ ഓഫീസ് ജോലി. ഏഷ്യൻ ഗെയിംസ്, അതു കഴിഞ്ഞ് കോമൺ വെൽത്ത് ഗവ. യോഗം വിജ്ഞാന്‍ ഭവനില്‍ വെച്ച് നടക്കുന്നു. ഇതിന്‍റെയെല്ലാം ഒരുക്കങ്ങള്‍ക്ക് വേണ്ടി. വിവിധ പ്രോജക്ടുകൾക്ക് വേണ്ടി കുറെയേറെ  പർച്ചേസുകൾ നടത്തേണ്ടതുണ്ട്. സെക്ഷനിൽ  ASE , യു ഡി ക്ളർക്ക്, ടൈപ്പിസ്റ്റ് എന്നിവരുണ്ടെങ്കിലും ഒരു Technical hand ന്‍റെ ആവശ്യം നിലനിന്നിരുന്നു. ഇര ഞാനായിപ്പോയി. എനിക്ക് താല്പര്യമില്ലാത്ത പണി ആയിരുന്നെങ്കിലും,  പല പുതിയ കാര്യങ്ങളും അറിയാന്‍ കഴിഞ്ഞതു കൊണ്ട്, വഴിയെ സർവീസിൽ അത് ഗുണം ചെയ്തു.        

           ദിവസവും രണ്ടും മൂന്നും എൻക്വയറി ലെറ്റർ അയക്കുകയും, അവ നിശ്ചിത ദിവസം തുറന്നാല്‍ comparative statement ഉണ്ടാക്കി purchase proposal തയ്യാറാക്കുന്നതും എന്‍റെ ഉത്തരവാദിത്തമായി.ഒന്നും  പെൻഡിങ്ങ് വെക്കാതെ ടേബിൾ കാലിയാക്കുന്നതായിരുന്നു എന്‍റെ രീതി. 

താമസം HPT Kingsway യില്‍, SEA ശ്രീ വസന്തന്‍റെ quarter റില്‍ ഒരു റൂം, sublet ആയി കിട്ടി. ജാംനഗര്‍ ഹൗസിലുള്ള ഓഫീസിലെത്താന്‍ ഒരു മണിക്കൂര്‍ വേണം.

            ഏഷ്യൻ ഗെയിംസ്  സമയത്തെ ഡെൽഹി  ഉത്സവ പ്രതീതിയിലായിരുന്നു.  ഇഷടം പോലെ DTC ബസ്സുകള്‍. 40, 25 പൈസ ചാർജ്ജ്. പകല്‍ വെയിലുള്ളതുകൊണ്ട് സുഖകരമായ കാലാവസ്ഥയായിരുന്നു. ഏഷ്യൻ ഗെയിംസ് തുടങ്ങാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഞ്ചിനീയറിങ്ങ്, operational സ്റ്റാഫ് സമരം തുടങ്ങി. അത് ലോകശ്രദ്ധ പിടിച്ചു പറ്റി.  ഏഷ്യൻ ഗെയിംസ് മീഡിയ കവറേജ്  അലങ്കോലപ്പെടാതിരിക്കാൻ  ഉന്നതര്‍ ഇടപെട്ട് ഒത്തു തീര്‍പ്പിലെത്തി. ഇന്ദിരാഗാന്ധിയുടെ അഭിമാന വിഷയമായിരുന്നല്ലോ അത്. 

         മേല്‍പറഞ്ഞ രണ്ടു പ്രോജക്ടുകളും കഴിഞ്ഞപ്പോള്‍ RE ഓഫീസില്‍ അധികമായി വന്ന പോസ്റ്റുകൾ സറണ്ടർ ചെയ്യാന്‍ ഉത്തരവായതനുസരിച്ച്, എനിക്ക്  1983 ഏപ്രിലില്‍ HPT Kingsway യിലേക്ക് transfer കിട്ടി. ഡയർക്ടർ കാമത്ത് സാറിന് നന്ദി. Kingsway യില്‍ posting ന് വന്‍ ഡിമാൻ്റ് ആണ്. Quarter കിട്ടാനുള്ള സാധ്യതയാണ് ആകര്‍ഷണം.  sublet ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കാം. പാര്‍പ്പിട പ്രശ്നം ഡല്‍ഹിയിലും ഗുരുതരമാണ്.

               അധികം താമസിയാതെ, എനിക്ക് quarter കിട്ടി. ബ്രിട്ടീഷ്കാരുണ്ടാക്കിയ Unorthodox D Type  quarter. ബംഗ്ലാവ് മോഡല്‍. കാലപ്പഴക്കം കൊണ്ടുള്ള പ്രശ്നങ്ങളുണ്ടെങ്കിലും. കാറ്റും വെളിച്ചവും ധാരാളമുള്ള ഒറ്റനില കെട്ടിടം. വിശാലമായ ഒരു കോമ്പൗണ്ടില്‍. 24 മണിക്കൂറും ശുദ്ധ ജലം. അത് Kingsway യിലെ മറ്റൊരാകര്‍ഷണമാണ്.

          കുട്ടികള്‍ നാട്ടില്‍ മലയാളം മീഡിയത്തില്‍ പഠനം തുടങ്ങിയിരുന്നതിനാല്‍, മദ്ധ്യവേനല്‍ അവധിക്കേ അവരെ കൊണ്ടുവരാന്‍ കഴിഞ്ഞൂള്ളൂ. ഇതിനകം ഇരുവരും മൂന്നും നാലും  ക്ലാസ്സിലെത്തിയിരുന്നു  അതുകൊണ്ട് മീഡിയം മാറല്‍ സാധ്യമായിരുന്നില്ല.            അവര്‍ പഠനം നാട്ടില്‍ തുടര്‍ന്നു. മകന് ജേഷ്ടന്‍റെ മക്കള്‍ കൂട്ടിനുണ്ടായിരുന്നല്ലോ. മകള്‍ ഭാര്യവീട്ടില്‍  വല്ലിമ്മയുടെ തണലിലായി.    കുറച്ചു നാള്‍ LSN   ഹൈസ്കൂൾ ഹോസ്റ്റലില്‍ നിന്ന് നോക്കിയെങ്കിലും അവള്‍ക്കതിഷ്ടപ്പെട്ടില്ല. 

             പിന്നെകുട്ടികളുമൊത്തുള്ള ജീവിതം വേനലവധിക്ക് മാത്രമായി. അഞ്ചാറ് മലയാളി കുടുംബങ്ങൾ അവിടെ  ഉണ്ടായിരുന്നതിനാല്‍, കുട്ടികള്‍ അടുത്തില്ലാതിരുന്നിട്ടും ഞങ്ങളുടെ ജീവതം ഒരുവിധം രസകരമായി തന്നെ നീങ്ങി.

   ഡല്‍ഹിയിലെ കാലാവസ്ഥ, ഉത്തരേന്ത്യന്‍ കാലാവസ്ഥ അനുഭവിച്ചവരോട് പറയേണ്ടതില്ല. ചൂടുകാലവും തണുപ്പുകാലവും extreme ആണ്,  രണ്ടും  അസഹ്യം. ശ്രീനഗറില്‍ തണുപ്പുകാലത്ത് ഇടക്കിടെ മഴയും മഞ്ഞും പെയ്യുമെന്നതിനാല്‍ അതൊരു healthy climate ആണ്. മഞ്ഞു വീണുറഞ്ഞ് കാറ്റടിക്കുമ്പോഴാണ് തണുപ്പ് കഠിനമാകുന്നത്. തണുപ്പുകാലത്ത് അധികവും അവധിയിലായിരിക്കുമെന്നതു കൊണ്ട് മഞ്ഞു വീഴ്ച ഒരിക്കല്‍ മാത്രമേ ഞാന്‍ ശരിക്ക് കണ്ടിട്ടുള്ളു. അന്ന് വീണ് ഉറയാന്‍ മാത്രം പെയ്തുമില്ല.

          ഡല്‍ഹിയില്‍ മഞ്ഞു വീഴ്ച ഇല്ലെങ്കിലും കഠിന തണുപ്പു തന്നെയാണ്. ഒരു തരം പൊടിപടലം അന്നേ ഉണ്ട്. അതുകൊണ്ട് ജൂണ്‍ ജൂലൈ മാസങ്ങളിലും, പിന്നെ  ഡിസംബര്‍, ജനുവരി മാസങ്ങളിലും, വെയിലില്ലെങ്കിലും ചുറ്റിയടി ദുഷ്കരമാണ്. രാത്രി ശരിക്ക് ഉറങ്ങാന്‍ രജായി (കട്ടി കുറഞ്ഞ കോസടി) തന്നെ വേണം. കമ്പിളി പോര.

         ഡല്‍ഹിയില്‍ രണ്ടോ മൂന്നോ തവണ പോകാത്തവര്‍ നമ്മുടെ ഇടയില്‍ ഉണ്ടാവില്ല. എന്നതു കൊണ്ട് അധികം വിവരിക്കേണ്ടതില്ല. ഭക്ഷ്യ വസ്തുക്കള്‍ അന്ന് സുലഭമാണവിടെ. ഡല്‍ഹി ഗേറ്റിലാണ് പ്രധാന ബീഫ് മാർക്കറ്റ്. പാടയെല്ലാം നീക്കി വൃത്തിയാക്കി തരും. അന്ന് കിലോ 8 രൂപയാണ് വില. കരള്‍ മാത്രം മതിയെങ്കില്‍ 4 രൂപ. മട്ടൺ ശ്രീനഗറിലെ പോലെയില്ലെങ്കിലും, സമൃദ്ധിയായി എല്ലായിടത്തും കിട്ടും. 16 രൂപ. റെഡ് ഫോർട്ടിനടുത്തുള്ള മീനാ ബസാറില്‍ പോയാല്‍ കടല്‍ മത്സ്യങ്ങളായ ആവോലി, നെയ്മീന്‍ മുതലായവ  കിട്ടും. വില കിലൊ 10-16 രൂപ.  ഗുജറാത്തില്‍ ജാംനഗറില്‍ നിന്നാണ് കടല്‍മത്സ്യം അധികവും വന്നിരുന്നത് എന്ന് കേട്ടിട്ടുണ്ട്.

           പിന്നെ ടോക്കണ്‍ ഇട്ട് പാലെടുക്കുന്ന മദർ ഡയറി ബൂത്ത്. ( ടോക്കണ്‍ കൊടുക്കാനാളുണ്ട്.) ATM അന്ന് ഭാവനയില്‍ പോലുമില്ല. അവിടെ കിട്ടിയിരുന്ന ഇറക്കുമതി ചെയ്ത ബട്ടർ ഓയിൽ ധരാളം കഴിച്ചിട്ടുണ്ട്. അഞ്ചു കിലോ ടിന്നിന് എണ്ണയുടെ വിലയേ ഉണ്ടായിരുന്നുള്ളു. നെയ് മണമായിരുന്നു അതിന്.  പാല്‍ ഉല്പന്നം തന്നെയാണ്. ചപ്പാത്തിക്കും ബിരിയാണിക്കും മറ്റും ഉത്തമം.

          പച്ചക്കറികള്‍ കിങ്ങ്സ്സ് വേ ക്യാമ്പില്‍ റോഡ് സൈഡിലും, റേഡിയോ കോളനിയില്‍  ചിലയിടത്തും,  വൈകുന്നേരങ്ങളില്‍ നിരങ്കാരി കോളനിയിലും കിട്ടും. എല്ലാം അടുത്തടുത്ത് തന്നെ . നാലു കി.മീറ്റർ വടക്കാണ് സബ്ജിമണ്ഡി, ആസാദ് മാര്‍ക്കറ്റ്. അവിടെപോയി  രണ്ടര, അഞ്ച്  കിലോ  കണക്കില്‍ വാങ്ങിച്ചാല്‍ കുറെ ലാഭത്തില്‍ കിട്ടും. ഒരു രസത്തിന് ചിലപ്പോഴൊക്കെ  ഞാന്‍ പോകാറുണ്ട്.

          ശ്രീനഗറിലാവുമ്പോള്‍ winter റിലെ രാവിലത്തെ ഡ്യൂട്ടി എനിക്ക് കഠിനം തന്നെയാണ്. നേരത്തെ കിടന്നതുകൊണ്ട് ഒരു കാര്യവുമില്ല. ഉറക്കം വരില്ല.
രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കണമല്ലോ എന്ന ആധിയാണ് കാരണം. അതുകൊണ്ട് ഞാനധികവും വൈകുന്നേരത്തെ   ഡ്യൂട്ടി യാണ് അവിടെ ചെയ്യാറ്.  Kingsway  HPT യില്‍ 24 മണിക്കൂര്‍ ഡ്യൂട്ടി യുണ്ട് അതിനാല്‍ രാവിലെ 7 മണി, ഉച്ചക്ക് 2 മണി, രാത്രി 9.30 - ഈസമയങ്ങളിലാണ് ഷിഫ്റ്റ് മാറ്റം. രാത്രി 9.30 ന് പോയാല്‍  രാവിലെ 7 മണിവരെ  ഒമ്പതര മണിക്കൂറില്‍, രണ്ടരമണിക്കൂര്‍ ഓവർ ടൈം ആണ്. കുറച്ച് സീനിയർ ആയിക്കഴിഞ്ഞ എനിക്കൊക്കെ OT അലവൻസ് ഇല്ല. അത്തരം മൂന്നു ഡ്യൂട്ടിക്ക് ഒരു compensatory off എടുക്കാം. ആഴ്ചയില്‍ മൂന്നും നാലും ദിവസം ഇങ്ങനെ പകല്‍ സമയങ്ങളിലെല്ലാം ഒഴിവാണ്. അതിനാല്‍ പലര്‍ക്കും പലവിധ സൈഡ് ബിസിനസ്സ് ഉണ്ട്. അതുകൊണ്ട് ഒരിക്കല്‍ HPT Kingsway യില്‍ പോസ്റ്റിങ്ങ് കിട്ടിയവരെല്ലാം അവിടെ തന്നെ കടിച്ചു തൂങ്ങാന്‍ മന്തിമാരുടെ pressure വരെ കൊണ്ടുവരും. എന്നാല്‍ എനിക്ക് ആ താല്പര്യം ഇല്ലല്ലോ.

          ബ്രിട്ടീഷുകാരുടെ കാലത്തെ രണ്ട് അറു പഴഞ്ചന്‍ ട്രാന്‍സ്മിറ്ററുകളാണ് അവിടെ ഉണ്ടായിരുന്നത്.അതില്‍ 100kW  മാര്‍ക്കോണി ട്രാൻസ്മിറ്റർ കാണേണ്ടത് തന്നെയാണ്. കുറെ ഓടിച്ച് പിന്നീടത് 50 kW ആക്കി. Wave change സമയത്ത് 31 metre band IPA circuit തള്ളി മാറ്റി 41ന്‍റേത് കയറ്റണം.മറ്റൊരു സമയത്ത് തിരിച്ചും. Rail ലില്‍ കൂടിയാണ് അതെല്ലാം ചെയ്യുന്നത്.15 മിനിട്ടാണ് കിട്ടുന്ന സമയം. Technician ഉം Ferash/helper  ഉം അത് ചെയ്തോളും.

            ഈ ട്രാന്‍സ്മിറ്ററുകള്‍ മാറ്റി പുതിയ രണ്ട് Brown  Bowery  transmitter സ്ഥാപിക്കാനുള്ള പണികള്‍ 1983 ലേ തുടങ്ങിയിരുന്നു. ( നമ്മുടെ പഴയ തൃശൂര്‍ 20kW ഈ കമ്പനിയുടേതാണ്.) അന്നത്തെ most modern Xtr. ഇന്ന് അവണൂരുള്ളത് അതിന്‍റെ കോപ്പിയാണ്. Bharath Electronic Ltd ചെറിയ മാറ്റങ്ങളേ അതില്‍ വരുത്തീട്ടുള്ളു. 

            പുതിയ transmitter wave change ചെയ്യാന്‍ മുന്ന് മിനിട്ട് വേണ്ട. ഒരു വിരല്‍ മതി താനും. Wave change Arial field ല്‍ cross bar system വന്നതോടുകൂടി അവിടേയും എളുപ്പമായി. അതുപോലെയുള്ള വേറെ നാല് 50 kw ട്രാൻസ്മിറ്റർ പിന്നാലെ വന്നു. 

    1982-83 കാലത്താണ് ഇന്ത്യയിൽ കളർ ടിവി സംപ്രേഷണം വ്യാപകമായി തുടങ്ങുന്നത്. അതിനായി 1കിലോ വാട്ട് ടിവി ട്രാൻസ്മിറ്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പലയിടത്തും സ്ഥാപിക്കാൻ തുടങ്ങി. അതിലേക്ക് വേണ്ടി ധാരാളം അസി. എഞ്ചിനീയർമാരെ ആവശ്യമായി വന്നു. അവരെ ചുമതല ഏല്പിക്കാനായിരുന്നു തീരുമാനം. ഇതെല്ലാം എഞ്ചീനീയറിംഗ് വിഭാഗത്തിൽ ഉണ്ടായിരുന്നവർക്കെല്ലാം അറിയാം.  മറ്റു വിഭാഗത്തിൽ അറിയാത്തവരുണ്ടാകാം അവർക്ക് വേണ്ടിയാണ് എഴുതുന്നത്. അതുവരെ ഉണ്ടായിരുന്ന നയപ്രകാരം എഞ്ചിനീയറിങ്ങ് ഡിഗ്രിയുള്ളവരെ മാത്രമെ AE ആയി പ്രമോട്ട് ചെയ്തിരുന്നുള്ളു. അങ്ങനെ ഉള്ളവർക്കെല്ലാം പ്രൊമോഷൻ കൊടുത്ത് കഴിഞ്ഞതിന് ശേഷവും ഒഴിവുകൾ കുറെ ബാക്കി ആയി. Additional Qualification bar എടുത്തു കളയാനും പകരം Departmental Exam നടപ്പാക്കാനുമുള്ള  മുറവിളി, വളരെ മുൻപേ തുടങ്ങിയിട്ടുള്ളതാണ്.  എന്നാൽ എക്സാം നടത്താനുള്ള സമയം പോരാത്തതിനാൽ തല്കാലം സീനിയോരിറ്റിയും CR ഉം ആസ്പദമാക്കി മാത്രം കുറേ SEA മാരെ AE മാരാക്കി. വളരെ സീനിയേഴ്സ് ആയിരുന്നതിനാൽ ശമ്പളത്തിൽ വലിയ വൃദ്ധിയൊന്നും അവർക്ക് കിട്ടിയിട്ടില്ല. അപ്പോഴും Additional qualification ഉള്ളവരോടുള്ള പ്രതിപത്തി പൂർണ്ണമായി വിട്ടിരുന്നില്ല. പിന്നീട് ഡിപ്പാർട്ട്മെൻ്റ് എടുത്ത ചില തീരുമാനങ്ങൾ കൊടതിയിൽ  ചോദ്യം ചെയ്യപ്പെട്ടു. ആ നടപടികൾ കോടതി squash (റദ്ദ് ) ചെയ്യുകയും പരീക്ഷ നടത്തി seniority cum fitness നോക്കി മാത്രം പ്രമോഷൻ കൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഒന്നുരണ്ടു കൊല്ലങ്ങൾ അപ്പോഴേക്കും മറിഞ്ഞു. അങ്ങനെ 1986 ൽ  ആദ്യമായി നിശ്ചിത യോഗ്യതയായ എട്ടുവർഷം  സർവീസുള്ള SEA മാർക്കായി പരീക്ഷ നടത്തപ്പെടുകയും അതിൽ 127 പേർ യോഗ്യരാവുകയും ചെയ്തു. അവരെയെല്ലാം seniority അനുസരിച്ച് AE മാരായി നിയമിച്ചു. എനിക്ക് HPT യിൽ തന്നെയായിരുന്നു നിയമനം. കേരളത്തിലേക്ക് ട്രാൻസ്ഫർ അപ്പോഴും കിട്ടിയില്ല. എങ്കിലും 1987 ഒക്ടോബർ 7-ാം തിയതി AE യായി ജോയിൻ ചെയ്തു. Nature of duties ൽ വലിയ മാറ്റമൊന്നുമില്ല. Shift in charge ആയി എന്നുമാത്രം.

         Repair and maintenance ജോലിയിൽ താല്പര്യമുണ്ടായിരുന്നതിനാൽ ഷിഫ്റ്റ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി പുതുതായി രൂപീകരിച്ച ഒരു maintenance shift ൻ്റെ ചാർജ്ജ് കിട്ടി. കൂടെ സഹായത്തിനുണ്ടായിരുന്നവർ മിടുക്കരായിരുന്നു. നല്ല ടീം സ്പിരിറ്റ് ഉണ്ടായിരുന്നതു കൊണ്ട് കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. ആ കൊല്ലത്തെ ആകാശവാണി അവാർഡിന് ഈ ടീം അർഹരായി. അപ്പോഴേക്കും ഞാൻ തൃശൂർ ആകാശവാണിയിൽ ട്രാൻസ്ഫർ ആയിക്കഴിഞ്ഞിരുന്നു. ട്രാൻസ്ഫർ കിട്ടിയതിന് പിന്നിലും കഥയുണ്ട്.           

         അതിലേക്ക് വരാം. പ്രമോഷൻ കിട്ടുന്നതിന് മൂന്നു മാസങ്ങൾക്ക്  മുൻപാണ് ഉപ്പ മരിച്ചത്, എൻ്റെ ദൗർഭാഗ്യം. രോഗം ഗുരതരമാണെന്ന് അമലയിലെ ഡോക്ടർമാർ വിധി എഴുതിയതനുസരിച്ച്, മുൻകൂട്ടി വിവരം കിട്ടാനും അതനുസരിച്ച് എനിക്ക് ഡൽഹിയിൽ നിന്ന്  പുറപ്പെടാനും കഴിഞ്ഞതിനാൽ  മൃതദേഹമെങ്കിലും കാണാൻ കഴിഞ്ഞു. Wife അന്ന് നാട്ടിലായിരുന്നു. അതുകഴിഞ്ഞ് ഡൽഹിയിലേക്ക് തിരിച്ചു പോയതിന് ശേഷമാണ് പ്രമോഷൻ ആവുന്നതും മേൽ പറഞ്ഞ കാര്യങ്ങൾ  നടക്കുന്നതും.

             AE ആയി ഒന്നര വർഷത്തോളം പിന്നെയും ഡൽഹിയിൽ കഴിഞ്ഞു. 1989 ഫെബ്രവരിയിൽ ഉമ്മാക്ക് ഗുരുതരമായ പക്ഷാഘാതം വന്ന് ആശുപത്രിയിലായി. ഞങ്ങളെത്തുമ്പോൾ  അബോധാവസ്ഥയിലാണ്. ഉമ്മ ഒരാഴ്ചയേ കിടന്നുള്ളു, ബോധം വരാതെ തന്നെ നിര്യാതയായി.

        മാതാപിതാക്കൾ  രണ്ടുപേരും ആർക്കും ബുദ്ധിമുട്ടിന് ഇടം നൽകാതെ ഇഹലോകവാസം വെടിഞ്ഞു.   
       
            ലീവ് കഴിഞ്ഞ് ഞാൻ മാത്രമെ ഡൽഹിയിലേക്ക്  പോയുള്ളു. റെയിൽവേ ഫ്ളാറ്റ് ഫോമിൽ കണ്ടുമുട്ടിയ സുഹൃത്താണ്  തൃശൂർക്ക് ട്രാൻസ്ഫർ ആയ കാര്യം അറിയിക്കുന്നത്.  ഏതായാലും വന്നില്ലെ, ഇനി ടിക്കറ്റെല്ലാം ശരിപ്പെടുത്തി പതുക്കെ പോകാമെന്നായിരുന്നു മനസ്സിൽ. എന്നാൽ സഹപ്രവർത്തകരുടെ ഉപദേശം വേഗം പോയി ചാർജ്ജ് എടുക്കാനായിുന്നു. കാരണം pressure ഉണ്ട്.  നിൽക്കുന്നത് safe അല്ല.
ഓഫ് സീസൺ ആയിരുന്നതിനാൽ അടുത്ത ദിവസത്തേക്ക് തന്നെ ടിക്കറ്റ് കിട്ടി. Quarter വിട്ടുകൊടുത്തില്ല. സാധനങ്ങൾ എടുക്കാൻ wife നേയും കൂട്ടി വരാമെന്ന തീരുമാനത്തിൽ നാട്ടിലേക്ക് വണ്ടി കയറി.

തൃശൂരില്‍

         തൃശൂരില്‍ ക്വാർട്ടർ പണി പൂര്‍ത്തീകരിച്ച് വരികയായിരുന്നു. താമസിക്കാന്‍ മറ്റൊരിടം കണ്ടെത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.1989 ഏപ്രില്‍ മാസത്തില്‍ ഞങ്ങള്‍  ഡല്‍ഹിയില്‍ പോയി സാധനങ്ങള്‍ എല്ലാം ക്വാർട്ടറിലേക്കാണ് അയച്ചത്. D type Quarter എല്ലാം വൈദ്യുതി കിട്ടാത്ത കാരണം ഒഴിഞ്ഞാണ് കിടന്നിരുന്നത്.  വന്ന ദിവസം കറണ്ടില്ലാതെ കൊതുകുകടികൊണ്ട് കാളരാത്രിയായി.  കഴിച്ചു കൂട്ടിയത് ഒരിക്കലും മറക്കില്ല. ഏതായാലും അടുത്ത ദിവസം കണക്ഷൻ കിട്ടി. Allotment formalities എല്ലാം ശരിയാക്കിയത് വഴിയെ ആയിരുന്നു.


            തൃശൂരിലെ എഞ്ചിനീയറിങ് സ്റ്റാഫ് എല്ലാം ചെറുപ്പക്കാരായ ചുണക്കുട്ടികളായിരുന്നു. കാര്യശേഷിയും, ഭവ്യതയുമുള്ള ചെറുപ്പക്കാര്‍. നല്ല സഹകരണം അവരില്‍ നിന്ന് കിട്ടി. Duty arrangement മാത്രമെ എനിക്ക് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നുള്ളു. അവരെ Supervise ചെയ്യേണ്ട ആവശ്യമേ ഇല്ലായിരുന്നു. Office ലാണെങ്കില്‍ CE  North ലെ Purchase Section നില്‍ നിന്ന് കിട്ടിയ പരിചയം പ്രയോജനപ്പെട്ടു.

      1989 ല്‍ തൃശൂര്‍ ജോയിൻ ചെയ്ത രണ്ട് ദിവസത്തിനകം ആദ്യമായി പങ്കെടുത്ത ചടങ്ങ് അന്ന് അവിടുത്തെ സ്റ്റാഫ് ആയിരുന്ന ശ്രീ ജി വേണുഗോപാലിനെ ഏറ്റവും നല്ല ഗായകനുള്ള സ്റ്റേറ്റ് അവാര്‍ഡ്  ലഭിച്ചതിന്,  അനുമാദിക്കാനായിരുന്നു. സൗമ്യനായ ശ്രീ. വേണുഗോപാൽ കുറെ നാള്‍ ക്വാർട്ടേഴ്സിൽ  ഞങ്ങളുടെ അയല്‍വാസിയുമായിരുന്നു.

          അവണൂരില്‍ 1992ല്‍  100 kW ട്രാൻസ്മീറ്ററിൻ്റെ പണി നടക്കുമ്പോഴാണ് ഉത്തരവാദിത്തം കുറച്ചെങ്കിലും കൂടിയത്. ASE അപ്പോഴേക്കും promotion ആയി പോയിരുന്നു. അവിടെ കെട്ടിടം പണി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ BEL ബാങ്കളൂരില്‍ നിന്ന് ഏഴ് വലിയ ട്രക്കുകള്‍ നിറയെ Transmitter  ഭാഗങ്ങള്‍ എത്തി. IO ആയി എന്നെ declare ചെയ്തിരുന്നതുകൊണ്ട് ആ Load കള്‍ നിലവിലെ transmitter പരിസരത്ത് ഇറക്കിവെക്കേണ്ട ഉത്തരവാദിത്തം എന്‍റേതായി. അതിറക്കാന്‍ ഓടിയെത്തിയ യൂണിയൻകാരെ ഒഴിവാക്കാന്‍ കുറച്ചു വിഷമിക്കേണ്ടി വന്നു . ക്രെയിൻ ഇല്ലാതെ പല വലിയ box കളും ഇറക്കാന്‍ പറ്റുമായിരുന്നില്ല. ഇറക്കാമെന്ന് അവരും. അവസാനം, എന്ത് അത്യാഹിതം സംഭവിച്ചാലും ഉത്തരവാദിത്തം ഏറ്റു കൊള്ളാമെന്ന് എഴുതി ഒപ്പിട്ട് തന്ന്, സാധനങ്ങള്‍ ഇറക്കിക്കൊള്ളാന്‍ ഞാന്‍ പറഞ്ഞു. അതില്‍ അവര്‍ കുഴങ്ങി പരസ്പരം ചര്‍ച്ചചെയ്ത്, വേഗം സ്ഥലം വിട്ടു.

       Trichur crane service കാരെ വരുത്തിയാണ് പിന്നെ സാധനങ്ങള്‍ തുറസ്സായ സ്ഥലത്ത് ഇറക്കിവെച്ചത്. മഴ കൊണ്ടാല്‍ കേട് വരാവുന്ന സാധനങ്ങള്‍ അടങ്ങിയ പെട്ടികള്‍ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചതിനാല്‍ ഒരു മഴക്കാലം മുഴുവന്‍ കഴിഞ്ഞിട്ടും കേടുപാടുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല.

           1994 ല്‍ studio യിലെ പഴയ മൂന്ന് AC Plant കള്‍ ഓരോന്നായി മാറ്റി പുതിയവ വെക്കാനുള്ള ചുമതലയും CE office എന്നെ ഏല്പിച്ചു. അതും തൃപ്തികരമായി ചെയ്യാന്‍കഴിഞ്ഞു. അപ്പോഴേക്കും എനിക്ക് തൃശൂരില്‍ അഞ്ചു വര്‍ഷം കഴിഞ്ഞിരുന്നു. ആഗ്രഹിച്ച പ്രകാരം കൊച്ചിയിലേക്ക് ട്രാൻസ്ഫറും കിട്ടി. ജൂണ്‍ മാസത്തില്‍ കൊച്ചിയില്‍ ജോയിൻ ചെയ്തുവെങ്കിലും താമസം മാറിയത് പിന്നേയും രണ്ടുമാസം കഴിഞ്ഞാണ്.

കൊച്ചിയിൽ

         1994 ആഗസ്റ്റിലാണ്  കാക്കനാട്ടേക്ക് താമസം മാറ്റിയത്. ക്വാർട്ടേഴ്സ് അപ്പോഴെ ഒഴിഞ്ഞുള്ളൂ. CPWD യുടെ കുറെ D type quarter റുകള്‍ ഒഴിഞ്ഞാണ് കിടന്നിരുന്നതെങ്കിലും, ആകാശവാണിക്ക് സ്വന്തം ക്വാർട്ടർ ഉണ്ട് എന്ന കാരണത്താല്‍ എനിക്ക് തന്നില്ല. വാസ്തവത്തില്‍ അവിടെ രണ്ട് D type ear-marked quarter കളെ ഉള്ളു. അതെനിക്ക് allot ചെയ്യാവുന്നതല്ല. ആ വസ്തുത നിരത്തി കേസിന് പോയാല്‍ കിട്ടുമായിരുന്നിരിക്കാം. അതിനൊന്നും പോയില്ല.

          FM കൊച്ചിയില്‍ അന്ന് വൈകുന്നേരങ്ങളില്‍ മാത്രമെ പ്രക്ഷേപണമുള്ളൂ. വളരെ കുറച്ച് സ്റ്റാഫ്.  കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍. അക്കിക്കാവിലും തൃശൂരുമെല്ലാം ഏരിയലിന്‍റെ സഹായത്തില്‍ നന്നായി കിട്ടുമായിരുന്നു. എന്നാല്‍ അധികം താമസിയാതെ അതിനൊക്കെ മാറ്റം വന്നു.

          വിദേശങ്ങളില്‍ വേഗത്തില്‍ കാലാഹരണപ്പെട്ട  Radio Paging Service, കുറെ FM സ്റ്റേഷനുകളില്‍ തുടങ്ങാന്‍ തീരുമാനമുണ്ടായി. അതില്‍ FM കൊച്ചിയും ഉള്‍പ്പെട്ടു.  FM ട്രാൻസ്മിറ്റർ ഉപയോഗിച്ച്, പ്രസരിണിയുടെ പരിധിയില്‍ യാത്രയിലുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനുള്ള ഒരു സംവിധാനം. Cell phone ഇല്ലാത്ത അന്ന് അതൊരു വലിയ സൗകര്യമായി തോന്നാം . സന്ദേശം തിരച്ചയക്കാനോ, മറുപടി തരാനോ പറ്റില്ല. അതിന്  ടെലഫോൺ ബൂത്തില്‍ പോയേ പറ്റൂ. കയ്യില്‍  കൊണ്ടു നടക്കേണ്ട  Motorola കമ്പനിയുടെ ആ ചെറിയ pager എന്ന ഉപകരണത്തിന്‍റെ വില 12000 രൂപയായിരുന്നു, അന്ന്.

          അതിന് വേണ്ടി പ്രസരിണിയുടെ 19 ഇഞ്ച്  rack ല്‍ മൂന്ന് ഇഞ്ച് സ്ഥലം മാത്രമേ (ഉയരം) വേണ്ടതുള്ളു. പുറത്ത് ഒരു കമ്പ്യൂട്ടർ സംവിധാനവും.

         സർവീസ് പ്രോവൈഡർമാർ വഴി വേണം സന്ദേശം അയക്കാന്‍. കൊച്ചിയില്‍ Radiant എന്ന ഒരു കമ്പനി  ആണ് തുടക്കത്തില്‍ വന്നത്. അതാകട്ടെ  അന്നത്തെ I&B Minister റുടെ സ്വന്തക്കാരുമായിരുന്നു. പിന്നീടും  ഒന്നുരണ്ടു കമ്പനികള്‍ വന്നുവെങ്കിലും തുടക്കത്തിലെ പൂട്ടിപ്പോയി. Radiant എന്ന കമ്പനിക്ക് ആയിരത്തോളം subscriber മാര്‍ ആണ് ഉണ്ടായിരുന്നത് .അവര്‍ക്ക് വേണ്ടി ട്രാൻസ്മിറ്റർ 24 മണിക്കൂറും On ആക്കിയിട്ടു. Message പലയിടത്തും കിട്ടാതെ വരുന്നു എന്നതിന്‍റെ പേരില്‍ ട്രാൻസ്മിറ്ററിന്‍റെ Power പരമാവധി കൂട്ടിവെക്കാന്‍ നിര്‍ബന്ധതിരായി. Power transistor Fail ആയിക്കൊണ്ടിരുന്നു. കടലില്‍ ബോട്ടിൽ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് സന്ദേശം എത്തുന്നില്ല എന്ന പരാതിയില്‍ Ariel ലിന്‍റെ ക്രമീകരണം മാറ്റി. അതോടെ  Primary coverage area അല്ലാതിരുന്ന കൊച്ചിയുടെ തെക്കും വടക്കും ഭാഗങ്ങളില്‍ നന്നായികിട്ടിക്കൊണ്ടിരുന്ന FM പരിപാടികള്‍  ശരിക്ക് കിട്ടാതായി. രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന Feeder cable vacuum  system ഓരോ അര മണിക്കൂറിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി( Leak വന്നു ). വലിയതോതില്‍ Revenue വരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ  പദ്ധതിയാണ്.

          ആദ്യമെല്ലാം പരിപാടികള്‍ ഇല്ലാത്ത സമയങ്ങളില്‍ carrier, blank ആയി ഇടാറാണ്. പിന്നെ tone കൊടുക്കണം എന്നായി. SE ശ്രീ വേലായുധമേനോന്‍  അക്ഷോഭ്യനായിരുന്നതു കൊണ്ട് സ്വഭാവികമായി എനിക്കും  സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. വെറുതെ ട്രാൻസ്മിറ്റർ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍  പരിപാടികള്‍ എന്തുകൊണ്ട് കൊടുത്തു കൂടാ.എന്ന ചിന്ത വന്നു. അങ്ങനെയാണ് Morning transmission തുടങ്ങാന്‍ തീരുമാനമാകുന്നത്. അധികം ആവശ്യം വരുന്ന Egg Asst മാരെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് Tour ല്‍ വരുത്താന്‍ തുടങ്ങി. അത് കുറെ കാലം തടര്‍ന്നു. Paging service , വേണ്ടത്ര വരിക്കാരില്ലാത്തതുകൊണ്ട് നഷ്ടത്തിലായി. ട്രാൻസ്മിറ്റർ ഉപയോഗിച്ചതിനുള്ള വാടകയും ആരും കൊടുത്തില്ല. ആകാശവാണിക്ക് ഈ ഇനത്തില്‍ വളരെയധികം വരുമാനം പ്രതീക്ഷിച്ച് തുടങ്ങിയ പേജിങ്ങ് സർവീസ് എല്ലായിടത്തും പരാജയപ്പെട്ടു.

         Engg Asst മാരെ  ടൂറിൽ അയക്കാന്‍ വേണ്ടി വരുന്ന ചിലവ് അവരുടെ മാതൃ കേന്ദ്രം വഹിക്കണമല്ലോ. പതുക്കെ പതുക്കെ ആരും അയക്കാതായി.CE സമ്മര്‍ദ്ധത്തിലായി. ഒരു സുപ്രഭാതത്തില്‍ അന്നത്തെ CE ആയിരുന്ന ശ്രീ R T Chari, Morning transmission നിര്‍ത്താന്‍ ഉത്തരവിട്ടു. ആരോ High court ല്‍ കേസ്സ് കൊടുത്തു. നിലവിലുണ്ടായിരുന്ന സ്ഥിതി തുടരാന്‍ ഉടനെ ഉത്തരവായി. FM കൊച്ചിയല്‍ morning transmission തുടങ്ങിയതങ്ങിനെയാണ്.

    1995 ൽ ഞാൻ അക്കിക്കാവിൽ ജ്യേഷ്ഠൻ്റെയും പെങ്ങളുടേയും ഒഹരികൾ കൂടി കൂട്ടിച്ചർത്ത് ലഭിച്ച 17 സെൻറ് സ്ഥലത്ത് വീട് പണി ആരംഭിച്ചു.  സംസ്ഥാന പാതയോരത്ത് അധികം സ്ഥലം ഉപയോഗിക്കാതെ ഇരുനില വീട് നിർമ്മിക്കാനും തൽക്കാലം താഴത്തെ നിലമാത്രം പണിയാനുമാണ് തീരുമാനിച്ചത്. ഇനിയും ഒരു ട്രാൻസ്ഫർ കൂടി ഉണ്ടാവാം. അപ്പോഴേക്കും സാവധാനം താഴത്തെ നിലയുടെ പണിയെങ്കിലും തീർക്കാനായിരുന്നു ഉദ്ദേശം. 2000 ത്തിൽ ട്രാൻസ്ഫർ ആവുമ്പോഴേക്കും അത് സഫലീകരിക്കുകയും ചെയ്തു.

             FM കൊച്ചിയിൽ CBS ന് വേണ്ടി studio നിർമ്മാണം തുടങ്ങിയിരുന്നു .അത് പൂർത്തിയായി, Transmitter റും സ്ഥാപിച്ചുവെങ്കിലും CBS പരിപാടികൾ പ്രക്ഷേപണം  ചെയ്യാൻ തുടങ്ങിയില്ല.  വിവധഭാരതി  സർവീസ് റിലേ ചെയ്യുക മാത്രമായിരുന്നു, ചെയ്തിരുന്നത്. 

         ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം കൊച്ചിയിലേതായിരുന്നു എന്നാണ് തോന്നൽ. പുതിയ C type Quarter ൻ്റെ പണികഴിഞ്ഞപ്പോൾ അതിലേക്ക് മാറി. പഴയതിൽ കുറച്ചു മാസങ്ങളേ താമസിക്കണ്ടി വന്നുള്ളു.  കാക്കനാട് നിന്ന് NGO quarters ( AIR) വഴി ഓരോ മൂന്നു മിനിറ്റിലും ടൗണിലേക്ക് പോകുന്ന ബസ്സുകൾ.. രാത്രി വളരെ വൈകിയും സർവീസുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത പരിസരത്ത് തന്നെ ഉണ്ട്. 24 മണിക്കൂറും നല്ല വെള്ളം. ഫ്ളാറ്റ് ഓഫീസിന് തൊട്ടടുത്ത്. CPWD quarter ന് വേണ്ടി ശ്രമിക്കാതിരുന്നത് നന്നായി എന്ന്  ബോധ്യപ്പെട്ടു. 

        1996 ൽ മകളുടെ വിവാഹം കഴിഞ്ഞു. കുറച്ചു നാൾ കഴിഞ്ഞ്‌ S E ശ്രീ മേനോൻ voluntary retirement എടുത്ത് ഗൾഫിലേക്ക് പോയി. പിന്നെ കുറെ നാൾ S E ഉണ്ടായിരുന്നില്ല. ചുമതലകൾ വർദ്ധിച്ചു. 1999 അവസാനം CE ഓഫീസ്, ചെന്നൈയിലേക്ക്  ട്രാൻസ്ഫർ ആയി. എങ്കിലും 2000 ഏപ്രിൽ അവസാനം  വരെ ഞാൻ കൊച്ചിയിൽ തന്നെ തുടർന്നു. വീടിൻ്റെ ബാക്കി പണികളും തീർത്ത് മാർച്ചിൽ  കുടുംബത്തെ വീട്ടിലാക്കി. മകളുടെ പസവം അടുത്തിരുന്നു. 

            2000 മേയ് ആദ്യം CE ഓഫീസിൽ ജോയിൻ ചെയ്തു. മഞ്ചേരി FM സ്റ്റേഷൻ്റെ പണി നടക്കുന്നുണ്ടായിരുന്നു. അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരാഴ്ച tour ന് അങ്ങോട്ട് വിട്ടു. ആഗ്രഹിച്ചതാണത്, എങ്കിലും അവിടെപോയി site കണ്ടപ്പോൾ  ഉത്സാഹം കുറഞ്ഞു പോയി. കുന്നിൻ മുകളിലാണ് സ്റ്റേഷൻ പണിയുന്നത്. രണ്ടു കിലോമീറ്റർ കയറ്റം കയറണം. കെട്ടിടം പണി കഴിഞ്ഞിട്ടില്ല. അപ്പോൾ, അവിടെ എനിക്കൊന്നും ചെയ്യാനില്ല. ഞാൻ വീട്ടിലേക്ക് പോയി. മകളുടെ പ്രസവത്തിന് എൻ്റെ സാനിദ്ധ്യം അവിടെ ഉണ്ടായി . അതു കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചുപോയി. രണ്ടാഴ്ച ലീവെടുത്ത് വീട്ടിലേക്ക് പോന്നു.

ചെന്നൈ ജീവിതം

          ലീവ് കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോൾ Madras AIR ലേക്ക് ട്രാൻസ്ഫർ ആയി relieve ചെയത് വെച്ചിരിക്കുന്നു. Director ശ്രീമതി മായക്ക് എന്നെ CE office ൽ തന്നെ നിർത്താൻ താല്പര്യമുണ്ടായിരുന്നു. AIR ൽ ഞാൻ ഒരു visit നടത്തി. Supdt Engineer റെ കണ്ടു.  അവിടത്തെ അന്തരീക്ഷം എനിക്കിഷ്ടമായി. ആനിബസൻ്റ് നഗറിൽ PA to CE  ശ്രീ ശശിധരൻ്റെ ക്വാർട്ടേഴ്സിൽ accommodation കൂടി ശരിയായതോടെ CE office നോട് വിട പറഞ്ഞ് പോന്നു.


ആകാശവാണി, ചെന്നൈ

           ചെന്നൈ ആകാശവാണിയിൽ ജോയിൻ ചെയ്തു. അത്തരം ഒരു മേജർ സ്റ്റേഷനിൽ ജോലി ചെയ്യുന്നതും ഒരനുഭവമാണ്. പലരിൽ ഒരാൾ മാത്രം. A E മാർ ഏഴുപേരുണ്ട്. ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങൾ വേർതിരിച്ച് നൽകിയിട്ടുള്ളതിനാൽ, സമ്മർദ്ദം കുറവാണ്. Eng staff ൻ്റെ ഡ്യൂട്ടി arrangement ആയിരുന്നു ആദ്യം കിട്ടിയ പണി. പത്തറുപതു പേരുടെ ഡ്യൂട്ടി arrange ചെയ്യണം. Engg Asst അധികവും സ്ത്രീകളാണ്. അവരുടെ സൗകര്യത്തിനുള്ള ഡ്യൂട്ടികൾ അറേഞ്ച് ചെയ്തു കൊടുത്താൽ അവർ പൊതുവെ തൃപ്തരാവും. സഹകരണമനോഭാവമുള്ളവരായിരുന്നു അവരെല്ലാം. ചെന്നൈ ജീവിതം എനിക്കിഷ്ടമായി. മാസത്തിലൊരിക്കൽ വീട്ടിൽ വരാറുണ്ട്. VVIP visit  വരുമ്പോഴും നവമ്പർ - ഡിസംബർ മാസങ്ങളിലെ music festival സമയത്തും മാത്രമെ അല്പമെങ്കിലും സമ്മർദ്ദം അനുഭവപ്പെട്ടിരുന്നുള്ളു. ചെന്നെയിൽ നാലു വർഷം പെട്ടെന്ന് പോയി. അവസാനത്തെ ഒരുവർഷത്തോളം store ൻ്റെ charge ആയിരുന്നു. അവിടെ Purchase ൽ നടമാടിയിരുന്ന അഴിമതിക്ക് ഞാൻ കടിഞ്ഞാണിട്ടു. ഒരു LDC യായിരുന്നു പിന്നിൽ. അയാളെ section മാറ്റിച്ചു. 2004 ഒക്ടോബറിൽ തൃശൂരിലേക്ക് വീണ്ടും ട്രാൻസ്ഫർ കിട്ടി. റിട്ടയർ ചെയ്യാൻ രണ്ടുവർഷംകൂടിയേ ബാക്കിയുള്ളൂ എന്നതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അത്.

     ചെന്നൈയിൽ നിന്ന് പോരുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ്  രണ്ടാഴ്ചത്തേക്ക് AIR Bhadravathi യിലേക്ക് പോകേണ്ടിവന്നു. അന്നവിടെ Eng section നിൽ ഗസറ്റഡ് ഓഫീസർ ആയി ആരും ഇല്ലായിരുന്നു. ഈ കുറവ് നികത്താൻ, CE Office ൽ നിന്നുള്ള ASE/AE മാരെ ഹ്രസ്വ കാലത്തേക്ക് (few weeks ) tourൽ അയച്ച് പ്രശ്നം പരിഹരിച്ച് വരികയായിരുന്നു. ഒരു അവസരത്തിൽ, CE  office ൽ നിന്ന് ആരും പോകാൻ ഉണ്ടായില്ല.അതുകൊണ്ട്   എന്നെ നിയോഗിച്ചു. വീട്ടിൽ നിന്ന് അകന്നു കഴിയുന്ന എനിക്ക് ഒരു change ആയി എന്നു മാത്രം.

           ബാംഗ്ളൂർ പൂന റൂട്ടിൽ ബിരൂരിലിറങ്ങി ഭദ്രാവതിയിലേക്ക് പാസഞ്ചർ ട്രെയിനിലോ ബസ്സിലോ പോകാം. ബാംഗ്ളൂരിൽ നിന്ന് ഷിമോഗ വരെ നേരിട്ടു പോകുന്ന ട്രെയിൻ ഉണ്ടെങ്കിൽ അതിൽ കയറി, ഭദ്രാവതിയിലിറങ്ങാം. എന്നാൽ ബിരുരിലിറങ്ങി ബസ്സിൽ പോകാനായിരുന്നു എൻ്റെ തീരുമാനം. ബിരൂരിൽ നിന്ന് രണ്ടു മണിക്കൂർ യാത്രയേ ഉള്ളു. ഭദ്രാവതിയിലേക്ക്.

           തുംഗഭദ്രാ നദിക്കരയിലുള്ള ഒരു ചെറിയ പട്ടണമാണത്. ജനബാഹുല്യമില്ല. വാഹനങ്ങൾ നന്നെ കുറവ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവും അടുത്തുള്ള പേപ്പർ മില്ലിൽ നിന്നുള്ള മലിനീകരണവും ആയിരിക്കണം, മദ്ധ്യവയസ്കരുടെ, അവിടേക്കുള്ള regular posting നോടുള്ള താല്പര്യക്കുറവിൻ്റെ കാരണം എന്നു ഞാൻ ഊഹിക്കുന്നു. ദിവസവും AIR Station നിൽ പോയാൽ ഏതാനും ഒപ്പുകളിടേണ്ട ജോലിമാത്രമെ ഉളളു. അവിടത്തെ staff സ്വയം പര്യാപ്തരായിക്കഴിഞ്ഞിരുന്നു.

           നദിക്ക് തെക്കു ഭാഗത്താണ് പട്ടണവും റെയിൽവേ സ്റ്റേഷനും ഏതാനും ചെറിയ ഹോട്ടലുകളും. Chappel എന്നോ മറ്റോ പേരുളള ഒരു Veg hotel മാത്രം തല ഉയർത്തി നിന്നിരുന്നു. അവിടെ ആയിരുന്നു താമസം. രണ്ട് കിലോ മീറ്റർ അകലത്തിൽ രണ്ട് പാലങ്ങളുണ്ട്. മറു കരയിൽ ഗ്രാമാന്തരീക്ഷമാണ്. ഒരു ദിവസം നടന്ന്, ദൂരെയുള്ള പാലത്തിലൂടെ മറുകരയിൽ പോയി അവടെ ചുറ്റിയടിച്ചതിനു ശേഷം മറ്റേ പാലത്തിലൂടെ തീരികെ വന്നു. അത്രയേയുള്ള പട്ടണം. സ്റ്റേഷനിൽ സാമാന്യം ഭേദപ്പെട്ട ഒരു കേൻറീൻ ഉണ്ട്. ചായകുടിക്കാൻ ചെന്നപ്പോൾ ഒട്ടിച്ച sun mica എല്ലാം പോട്ടിപ്പൊളിഞ്ഞ  ഒരു ഡൈനിങ്ങ് ടേബിൾ കണ്ടു. Staff welfare ൻ്റെ  കാര്യത്തിൽ ആർക്കും ശ്രദ്ധയില്ലെന്ന് മനസ്സിലായി. 500 രൂപയിൽ കുറവുള്ള ഒരു sun mica sheet വാങ്ങിക്കാൻ SK (അവർ സ്ത്രീ ആയിരുന്നു) യെ പ്രേരിപ്പിച്ചതാണ് എനിക്ക് അവിടെ  ചെയ്യാൻ പറ്റിയ ഒരേ ഒരു നല്ലകാര്യം എന്ന് ഞാൻ കരുതുന്നു. അവർ അത് വാങ്ങിച്ചുവെങ്കിലും table ളിൽ ഒട്ടിച്ചുകാണാൻ എനിക്ക് കഴിഞ്ഞില്ല.

          ഒരു വെള്ളിയാഴ്ചയാണ് ദൗത്യം തീർന്നത്. മടക്കയാത്ര മംഗലാപുരം വഴി ആക്കി. ചെന്നെയിൽ തിങ്കളാഴ്ചയെ എത്തേണ്ടു. ഒന്നരദിവസം വട്ടിൽ തങ്ങാം. ഷിമോഗ വരെ ട്രെയിനിൽ പോയി. അവിടെ നിന്ന് ബസ്സിൽ മംഗലാപുരം വരെ ടിക്കറ്റ് തന്നുവെങ്കിലും ഉടുപ്പിയിൽ നിന്ന് വേറെ ബസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ ചുരം കഴിഞ്ഞ് സമതലത്തിലെത്തി വൈകുന്നരമാവുമ്പോഴേക്കും മണിപ്പാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടു തുടങ്ങി. ഉടുപ്പിയിലെത്തിയപ്പോൾ വേറെ ബസ്സ് കയറ്റിവിട്ടു. അതാണ്പ തിവ് എന്നു തോന്നുന്നു. മംഗലാപുരത്തുനിന്ന് രത്രി പത്തുമണിക്കുള്ള train നിലായിരുന്നു ഷൊർണൂരേക്കുള്ള  reservation ചെയ്തിരുന്നത്. അങ്ങനെ ജോലിചെയ്തിട്ടുള്ള കേന്ദ്രങ്ങളുടെ കൂട്ടത്തിൽ ഭദ്രാവതിയും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല.

ചെന്നൈയിൽ നിന്ന്  മാസത്തിലൊരിക്കലോ നാലു ദിവസം തുടർച്ചയായി അവധി വരുമ്പോഴോ മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ. ചെന്നൈയിലുണ്ടാവുന്ന അവധി ദിവസങ്ങളിലാണ് കറങ്ങാൻ പോകാറ്. ചില അവധി ദിവസങ്ങളിൽ ഡ്യൂട്ടിയും, ഉണ്ടാകാറുണ്ട്. വെറും ഒരു സാനിദ്ധ്യം മതി അവിടെ അപ്പോഴെല്ലാം ഉച്ചഭക്ഷണത്തിന് ''ട്രിപ്ലിക്കെയി'' നിലേക്കാണ് പോകാറ്. മൂന്നു നാലു കിലോമീറ്ററുകൾ ഉണ്ട്. അതിനാൽ ബസ്സിൽ പോകണം.  അവിടെ ചെറുതും വലുതുമായ ധാരാളം ഹോട്ടലുകളുണ്ട്. അതിൽ ഹോട്ടൽ സംഗീത, രത്ന കഫേ എന്നിവ പ്രസിദ്ധമാണ്. ഞാൻ മാറി മാറി പരീക്ഷിക്കും. എല്ലായിടത്തും നല്ല ഭക്ഷണം തന്നെയാണ്. വെജിറ്റേറിയൻ ഭക്ഷണത്തിന് തമിഴ് നാടിനെ കഴിച്ചേ ഉള്ളൂ നമ്മുടെ നാട്. നോൺ വെജ് ഞാൻ ഹോട്ടലിൽ നിന്ന് കഴിക്കാറുമില്ല. ആകാശവാണി കാൻ്റീനിലെ ഭക്ഷണവും നല്ലതാണ്. അവധി ദിനങ്ങൾ അവർക്കും ബാധകമാണ്. അവധി ദിവസങ്ങളിലെ ഡ്യൂട്ടി ഞാൻ enjoy ചെയ്യാറാണ് പതിവ്. സഹ പ്രവർത്തകരായ സത്രീകളെ ഒഴിവാക്കി  ഡ്യൂട്ടി  ഞാൻ  ചെയ്യും. എനിക്കതിന് പകരം അവധി എടുത്ത് നാട്ടിൽ പോകുമ്പോൾ പ്രയോജനപ്പെടുത്താം.

ഡ്യൂട്ടി ഇല്ലാത്ത അവധി ദിവസങ്ങളിലാണ്  ടി നഗറിലും മറ്റും പോകാറ്. ചെന്നൈ സിൽക്സ്, പോത്തീസ്, മുരുകൻസ്, ശരവണ സ്റ്റോർ, രാമചന്ദ്രൻസ് എന്നീ കടകളിൽ ഏതിൽ കയറിയാലും സമയം പോകുന്നതറിയില്ല. നല്ല മാനസ്സികോല്ലാസവും ലഭിച്ചിരുന്നു. എനിക്ക് താമസിക്കാൻ ഇടം തന്ന PA to CE ശ്രീ ശശിധരനെ ചെന്നൈയിൽ വെച്ച് ശ്രീമതി സുധയാണ് എന്നെ പരിചയപ്പെടുത്തിയത്. താമസിക്കാൻ പറ്റിയ നല്ല സ്ഥലമാണ് അടയാറിനടുത്തുള്ള ആനിബസൻ്റ് നഗർ. Posh area ആണത്. അവിടെ ആയിരുന്നു ശശിയുടെ CPWD quarters. ബസ് ഡിപ്പോ അടുത്തുണ്ട്, റെയിൽവേ  റിസർവേഷൻ സെൻ്ററും ഉണ്ട്. കൂടതെ നല്ലൊരു ബീച്ചും. എല്ലാറ്റിനുമുപരി, 24 മണിക്കൂർ ശുദ്ധജലവും. അതുകൊണ്ടൊക്കെ തന്നെ, 56 -ാം വയസ്സിലെ ബാച്ചിലർ ജീവിതം എനിക്ക് പ്രയാസങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. ഞങ്ങൾ രണ്ടു പേരും പാചകം ചെയ്യുന്നകാര്യത്തിൽ മോശമായിരുന്നില്ല. അവധി ദിവസങ്ങളിൽ ശശി വെക്കുന്ന തെക്കൻ മീൻകറി ഒരനുഭവമായിരുന്നു എനിക്ക്. അതിൽ തക്കാളി ചേർത്ത്  പരിഷ്കരിച്ചപ്പോൾ ശശിക്കും ഇഷ്ടമായി.

         2004 ഒക്ടോബറിലാണ്  തൃശൂരേക്ക് വീണ്ടും ട്രാൻസ്ഫർ വരുന്നത്. തൊട്ടടുത്ത ദിവസം തന്നെ ടിക്കറ്റ് ലഭിച്ചതിനാൽ റിലീവ് വാങ്ങിപ്പോന്നു.

         തൃശൂരിലേക്കുള്ള രണ്ടാം വരവിൽ ട്രാൻസ്മിറ്ററിലായിരുന്നു ഡ്യൂട്ടി. എനിക്കതായിരുന്നു സൗകര്യവും. വൈകീട്ട് 3.45ന് വീട്ടിൽ നിന്ന് പോന്നാൽ പിറ്റെ ദിവസം ഉച്ചക്ക് മുൻപായി തിരിച്ച്, വീട്ടിലെത്താം. രണ്ടു ദിവസത്തെ ഡ്യൂട്ടിയും കഴിഞ്ഞു. ശ്രീമതി ലീലാവതി SE ആയി വന്നതിനുശേഷം  DDO  ആയി declare ചെയ്ത്  എന്നെ ഓഫീസിലേക്ക് വലിച്ചു. റിട്ടയർമെൻ്റിൻ്റെ വക്കത്തിരിക്കുന്ന എന്നെ, shift duty ക്കിടുന്നത് ഒഴിവാക്കുകയായിരുന്നു, ലക്ഷ്യം. എനിക്കല്പം ബുദ്ധിമുട്ടാണെങ്കിലും ദൗത്യം സന്തോഷത്തോടെ തന്നെ സ്വീകരിച്ചു. ഒഴിവുള്ള സമയങ്ങളിൽ ലൈബ്രറിയിൽ നിന്ന്  പ്രസിദ്ധ എഴുത്തുകാരുടെ യാത്രാവിവരണങ്ങളും ജീവിത കഥകളും വായിച്ചു തീർക്കാൻ ആ അവസരം ഞാൻ വിനിയോഗിച്ചു. 30,31 അവധി ദിവസങ്ങളായതിനാൽ 29-12-2006 ന് തന്നെ റിട്ടയർ ചെയ്തു. ജനുവരി / ഫെബ്രുവരി മാസത്തിൽ, ലീവ് സാലറി ഒഴിച്ചുള്ള എല്ലാ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളും ലഭിച്ചു എന്നുള്ളത് എടുത്ത്  പറയേണ്ടിയിരിക്കുന്നു.

       എൻ്റെ ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധികൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല.